ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : വർദ്ധിച്ചു വരുന്ന രോഗവ്യാപനത്തോടൊപ്പം മരണനിരക്കും ഉയരുകയാണ്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സൗത്ത് ഏഷ്യൻ രോഗികൾക്ക് മറ്റുള്ളവരെക്കാൾ മരണസാധ്യത കൂടുതലാണെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. 1,800 ആശുപത്രി രോഗികളിൽ നടത്തിയ പഠനത്തിൽ, കറുത്തവർഗ്ഗക്കാർ കോവിഡ് -19 പിടിപെട്ട് ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണെന്നും അതേസമയം സൗത്ത് ഏഷ്യൻ ജനങ്ങളിൽ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തി. വ്യത്യസ്ത വംശീയ വിഭാഗങ്ങളെ വ്യത്യസ്തമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. സൗത്ത് ഈസ്റ്റ്‌ ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആണ് പഠനം നടന്നത്. മാർച്ച് മുതൽ ജൂൺ വരെ കോവിഡ് -19 സ്ഥിരീകരിച്ച 1,827 മുതിർന്നവരിൽ 872 പേർ നഗരവാസികളാണ്. ഇവരിൽ 48% കറുത്തവരും 33% വെള്ളക്കാരും 12% സമ്മിശ്ര വംശജരും 5.6% ഏഷ്യൻ വംശജരും ഉൾപ്പെടുന്നു. ഭൂരിഭാഗവും സൗത്ത് ഏഷ്യയിൽ നിന്നുള്ളവരാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരേ പ്രദേശത്ത് താമസിക്കുന്ന ബ്രിട്ടീഷുകാരുമായി താരതമ്യപ്പെടുത്തുമ്പോൾ കറുത്ത, സമ്മിശ്ര വംശീയ രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇതിനു വിപരീതമായി, സൗത്ത് ഏഷ്യൻ രോഗികൾ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത ബ്രിട്ടീഷുകാരേക്കാൾ കൂടുതലായിരുന്നില്ല. പക്ഷേ അവർക്ക് മരണസാധ്യത ഉയർന്നിരിക്കുന്നു. അതുപോലെ തന്നെ സൗത്ത് ഏഷ്യൻ രോഗികൾക്ക് തീവ്രപരിചരണം ആവശ്യമായി വരാനും സാധ്യതയുണ്ട്. കണ്ടെത്തലുകൾ ശ്രദ്ധേയമാണെന്ന് കിംഗ്സ് കോളേജ് ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് പ്രൊഫ. അജയ് ഷാ പറഞ്ഞു. വ്യത്യസ്ത വംശീയ വിഭാഗങ്ങൾക്കായി വ്യത്യസ്ത ചികിത്സാ തന്ത്രങ്ങൾ ആവശ്യമായി വന്നേക്കാം.

കറുത്ത, ന്യൂനപക്ഷ വംശജരായ ആളുകൾക്ക് കോവിഡ് -19 കൂടുതൽ ഗുരുതരമായി ബാധിക്കുന്നു എന്നതിന് ഇപ്പോൾ തെളിവുകൾ ഉണ്ടെന്ന് പഠനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു. ബ്ലാക്ക്, ഏഷ്യൻ, ന്യൂനപക്ഷ വംശീയ (BAME)പശ്ചാത്തലത്തിലുള്ള ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഇത് കൂടുതൽ അപകടത്തിലാക്കുമെന്നും ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ. സോന്യ ബാബു-നാരായണൻ മുന്നറിയിപ്പ് നൽകി. യുകെയിൽ കോവിഡ് -19 കേസുകൾ വീണ്ടും ഉയരുമ്പോൾ, ഈ അസമത്വങ്ങൾ അടിയന്തിരമായി പരിഹരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.