ന്യൂസ് ഡെസ്ക്, മലയാളം യുകെ
റോയൽ മെയിൽ അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിന് ചുവടു വെയ്ക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള ചുവന്ന പില്ലർ പോസ്റ്റ് ബോക്സുകൾ അപ്രത്യക്ഷമാവും. ഇതിനു പകരം സോളാർ പാനൽ ഘടിപ്പിച്ച പോസ്റ്റ് ബോക്സുകൾ ആണ് റോയൽ മെയിൽ പുതിയതായി സ്ഥാപിക്കുന്നത്. യുകെയിലുടനീളം 3,500 സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ്ബോക്സുകൾ റോയൽ മെയിൽ ഉടൻ സ്ഥാപിക്കും. ഇതോടെ രണ്ട് നൂറ്റാണ്ടുകളായി റോയൽ മെയിലിന്റെ പ്രതിരൂപമായിരുന്ന പഴയ ലെറ്റർ ബോക്സുകൾ പഴങ്കഥയാകും.
മറ്റ് കമ്പനികളിൽ നിന്ന് ശക്തമായ മത്സരമാണ് റോയൽ മെയിൽ നേരിടുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ യഥാസമയം പാഴ്സലുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ പരാജയപ്പെട്ടതിനെ തുടർന്ന് ലക്ഷങ്ങൾ പിഴയായി ചുമത്തപ്പെട്ടിരുന്നു. തുടക്കത്തിൽ ഹെർട്ട്ഫോർഡ്ഷെയറിലും കേംബ്രിഡ്ജ്ഷെയറിലും പുതിയ ബോക്സുകൾ അവതരിപ്പിച്ചത് വിജയകരമായിരുന്നു. ഇതിനു ശേഷം എഡിൻബർഗ്, നോട്ടിംഗ്ഹാം, ഷെഫീൽഡ്, മാഞ്ചസ്റ്റർ തുടങ്ങിയ മറ്റ് നഗരങ്ങളിലേക്ക് അവ വ്യാപിപ്പിക്കും എന്നാണ് അറിയാൻ സാധിച്ചത് . പടിപടിയായി യുകെയിൽ ഉടനീളം പുതിയ ലെറ്റർ ബോക്സുകൾ നിലവിൽ വരും. പരമ്പരാഗത പോസ്റ്റ്ബോക്സ് സ്ലോട്ടിൽ ചേരാത്ത പാഴ്സലുകൾ ഉൾക്കൊള്ളാൻ പര്യാപ്തമായ ഒരു ഡ്രോപ്പ്-ഡൗൺ ഡ്രോയർ തുറക്കുന്ന ഒരു ബാർകോഡ് സ്കാനറും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. റോയൽ മെയിൽ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സേവനം ഉപയോഗിക്കാമെന്നും പാഴ്സൽ പോസ്റ്റു ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കുമെന്നും റോയൽ മെയിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള തപാൽ സേവനങ്ങളിൽ ഒന്നാണ് റോയൽ മെയിൽ. 1516-ൽ ഹെൻറി എട്ടാമൻ രാജാവാണ് അദ്ദേഹത്തിന്റെ കൊട്ടാരത്തിനു വേണ്ടി കത്തുകൾ കൊണ്ടുപോകുന്നതിനായി ഇത് ആരംഭിച്ചത്. 1635-ൽ ചാൾസ് ഒന്നാമൻ രാജാവ് പൊതുജനങ്ങൾക്കായി സേവനം തുറന്നു കൊടുത്തു . 1840-ൽ ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പായ പെന്നി ബ്ലാക്ക് പുറത്തിറക്കിയതോടെയാണ് റോയൽ മെയിലിൽ വലിയ മാറ്റങ്ങൾ ഉണ്ടായത്. കത്തുകൾ പോസ്റ്റ് ചെയ്യുന്നതിനുള്ള ചുവന്ന തൂൺ പെട്ടികൾ 1850-കളിൽ ആണ് തുടങ്ങിയത് .
Leave a Reply