മുളയത്ത് അച്ഛനെ മകന്‍ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മകനെ പിടികൂടി. കൂട്ടാല സ്വദേശി സുന്ദരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ സുമേഷിനെ പുത്തൂരില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പോലീസ് അറിയിക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കൊലപാതകം നടന്നതായുള്ള വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടിലുള്ള സുന്ദരന്റെ ഇളയമകന്‍ ഉള്‍പ്പെടെ ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. സുന്ദരന്റെ ഭാര്യ ഉള്‍പ്പെടെ വീട്ടിലില്ലാത്ത തക്കം നോക്കിയാണ് സുമേഷ് ഇവിടെ എത്തിയിരുന്നത്. ഇവര്‍ ജോലി കഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തിയപ്പോള്‍ അച്ഛനെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത പറമ്പില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സുന്ദരന്റെ മൃതദേഹം കണ്ടെത്തിയത്.
സുന്ദരന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച മണ്ണുത്തി പോലീസ് തിരച്ചിലിനൊടുവില്‍ സുമേഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ഇടയ്ക്കിടെ അച്ഛനുമായി വഴക്കിടാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച അച്ഛന്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് സുമേഷ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുന്നത് കണ്ട ദൃക്‌സാക്ഷികളുണ്ട്.
Leave a Reply