പാപ്പാത്തിമലയില്‍ കുരിശ് നാട്ടിയ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ന് യുകെയിലും ഓഫീസ്. ലക്ഷ്യമിട്ടത് ലോകവ്യാപകമായി വന്‍ ആത്മീയ കച്ചവടം
21 April, 2017, 2:32 pm by News Desk 1

മൂന്നാര്‍ പാപ്പാത്തിമലയില്‍ റവന്യൂ വകുപ്പ് അധികാരികള്‍ പൊളിച്ചു മാറ്റിയ കുരിശിന്റെ മറവില്‍ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ ലക്ഷ്യമിട്ടത് ആഗോളതലത്തിലുള്ള ആത്മീയ ടൂറിസം വ്യാപാരത്തിന്. ഇതിനായി പാപ്പാത്തി മലയിലെ കുരിശിനു മുകളില്‍ ‘സൂര്യാത്ഭുതം’ അഥവാ ‘മിറാക്കിള്‍ ഓഫ് സണ്‍’ നടക്കുന്നതായും സ്പിരിറ്റ് ഇന്‍ ജീസസ് പ്രചാരണം നടത്തിയിരുന്നു. ഇതുവഴി പ്രദേശത്തെ ആഗോള ക്രിസ്തീയ ആത്മീയ കേന്ദ്രമാക്കാമെന്നും സ്പിരിറ്റ് ഓഫ് ജീസസ് കണക്കുകൂട്ടിയിരുന്നു. ഇത് സാധ്യമായാല്‍ കോടിക്കണക്കിനു രൂപയുടെ ആസ്തിയിലേക്ക് ചുരുക്കം നാളുകളില്‍ സ്പിരിറ്റ് ഓഫ് ജീസസ് വളരുമായിരുന്നു.

സൂര്യനെല്ലിയില്‍ ചില റിസോര്‍ട്ടുകളൊക്കെയുള്ള ടോം സഖറിയ സ്പിരിറ്റ് ഓഫ് ജീസസിലൂടെ ലക്ഷ്യമിട്ടത് ആത്മീയ ടൂറിസം വ്യാപാരമായിരുന്നു. പെന്തക്കോസ്ത് കത്തോലിക്കാ ശൈലികളെ സംയോജിപ്പിച്ചുകൊണ്ടു പ്രത്യേക രീതിയിലുള്ള ആത്മീയ പരിപാടികള്‍ ആവിഷ്‌കരിച്ചതിനാല്‍ പല സഭകളില്‍ നിന്നായി വിശ്വാസികള്‍ സ്പിരിറ്റ് ഇന്‍ ജീസസിലേക്കൊഴുകി. കേരളത്തിന് പുറത്ത് തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും യുകെ, യുഎഇ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും സ്പിരിറ്റ് ഇന്‍ ജീസസ് വളര്‍ന്നു.

സൂര്യനെല്ലിയില്‍ ‘മേരീലാന്‍ഡ്’ എന്ന ഒരു ആത്മീയ കേന്ദ്രം ടോം സഖറിയ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മാതാവിന്റെ ഒരു ഗ്രോട്ടോയും കൃഷിയിടങ്ങളിലെ ഗ്രീന്‍ ഹൗസിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രാര്‍ത്ഥനാ ഹാളുമാണ് ഉള്ളത്. മികച്ച കാലാവസ്ഥയും ടൂറിസം പ്രാധാന്യവുമുള്ള ഒരു ഭൂപ്രദേശത്ത് ആത്മീയ ടൂറിസം വ്യവസായത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുകയാണ് ടോം സഖറിയ. ‘മേരീ ലാന്‍ഡില്‍’ നിന്നും എട്ടു കിലോമീറ്റര്‍ ദൂരത്തായാണ് ഇപ്പോള്‍ പൊളിച്ചു മാറ്റിയ കുരിശു സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിക്കിടക്കുന്ന മലമുകളിലെ കുരിശിനു മേല്‍ ഒരു ‘ദിവ്യാദ്ഭുതം’ കൂടി സംഭവിച്ചതോടെ വിശ്വാസികളുടെ വരവ് കൂടി.

‘സൂര്യാത്ഭുതം അഥവാ മിറാക്കിള്‍ ഓഫ് സണ്‍’

ഫാത്തിമയിലെ ദിവ്യാത്ഭുതത്തിന്റെ നൂറു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് മൂന്നാറിലെ കുരിശിനു മുകളില്‍ സൂര്യാത്ഭുതം കണ്ടെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ അവകാശവാദം. സൂര്യനെല്ലിയിലെ മേരിലാന്‍ഡില്‍ നിന്നും കുരിശിന്റെ വഴി പാപ്പാത്തിച്ചോലയിലെത്തിയപ്പോഴായിരുന്നു ആ ‘മഹാത്ഭുതം’. സൂര്യാത്ഭുതത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ ക്യാമറകളും പകര്‍ത്തി. പലതവണ സൂര്യന്‍ ‘അത്ഭുതം’ കാട്ടി. തീജ്വാലകള്‍ വട്ടം ചുഴറ്റുകയോ സൂര്യനില്‍ സ്‌ഫോടനം നടക്കുകയോ ചെയ്യുന്ന മട്ടില്‍ പലതവണ ‘അത്ഭുതം’ നടന്നു.

ഫാത്തിമയിലെ സൂര്യാത്ഭുതത്തിന്റെ നൂറാം വാര്‍ഷികത്തില്‍, സൂര്യന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന സൂര്യനെല്ലിയില്‍ സൂര്യാത്ഭുതം നടക്കുന്നതിന് ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ ഉണ്ട്. ഫാത്തിമയില്‍ സംഭവിച്ചതിനു സമാനമായി ആഗോള കത്തോലിക്കാ സമൂഹം സൂര്യനെല്ലിയിലേക്ക് പറന്നിറങ്ങും. കോടികളുടെ സാമ്രാജ്യം കെട്ടിയുയര്‍ത്താനുള്ള ആദ്യ തൂണ്‍ മാത്രമായിരുന്നു പാപ്പാത്തിമലയിലെ സ്റ്റീല്‍ കുരിശ്.

പാപ്പാത്തിമലയില്‍ സൂര്യാത്ഭുതം നടന്നെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ നിരവധി സന്ദര്‍ശകരാണ് ഇവിടെ എത്താന്‍ തുടങ്ങിയത്. കെപിസിസിയുടെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദിലും സൂര്യ ടിവിയിലും സംപ്രേഷണം ചെയ്യുന്ന സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ പരിപാടികളിലൂടെ ‘ദിവ്യാത്ഭുത’ത്തിനു വലിയ പ്രചാരണമാണ് നല്‍കിയത്.

സോഷ്യല്‍ മീഡിയയിലൂടെയും സൂര്യാത്ഭുതത്തിന്റെ കഥകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു. വാമൊഴിയായും പ്രസിദ്ധീകരങ്ങളായും ദിവ്യാത്ഭുതകഥ പ്രചരിക്കാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഒഴുകിയെത്തിയത് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ‘തീര്‍ത്ഥാടകരാണ്’.

പ്രദേശവാസികളില്‍ പലരും അവിടെ ഒരു കുരിശുണ്ടെന്നു ശ്രദ്ധിക്കാന്‍ തുടങ്ങിയത് തന്നെ സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങിയതില്‍ പിന്നെയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേരീലാന്‍ഡിലെ മാതാവിന്റെ ഗ്രോട്ടോയുടെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ സൂര്യാത്ഭുതം നടന്നു എന്ന് പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും അന്ന് അത് ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അന്ന് മദര്‍ മേരിയുടെ അരുളപ്പാടുണ്ടായിരുന്നു എന്ന് വരെ അവകാശവാദങ്ങളുയര്‍ന്നിരുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാപ്പാത്തിമലയിലെ കുരിശിന്റെ ചരിത്രം

പാപ്പാത്തിച്ചോലയില്‍ മുന്‍പേ ഒരു കുരിശുണ്ടായിരുന്നു ഒരു മരക്കുരിശ്. തമിഴ്‌നാട്ടില്‍ നിന്നും ജീവിതം തേടിയെത്തിയ ദ്രാവിഡര്‍ മതം മാറി ക്രിസ്ത്യാനികളായപ്പോള്‍ അവരുടെ പ്രാര്‍ത്ഥനാകേന്ദ്രം കൂടിയായിരുന്നു അത്. മരിയ സൂസെ എന്ന തമിഴ്‌വംശജന്റെ തലമുറ കൈവശം വെക്കുകയും പലതവണ പട്ടയത്തിനായി അപേക്ഷ നല്‍കുകയും ചെയ്ത ഭൂമിയിലാണ് കുരിശു സ്ഥിതി ചെയ്യുന്നത് എന്ന സ്പിരിറ്റ് ഇന്‍ ജീസസിന്റെ വാദം ശരിയാവാനാണ് സാധ്യതയും. എന്നാല്‍ മരത്തില്‍ നിന്നും സ്റ്റീലിലേക്ക് കുരിശിനു രൂപാന്തരം സംഭവിച്ച കഥ സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ കച്ചവടത്തിന്റെ ചരിത്രം കൂടിയാണ്.

ഇരുപത്തഞ്ചു വര്‍ഷത്തെ പാരമ്പര്യമുള്ള ‘ആത്മീയ നവീകരണ’ പ്രസ്ഥാനമാണ് സ്പിരിറ്റ് ഇന്‍ ജീസസ്. ടോം സഖറിയ സൂര്യനെല്ലിയില്‍ ആരംഭിച്ച പ്രസ്ഥാനം ക്രമേണ മറ്റു രൂപതകളിലേക്കും സംസ്ഥാനത്തേക്കും പ്രവാസി കത്തോലിക്കരുള്ള മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഏറെ വളര്‍ന്ന ‘സ്പിരിറ്റ് ഇന്‍ ജീസസ്’ പ്രസ്ഥാനം പിന്നീട് കത്തോലിക്കാ സഭയ്ക്ക് തന്നെ തലവേദനയായി.

‘സ്പിരിറ്റ് ഇന്‍ ജീസസ്’ കത്തോലിക്കാ സഭയുടെ ചട്ടക്കൂടില്‍ നിന്നും വഴിമാറി നടക്കുകയും ‘വിശ്വാസം പാപമോചനം മരണാന്തരജീവിതം’ എന്നീ വിഷയങ്ങളില്‍ പുതിയ പ്രബോധനങ്ങള്‍ ഇറക്കുകയും ക്രമേണ പുരോഹിത നിയന്ത്രണമില്ലാത്ത ഒരു വിശ്വാസി സമൂഹത്തെ നിര്‍മ്മിച്ചെടുക്കുകയും ചെയ്തു.

ഭസ്മാസുരനു വരം കൊടുത്ത പരമശിവന്റെ നിലയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞതു സീറോ മലബാര്‍ സഭയാണ്. കത്തോലിക്കാ വിശ്വാസരീതികളും പെന്തകോസ്ത് ശൈലിയിലുള്ള വേദപുസ്തക വ്യാഖ്യാനങ്ങളും ഉപയോഗിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് വിശ്വാസികളെ സഭയില്‍ നിന്ന് അടര്‍ത്തിയെടുത്ത് സ്വയം മറ്റൊരു അധികാര കച്ചവട കേന്ദ്രമാകുന്നു എന്ന തിരിച്ചറിവു കൂടിയായിരുന്നു അത്.

സീറോ മലബാര്‍ സഭ സ്പിരിറ്റ് ഇന്‍ ജീസസിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സഭയും സ്പിരിറ്റ് ഇന്‍ ജീസസും നേര്‍ക്കു നേര്‍ വന്നു. 2015 ഏപ്രിലില്‍ സ്പിരിറ്റ് ഇന്‍ ജീസസിന്റെ പ്രബോധനങ്ങളെ സംബന്ധിച്ചു വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടു കെസിബിസി നല്‍കിയ കത്തിനു മറുപടി നല്കാതിരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഒടുക്കം 2016 ജൂണില്‍ കെസിബിസി പുറത്തിറക്കിയ ഒരു സര്‍ക്കുലറിലൂടെ സഭ ഔദ്യോഗികമായി സ്പിരിറ്റ് ഇന്‍ ജീസസിനെ തള്ളിപ്പറഞ്ഞു. സ്പിരിറ്റ് ഇന്‍ ജീസസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സഭാപരമായ ശിക്ഷണ നടപടികളെടുക്കും എന്ന മുന്നറിയിപ്പും നല്‍കാന്‍ സഭ മറന്നില്ല. അതുകൊണ്ടു തന്നെയാണ് കുരിശു തകര്‍ന്നപ്പോള്‍ ഉടന്‍ പ്രതികരണം നല്‍കാന്‍ സഭ തയ്യാറാകാതിരുന്നതും.

സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുടെ ഇന്‍റര്‍നാഷണല്‍ ആസ്ഥാനം യുകെയിലെ മാഞ്ചസ്റ്ററില്‍ ആണ്. ടോം സഖറിയ പല പ്രാവശ്യം ആത്മീയ പ്രചാരണത്തിനായി യുകെ സന്ദര്‍ശിച്ചിട്ടുമുണ്ട്. യുകെ മലയാളി സമൂഹത്തില്‍ പലരും ഇവരുടെ ആത്മീയ പ്രലോഭനത്തില്‍ വീണ് പോയിട്ടുമുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട് – നാരദ 

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS
Copyright © . All rights reserved