സ്ത്രീയെ മോശമായി ചിത്രീകരിച്ച് വീഡിയോ തയ്യാറാക്കി സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ യു ട്യൂബ് ചാനൽ അവതാരകനെതിരേ പോലീസ് കേസ്. യു ട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച സൂരജ് പാലാക്കാരൻ എന്ന പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കൽ വീട്ടിൽ സൂരജ് വി സുകുമാറിനെതിരെയാണ് എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടിപി നന്ദകുമാറിന്(ക്രൈം നന്ദകുമാർ) എതിരെ നേരത്തെ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിലാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടിൽ എത്തിയ പോലീസിന് ഇയാളെ കണ്ടെത്താനായില്ല.
ഇയാൾ ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാനായില്ലെലന്ന് പോലീസ് പറഞ്ഞു. ടിപി നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിച്ചാണ് സൂരജ് കുറ്റകൃത്യം നടത്തിയത്.
ഇതേ തുടർന്നാണ് യുവതി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എസിപി പി രാജ്കുമാർ വ്യക്തമാക്കി.
Leave a Reply