കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ മോഷണം കേസില്‍ പ്രതി പിടിയില്‍. വികാരിയുടെ മകന്‍ ഷൈനോ നൈനാനെയാണ്(35) പോലീസ് പിടികൂടിയത്. പാമ്പാടി പോലീസാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് പാമ്പാടി പോലീസ് വ്യാഴാഴ്ച ഉച്ചയോടെ രേഖപ്പെടുത്തി. തുടര്‍ന്ന് സ്വര്‍ണം ഒളിപ്പിച്ചുവെച്ച കടയില്‍ എത്തി തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍ വ്യക്തമാക്കി.

പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷൈനോ കുറ്റം സമ്മതിച്ചത്. 50 പവന്‍ സ്വര്‍ണ്ണമാണ് ഷൈനോ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. കടം വീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ഷൈനോ സമ്മതിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിവിദഗ്ധമായ രീതിയിലാണ് ഷൈനോ മോഷണം നടത്തിയത്. മോഷണം നടക്കുന്ന സമയത്ത് മൊബൈല്‍ ഒരു മണിക്കൂറോളം ഷൈന്‍ ഫ്ളൈറ്റ് മോഡില്‍ ഇട്ടിരുന്നു. ഇതിനൊപ്പം മുളക് പൊടി വിതറി വീട് അലങ്കോലമാക്കുകയും അലമാര തുറന്നിടുകയും അടുക്കള വാതില്‍ പൊളിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ഷൈന്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് തന്നെ മോഷണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ബാക്കിയുള്ള സ്വര്‍ണം ഉള്‍പ്പെടെ പ്രതിയില്‍ നിന്നും കണ്ടെടുത്തു.

അന്വേഷണവുമായി പോലീസ് മുന്നോട്ടു പോയപ്പോള്‍ പിടിയിലാകും എന്ന് ഉറപ്പിച്ച പ്രതി ഇതോടെ വൈദികനായ പിതാവ് ജേക്കബ് നൈനാനോട് കുറ്റസമ്മതം നടത്തി. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.