കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ വുഡ്‌ലാൻഡ്സ് ആശുപത്രിയിലാണ് ഗാംഗുലി ചികിത്സയിലുള്ളത്. വാർത്താ ഏജൻസികളായ പിടിഐയും എഎൻഐയുമാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. താരത്തിന് ഹൃദയാഘാതം സംഭവിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തു. ഗാംഗുലിയെ നില തൃപ്തികരമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

നാൽപ്പത്തെട്ടുകാരനായ ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കേണ്ടി വരുമെന്നാണ് വിവരം. ശനിയാഴ്ച രാവിലെ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനു തൊട്ടുപിന്നാലെ ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ എഎൻഐയോടു വെളിപ്പെടുത്തി. ആൻജിയോപ്ലാസ്റ്റി വേണ്ടിവരുമെന്ന കാര്യവും ഇവർ തന്നെയാണ് വെളിപ്പെടുത്തിയത്. രാവിലെ പതിവ് വ്യായാമത്തിനിടെയാണ് താരത്തിന് നെ‍‍‍ഞ്ചുവേദന അനുഭവപ്പെട്ടത്.

ഗാംഗുലിയുടെ ചികിത്സയിക്കായി ആശുപത്രി അധികൃതർ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിശദ പരിശോധനകൾക്കായി എസ്എസ്കെഎം ആശുപത്രിയിൽനിന്ന് ഹൃദ്രോഗ വിദഗ്ധന്റെ സഹായവും തേടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ഹൃദയാഘാതത്തെ തുടർന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത വേദനാജനകമാണ്. എത്രയും വേഗം അദ്ദേഹം പൂർണമായും സുഖപ്പെടട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും എന്റെ പ്രാർഥനകള്‍ അറിയിക്കുന്നു’ – മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തു.

‘സൗരവ് ഗാംഗുലി എത്രയും വേഗം സുഖപ്പെടട്ടെ എന്ന് പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ദാദയുടെ നില തൃപ്തികരമാണെന്നാണ് അറിയിച്ചത്. മരുന്നുകളോട് അദ്ദേഹം തൃപ്തികരമായ വിധത്തിൽ പ്രതികരിക്കുന്നുണ്ട്’ – ജയ് ഷാ ട്വീറ്റ് ചെയ്തു.

ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ടൂർണമെന്റിന്റെ വേദികളിലൊന്നായ കൊൽക്കത്ത ഈഡൻ ഗാർഡൻസിലെത്തിയാണ് ഗാംഗുലി ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയത്.