സംഗീത പരിപാടിക്കിടെ വെടിക്കെട്ട് ഉപകരണം പൊട്ടിത്തെറിച്ച് സ്പാനിഷ് പോപ്പ് സ്റ്റാര്‍ ജോവാന സൈന്‍സ് ഗാര്‍സിയ (30) മരണപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ലാസ് ബെര്‍ലാനാസിലെ അവില പ്രവിശ്യയില്‍ നാലു ദിവസമായി നടന്നുവരുന്ന വിനോദ പരിപാടിക്കിടെയാണ് അപകടം നടന്നത്. സൂപ്പര്‍ ഹോളിവുഡ് ഓര്‍ക്കസ്ട്രയ്ക്കൊപ്പമാണ് ഗാര്‍സിയ പെര്‍ഫോം ചെയ്തിരുന്നത്.
പൊട്ടിത്തെറി നടന്ന ഉടന്‍തന്നെ ബോധരഹിതയായ ഗാര്‍സിയയെ പെട്ടന്ന് ആശുപത്രില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സാധാരണ വിനോദ പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഫ്‌ലാഷുകള്‍, പുക, തീജ്വാല തുടങ്ങിയവ പുറത്തുവിടുന്ന പൈറോടെക്‌നിക് ഉപകരണമാണ് പൊട്ടിത്തെറിച്ചത്. അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ആയിരത്തോളം കാണികള്‍ നോക്കിനില്‍ക്കെയാണ് അപകടം സംഭവിച്ചത്. സൂപ്പര്‍ ഹോളിവുഡ് ഓര്‍ക്കസ്ട്രയുടെ പ്രൊമോട്ടറായ ‘പ്രോണ്‍സ് 1 എസ്എല്‍’ സംഭവത്തെ ദൗര്‍ഭാഗ്യകരമെന്നാണ് പ്രതികരിച്ചത്. ഉപകരണ നിര്‍മ്മാണത്തില്‍ വന്ന പിശകാകാം അപകട കാരണമായതെന്നും പറഞ്ഞതായി സ്പാനിഷ് പത്രമായ ‘എല്‍ നോര്‍ട്ടെ ഡി കാസ്റ്റില്ല’ റിപ്പോര്‍ട്ട് ചെയ്യുന്നു.
Leave a Reply