ജോസഫ് സിനിമ മോഡൽ കൊലപാതകമായിരുന്നു തന്റെ മകന്റേതെന്ന് ആരോപിച്ച് പിതാവ് രംഗത്ത്. പരുമ്പടപ്പ് ബ്‌ളോക്ക് ഓഫീസിനു സമീപം 2016 നവംബര്‍ 19ന് രാത്രി 11.30 ന് സ്‌കൂട്ടര്‍ അപകടത്തിൽ മരിച്ച നജീബുദ്ദീന്റെ മരണമാണ് കൊലപാതകമെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിരിക്കുന്നത്.അവിയൂര്‍ മൂത്തേടത്ത് ഉസ്മാനാണ് മകന്‍ നജീബുദ്ദീന്റെ മരണം ‘ജോസഫ്’ സിനിമ മോഡലില്‍ നടത്തിയ കൊലപാതകമാണെന്നു ആരോപിച്ച് മുഖ്യമന്ത്രി, പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുതി കാലില്‍ ഇടിച്ചാണ് അപകടം എന്നാണ് പോലീസ് റിപ്പോര്‍ട്ട്. നജീബുദ്ദീന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പൊരുത്തക്കേട് തോന്നി കഴിഞ്ഞ രണ്ട് വര്‍ഷമായി ഉസ്മാന്‍ നടത്തിയ അന്വേഷണത്തില്‍ ശേഖരിച്ച രേഖകളും ചിത്രങ്ങളും കൊലപാതകത്തിന്റെ സൂചനകളാണെന്നു കാട്ടിയാണ് ഉസ്മാന്‍ പരാതി നല്‍കിയിരിക്കുന്നത്.
പാലപ്പെട്ടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നജീബുദ്ദീന്‍(16),കൂട്ടുകാരന്‍ വന്നേരി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വന്നേരി കോരുവളപ്പില്‍ ഹനീഫയുടെ മകന്‍ വാഹിദ് എന്നിവരായിരുന്നു മരിച്ചത്.അപകടത്തെ തുടര്‍ന്ന് വാഹിദ് സംഭവസ്ഥലത്തും നജീബുദ്ദീന്‍ മൂന്നാം ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. വന്നേരി സ്‌കൂള്‍ മൈതാനത്ത് നടന്നിരുന്ന അണ്ടര്‍ 18 ഫ്‌ളഡ്‌ലിറ്റ് ഫുഡ്‌ബോള്‍ മേള കാണാനാണ് ഇരുവരും പോയത്.പിന്‍ സീറ്റിലിരുന്ന നജീബുദ്ദീന് കാര്യമായ പരിക്കില്ലെന്നും രണ്ട് ദിവസത്തിനകം സാധാരണഗതിയിലാവുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെങ്കിലും മരണദിവസം അര്‍ധരാത്രി വേറെ രണ്ട് ഡോക്ടര്‍മാര്‍ എത്തിയെന്നും ഒന്നരമണിക്കൂറിനകം കുട്ടി മരിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്നും ഉസ്മാന്‍ പറയുന്നു.
അപകടസമയത്ത് ശരീരത്തിലില്ലാത്ത മുറിവുകള്‍ പിന്നീട് ശരീരത്തില്‍ കണ്ടതായി നജീബുദ്ദീന്റെ പോസ്റ്റ്‌മോര്‍ട്ട സമയത്തെടുത്ത ഫോട്ടോകളില്‍ വ്യക്തമായിരുന്നെന്നും കഴുത്ത്,വയറിന്റെ ഇടതു,വലതു വശങ്ങള്‍ ഉള്‍പ്പെടെ എട്ടിടത്ത് ശസ്ത്രക്രിയ ചെയ്തതായി കാണുന്നുണ്ടെന്നും ഉസ്മാന്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ കാണിക്കുന്നില്ല. അപകടസ്ഥലത്തുനിന്ന് ആരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചതെന്നും തെളിവുകള്‍ ഇല്ല.
അപകട ദിവസം സ്വകാര്യ ആവശ്യത്തിനായി തിരുവനന്തപുരത്തുപോയ തന്റെ പേരില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നും പിതാവ് ആരോപിച്ചു. നജീബുദ്ദീന്റെ ഇരുകൈകളിലും കഴുത്തിലും കെട്ട് മുറുക്കിയ തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടായിരുന്നതായും പറയുന്നു. മറ്റെവിടെയോ വെച്ച് അപകടം നടത്തി വന്നേരി സ്റ്റേഷനു സമീപം അപകടം നടന്നതായി നാടകം കളിക്കുകയായിരുന്നെന്നും ഉസ്മാന്‍ പറയുന്നു. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ ഉടനെ കഴുകിയതായും ആരോപണമുണ്ട്.
Leave a Reply