തിരുവനന്തപുരം: നിയമസഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷം നല്‍കിയ പരാതിയിലാണ് സ്പീക്കര്‍ റൂളിംഗ് നല്‍കിയത്. മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് കൃത്യസമയത്ത് ഉത്തരം നല്‍കാത്തത് നിര്‍ഭാഗ്യകരമാണെന്നും പരാതി വസ്തുതാപരമാണെന്നും സ്പീക്കര്‍ പറഞ്ഞു. ചട്ടം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ മറുപടി പറയണം. നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിലുളളതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ന്യായീകരണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ലെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഈ മാസം 25നകം മറുപടി നല്‍കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് കെഎസ്യു നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജും തുടര്‍ന്ന് പരുക്കേറ്റ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സ നിഷേധിച്ചതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരമആനുമതി നിഷേധിക്കുകയും ചെയ്തു. ഹൈബി ഈഡനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കെഎസ്യു പ്രവര്‍ത്തകരുടെ ചോരപുരണ്ട വസ്ത്രങ്ങളും ലാത്തിച്ചാര്‍ജിന്റെ ഫോട്ടോകളുമായിട്ടായിരുന്നു പ്രതിപക്ഷം സഭയില്‍ എത്തിയത്. പ്രകോപനമില്ലാതെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. എന്നാല്‍ കല്ലുകളും വടികളുമായിട്ടാണ് കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മനപൂര്‍വം പ്രകോപനമുണ്ടാക്കുക ആയിരുന്നു. ലാത്തിച്ചാര്‍ജില്‍ ആര്‍ക്കും ഗുരുതര പരുക്കില്ല. ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. പൊലീസ് ആരുടെയും തലയ്ക്ക് അടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Leave a Reply