ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ കെന്റ്, സസ്സെക്സ് പ്രദേശങ്ങളിൽ ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിച്ച ജലവിതരണ തടസ്സങ്ങളെ തുടർന്ന് സൗത്ത് ഈസ്റ്റ് വാട്ടർ കമ്പനിക്ക് £22 മില്യൺ പിഴ ചുമത്താൻ നിയന്ത്രണ ഏജൻസിയായ ഓഫ്വാട്ട് നിർദ്ദേശിച്ചു. 2020 മുതൽ 2023 വരെ ഉണ്ടായ നിരവധി വിതരണ പ്രശ്നങ്ങളാണ് നടപടി സ്വീകരിക്കാൻ കാരണം. ഈ കാലയളവിൽ ഏകദേശം 2.86 ലക്ഷം ആളുകൾക്ക് കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകൾ നേരിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അന്വേഷണത്തിൽ കമ്പനി ആവശ്യമായ മുൻകരുതൽ പദ്ധതികൾ തയ്യാറാക്കാത്തതും പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനം പൂർണമായി നടത്തിയില്ലെന്നും കണ്ടെത്തിയതായി ഓഫ്വാട്ട് അറിയിച്ചു. ഉയർന്ന തോതിൽ ആവശ്യം വർധിക്കുകയും കാലാവസ്ഥ അനുകൂലമല്ലാതാകുകയും ചെയ്ത സാഹചര്യങ്ങളിൽ സംവിധാനം തകരാറിലാകാൻ ഇതാണ് പ്രധാന കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത് . പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കമ്പനി പ്രതികരിച്ചത് മന്ദഗതിയിലും തെറ്റായ രീതിയിലുമായിരുന്നു എന്നും, കുടിവെള്ള ബോട്ടിലുകളും ടാങ്കറുകളും ആവശ്യത്തിന് ലഭ്യമാക്കാത്തതായും റിപ്പോർട്ട് പറയുന്നു.

ഇതിനിടെ കഴിഞ്ഞ വർഷം നവംബർ മുതൽ ജനുവരി വരെ ഉണ്ടായ പുതിയ വിതരണ പ്രശ്നങ്ങൾക്കും കമ്പനി വീണ്ടും അന്വേഷണ വിധേയമാകുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ചില പ്രദേശങ്ങളിൽ 16,000 വീടുകൾക്ക് ഒരു ആഴ്ചയോളം വെള്ളം ലഭിക്കാതെ പോയതും, ജനുവരിയിൽ ഏകദേശം 30,000 വീടുകൾക്ക് പ്രശ്നങ്ങൾ ഉണ്ടായതും റിപ്പോർട്ടിലുണ്ട്.











Leave a Reply