ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുകെയിലെ സുരക്ഷാ ഭീഷണി ഏറ്റവും മോശം അവസ്ഥയിലെന്ന് വിലയിരുത്തല്‍. തെരുവുകളില്‍ പോലീസിനെ സഹായിക്കാന്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. 2007 ജൂലൈക്ക് ശേഷം ആദ്യമായാണ് സുരക്ഷാ പരിധി ക്രിട്ടിക്കല്‍ ആയി പ്രധാനമന്ത്രി ഉയര്‍ത്തുന്നത്. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകലുടെ ഭാഗമായാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചതെന്നാണ് വിശദീകരണം. ചാവേറാക്രമണം നടത്തിയ അബേദിയുടെ പിന്നില്‍ ആരൊക്കെയുണ്ടെന്ന്ത് വ്യക്തമല്ലാത്തതിനാല്‍ ഇനിയും ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും തെരേസ മേയ് വ്യക്തമാക്കി.
കോബ്ര മീറ്റിങ്ങിനു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വലിയൊരു സംഘം ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതയിലേക്കാണ് പ്രാഥമികാന്വേഷണങ്ങള്‍ പറയുന്നതെന്നും അവര്‍ വിശദീകരിച്ചു. പ്രതിരോധ സെക്രട്ടറിയോട് പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് സൈന്യത്തെ നിയോഗിച്ചത്. ടെംപറര്‍ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്റെ ഭാഗമായാണ് ഈ സൈനിക വിന്യാസം. 5000 സൈനികരെ വിന്യസിക്കാനാണ് പദ്ധതി.
മാഞ്ചസ്റ്റര്‍ ആക്രമണം നടത്തിയ സല്‍മാന്‍ റമദാന്‍ അബേദിയുടെ പിന്നില്‍ ആരൊക്കെയുണ്ടെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസും അന്വേഷണ ഏജന്‍സികളും. അമേരിക്കന്‍ മാധ്യമങ്ങള്‍ വിവരങ്ങള്‍ പുറത്തു വിട്ടതിനു ശേഷമാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിച്ചത്. ഇയാള്‍ ഉപയോഗിച്ച സ്‌ഫോടകവസ്തു സ്വയം നിര്‍മിച്ചതാണെന്നാണ് കരുതുന്നത്.
Leave a Reply