സ്വന്തം ലേഖകൻ
സോമർസെറ്റ് : ബ്രിട്ടനിൽ ഇന്ന് 77 കോവിഡ് മരണങ്ങൾ. ഇതോടെ ആകെ മരണസംഖ്യ 36,870 ആയി ഉയർന്നു. അന്തിമകണക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്നലത്തേക്കാൾ മരണം ഉയരാനാണ് സാധ്യത. ഇന്നലെ ബ്രിട്ടനിൽ 118 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ന് ഈ സമയം വരെ 77 മരണങ്ങൾ ഉണ്ടായി. എൻ എച്ച് എസ് ഇംഗ്ലണ്ടിൽ 59 മരണങ്ങളും സ്കോട്ട്ലൻഡിൽ മൂന്നും വെയിൽസ് ഏഴും വടക്കൻ അയർലഡിൽ എട്ട് മരണങ്ങളും രേഖപ്പെടുത്തി. കോവിഡ് 19 രോഗികളുടെ പെട്ടെന്നുണ്ടായ വർദ്ധനവിനെ തുടർന്ന് സോമർസെറ്റ് കടൽത്തീര പട്ടണമായ വെസ്റ്റൺ-സൂപ്പർ-മാരെയിലെ എൻഎച്ച്എസ് ആശുപത്രി അടച്ചുപൂട്ടി. പുതിയ രോഗികളെ ആശുപത്രിയിൽ എടുക്കുന്നതും തത്കാലം നിർത്തിവെച്ചു. വെസ്റ്റൺ-സൂപ്പർ-മാരെയിലെ വെസ്റ്റൺ ജനറൽ ആശുപത്രിയിൽ ആക്‌സിഡന്റ് & എമർജൻസിയിൽ ഉൾപ്പെടെ പുതിയ രോഗികളെ എടുക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. എന്തുകൊണ്ടാണ് ആശുപത്രിയിൽ കോവിഡ് -19 കേസുകൾ ഉയർന്നുവരുന്നതെന്ന് ആരോഗ്യ മേധാവികൾക്ക് അറിയില്ല. മെയ് 13 ന് സർക്കാർ രാജ്യവ്യാപകമായി യാത്ര അനുവദിച്ചയുടനെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും മറ്റ് തീരപ്രദേശങ്ങളിലേക്കും യാത്ര ചെയ്തു. ഇതാകാം രോഗം പടർന്നുപിടിക്കാനുള്ള സാധ്യതയെന്ന് കരുതുന്നു. സോമർസെറ്റ് ബീച്ചിലേക്ക് അനേകം ആളുകൾ എത്തുകയുണ്ടായി. മെയ് എട്ടിന് ബീച്ചിൽ നടന്ന വിഇ ദിനാഘോഷങ്ങളിലും നിരവധി ആളുകൾ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ലോക്ക്ഡൗൺ ലംഘനം നടത്തിയതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ആണ് രോഗവ്യാപനത്തിൽ കലാശിച്ചതെന്നും കരുതുന്നു.
ബ്രിട്ടനിൽ ലോക്ക്ഡൗൺ പൂർത്തിയായാലും പ്രമേഹരോഗികൾ വീട്ടിൽ തന്നെ തുടരേണ്ടിവരും. പ്രമേഹരോഗികൾക്ക് കോവിഡ് -19 പിടിപെട്ടാൽ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. രാജ്യത്തെ ആശുപത്രികളിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ച മൂന്നിൽ ഒരാൾക്ക് പ്രമേഹമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഓക്സ്ഫോർഡിലെ നഫീൽഡ് ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിനിലെ പ്രൊഫസർ ഇപ്പോൾ മറ്റ് സർക്കാർ ഉപദേഷ്ടാക്കളുമായി വിപുലമായ ചർച്ചകൾ ആരംഭിച്ചതായി ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. പ്രമേഹരോഗികൾ ദുർബലരായതിനാൽ ഇവർക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അനവധി ഗവേഷണങ്ങൾ നടത്തിയതിന്റെ വെളിച്ചത്തിൽ പ്രമേഹരോഗികൾക്ക് കൂടുതൽ സംരക്ഷണം ആവശ്യമുണ്ടോ എന്നും ശാസ്ത്രജ്ഞർ ചർച്ച ചെയ്യുന്നു.
ഓട്ടോ ഇമ്മ്യൂൺ ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് മറ്റുള്ളവരെക്കാൾ രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്. കോവിഡ് രോഗികളിൽ അമിതവണ്ണവും രോഗം രൂക്ഷമാകുന്നതിനുള്ള ഒരു പ്രധാന ഘടകമാണെന്ന് കണ്ടെത്തി. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) വർദ്ധിക്കുന്നതിനനുസരിച്ച് രോഗം രൂക്ഷമാകാനുള്ള സാധ്യതയും വർദ്ധിക്കുന്നതായി ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. യുകെയിൽ ഏകദേശം നാല് ദശലക്ഷത്തോളം പ്രമേഹരോഗികളുണ്ട്. കോവിഡ് -19 ൽ നിന്ന് വളരെ ദുർബലരായ ആളുകളെ സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം വിദഗ്ദ്ധരായ ഡോക്ടർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നു ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് വക്താവ് പറഞ്ഞു.
Leave a Reply