ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിവിധ ട്രെയിൻ സർവീസുകൾ ദേശസാത്ക്കരിക്കാനുള്ള നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സൗത്ത് വെസ്റ്റേൺ റെയിൽവെ ആയിരിക്കും ആദ്യമായി ദേശസാത്കരിക്കപ്പെടുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള സർക്കാർ തല പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാവും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലണ്ടൻ വാട്ടർ ലൂവിൽ നിന്ന് പ്രവർത്തിക്കുന്ന യുകെയിലെ ഏറ്റവും വലിയ യാത്രാ സേവനങ്ങളിലൊന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവെ . ഫസ്റ്റ് ഗ്രൂപ്പും ഹോങ്കോംഗ് റെയിൽ ഓപ്പറേറ്ററായ എംടിആറും തമ്മിലുള്ള സംയുക്ത സംരംഭമായാണ് സൗത്ത് വെസ്റ്റേൺ റെയിൽവെ പ്രവർത്തിക്കുന്നത്.

പുതിയ ഗതാഗത സെക്രട്ടറി ഹെയ്‌ഡി അലക്‌സാണ്ടറിൻ്റെ കീഴിലുള്ള പുനർദേശീയവൽക്കരണത്തിന് കഴിഞ്ഞയാഴ്ച രാജിവച്ച മുൻഗാമിയായ ലൂയിസ് ഹെയ്‌ഗ് വിഭാവനം ചെയ്തതിനേക്കാൾ കൂടുതൽ ജാഗ്രതയോടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മെയ് മാസത്തിൽ കരാർ അവസാനിക്കുമ്പോൾ, ഡിപ്പാർട്ട്‌മെൻ്റ് ഫോർ ട്രാൻസ്‌പോർട്ട് ഓപ്പറേറ്ററായ ഡി ഒ എച്ച് എല്ലിൻ്റെ നിയന്ത്രണത്തിൽ ആദ്യം കൊണ്ടുവരുന്നത് സൗത്ത് വെസ്റ്റേൺ റെയിൽവെ ആയിരിക്കും. യുകെയിലെ എല്ലാ റെയിൽ സർവീസുകളും കഴിഞ്ഞയാഴ്ച നിയമമായി മാറിയ ഒരു പൊതു ഉടമസ്ഥാവകാശ നിയമത്തിന്റെ കീഴിൽ ദേശസാത്ക്കരിക്കപ്പെടും.