വടക്കന്‍ പറവൂര്‍ കെടാമംഗലത്ത് അമ്മയെ കൊലപ്പെടുത്തിയത് മകന്‍ തന്നെയെന്ന് തെളിഞ്ഞു. കെടാംമംഗലം സ്വദേശി കാഞ്ചനവല്ലിയുടെ മൃതദേഹമാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. മദ്യലഹരിയില്‍ അമ്മയുമായുണ്ടായ തര്‍ക്കത്തിനിടെ കൊലപാതകം നടന്നെന്നാണ് മൊഴി.

കെടാമംഗലം സ്വദേശിനി കുറുപ്പശേരിയില്‍ കാഞ്ചനവല്ലിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കാഞ്ചനവല്ലിയെ മൂന്നുദിവസങ്ങളായി കാണാനില്ലായിരുന്നു. അയല്‍വാസികളും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ശരീരത്തിന്‍റെ ചിലഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു. കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ കുഴിച്ചിട്ടതാണെന്ന് ഇന്‍ക്വിസ്റ്റ് നടപടിയില്‍ തന്നെ ബോധ്യപ്പെട്ടതോടെയാണ് മകനെ പൊലീസ് പിടികൂടിയത്.

വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്മയും മകനും തമ്മില്‍ അന്നേ ദിവസം വഴക്കുണ്ടായത് കേട്ടതായി അയല്‍വാസികള്‍ മൊഴി നല്‍കി. ഭാര്യയും മക്കളുമായി അകന്നുകഴിയുന്ന സുരേഷ് പലയിടങ്ങളിലായാണ് താമസിക്കുന്നത്. തനിച്ച് താമസിക്കുന്ന കാഞ്ചനവല്ലിയുടെ വീട്ടില്‍ സുരേഷ് ഇടയ്ക്ക് എത്താറുണ്ട്. ലഹരിക്ക് അടിമയായ സുരേഷ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. സംഭവദിവസം വീട്ടിലെത്തിയ സുരേഷ് മദ്യലഹരിയില്‍ അമ്മയുമായി വഴക്കുണ്ടാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രകോപിതനായ സുരേഷ് കാഞ്ചനവല്ലിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാഞ്ചനവല്ല കൊല്ലപ്പെട്ടു എന്ന് ഉറപ്പിച്ചതോടെ രാത്രി തന്നെ സുരേഷ് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് മൃതദേഹം മറവുചെയ്യുകയായിരുന്നു. അമ്മയെ കാണാതായി അന്വേഷണം നടക്കുമ്പോഴും ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കൊലപാതകം നടന്ന കാഞ്ചനവല്ലിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.