അലിഗൻഡ ∙ ഒഡീഷയിലെ ഗജപതി ജില്ലയിൽ അതീവ പിന്നാക്ക ഗ്രാമമായ അലിഗൻഡയിൽ 48 വർഷമായി സേവനമനുഷ്ഠിച്ചിരുന്ന സ്പെയിനിൽ നിന്നുള്ള കന്യാസ്ത്രീ ഡോ. ഐൻദീന കോസ്റ്റിയ (86) കേന്ദ്രസർക്കാർ വീസ നീട്ടിക്കൊടുക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം 20ന് ഇന്ത്യ വിട്ടു.
ഒരാഴ്ച മുൻപാണ് വീസ നീട്ടിക്കൊടുക്കില്ലെന്നും 10 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നുമുള്ള അറിയിപ്പ് അവർക്കു ലഭിച്ചത്. തുടർവീസ നിഷേധിച്ചതിന്റെ കാരണമൊന്നും അറിയിപ്പിൽ പറയുന്നില്ല.
1971 ഓഗസ്റ്റ് 15ന് അലിഗൻഡയിലെത്തിയ ഡോ. ഐൻദീന ക്ഷയരോഗ ചികിത്സയ്ക്കായി ആരംഭിച്ച സൗജന്യ ഡിസ്പെൻസറി ഗ്രാമത്തിന്റെ ആശ്രയകേന്ദ്രമായിരുന്നു.
രൂക്ഷമായ വരൾച്ച നേരിടുന്ന ഗോത്രവർഗ ഗ്രാമത്തിന്റെ വികസനത്തിനായി ജീവിതം ചെലവിട്ട അവർക്ക് ഇവിടം സ്വന്തം വീടായി. നാലായിരത്തോളം ഗ്രാമീണർക്ക് അവർ അമ്മയും സഹോദരിയുമായിരുന്നു.
പെൺകുട്ടികൾക്കായി ആരംഭിച്ച സ്കൂളുകളും ഡിസ്പെൻസറിയും കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടരുന്നു.
Leave a Reply