ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ചില കമ്പനികൾ എഐ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നതായി മൈക്രോസോഫ്റ്റിന്റെ യുകെ മേധാവി പറഞ്ഞു. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും അവരുടെ പ്രവർത്തനങ്ങളിൽ എഐ സംയോജിപ്പിക്കുന്ന സമീപനത്തോട് പിന്തിരിഞ്ഞ് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ ഇത്തരം കമ്പനികളെ എഐ ഉപയോഗിക്കുന്ന കമ്പനികൾ പിന്നിലാക്കാനുള്ള സാധ്യത ഉണ്ട്. പൊതു, സ്വകാര്യ മേഖലകളിലെ ഏകദേശം 1,500 യുകെ മുതിർന്ന നേതാക്കളിലും 1,440 ജീവനക്കാരിലും ആയി നടത്തിയ മൈക്രോസോഫ്റ്റ് സർവേയിൽ, പകുതിയിലധികം എക്സിക്യൂട്ടീവുകളും തങ്ങളുടെ സ്ഥാപനത്തിന് ഔദ്യോഗിക എഐ പദ്ധതി ഇല്ലെന്ന ആശങ്ക പ്രകടിപ്പിച്ചു.
എഐ ഉപയോഗിക്കുന്ന ജീവനക്കാർക്കും ഉപയോഗിക്കാത്തവർക്കും ഇടയിൽ ജോലി എത്രമാത്രം കാര്യക്ഷമമായി ചെയ്യുന്നതിലെ വിടവ് വർദ്ധിക്കുന്നതായും സർവേയിൽ പറയുന്നു. എഐ ഉപയോക്താക്കൾ മറ്റുള്ളവരേക്കാൾ ക്രമാതീതമായി ഉയർന്ന ഉൽപ്പാദനക്ഷമതയുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ മത്സര ഓട്ടത്തിൽ എഐ ഉപയോഗിക്കാത്തവർ പിന്നിലാകാം. ഇത് ജോലിസ്ഥലത്തെ കാര്യക്ഷമതയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്.
അതേസമയം, ചില സ്ഥാപനങ്ങൾ എഐ ഉപയോഗിച്ചും വേണ്ടത്ര പുരോഗതി കൈവരിക്കുന്നില്ലെന്ന് മൈക്രോസോഫ്റ്റിന്റെ യുകെ ചീഫ് എക്സിക്യൂട്ടീവ് ഡാരൻ ഹാർഡ്മാൻ പറയുന്നു. തങ്ങളുടെ പ്രവർത്തനങ്ങളിൽ എഐ പൂർണ്ണമായി നടപ്പിലാക്കുന്നതിനുപകരം, അവർ പരീക്ഷണ ഘട്ടത്തിൽ തങ്ങി നിൽക്കുകയാണ്. ചാറ്റ് ജിപിറ്റിയുടെ ഏറ്റവും വലിയ സാമ്പത്തിക പിന്തുണക്കാരായ മൈക്രോസോഫ്റ്റ്, മനുഷ്യ ഇടപെടലില്ലാതെ ജോലികൾ ചെയ്യാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ഉപകരണങ്ങൾ വഴി ജോലിസ്ഥലങ്ങളിൽ എഐ യുടെ ഉപയോഗം സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എഐയിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ ഉപയോഗിക്കാൻ ബിസിനസുകളെ അനുവദിക്കുന്ന മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് സ്റ്റുഡിയോ ഇത്തരത്തിലുള്ള ഒരു സാരംഭത്തിൻെറ ഉദാഹരണമാണ്. പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി, ക്ലയന്റുകളുമായി മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും മറ്റും ഈ സാങ്കേതികവിദ്യ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.
Leave a Reply