ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ആത്മീയ ലക്ഷ്യം മുറുകെ പിടിച്ച് തന്റെ രൂപതയില്‍ ആദ്ധ്യാത്മിക വളര്‍ച്ചക്കും നവോദ്ധാനത്തിനും, ദൈവിക അനുഗ്രഹങ്ങള്‍ ലഭ്യമാക്കുന്നതിന്റെയും ഭാഗമായി തിരുവചന ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നു. രൂപതയുടെ പ്രസ്തുത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏവര്‍ക്കും പങ്കു ചേരുവാനും ദൈവിക കൃപകള്‍ക്ക് അവസരം ഒരുക്കുന്നത്തിനുമായി വചന ശുശ്രുഷ എട്ടു പ്രമുഖ കേന്ദ്രങ്ങളില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരികയാണ്.

സെഹിയോന്‍ ധ്യാനകേന്ദ്ര ഡയറക്ടറും, കാലഘട്ടത്തിലെ പരിശുദ്ധാത്മ ശുശ്രുഷകള്‍ക്കു അനുഗ്രഹീത വരദാനം ലഭിച്ച തിരുവചന പ്രഘോഷകരില്‍ പ്രശസ്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനാണ് യു.കെയില്‍ അഭിഷേകാഗ്‌നി ധ്യാനം ഈ വര്‍ഷം നയിക്കുക.

നവംബര്‍ നാലിന് നടത്തപ്പെടുന്ന ലണ്ടനിലെ ബൈബിള്‍ കണ്‍വെഷനോടെ റീജണല്‍ ധ്യാനങ്ങള്‍ക്കു സമാപനം കുറിക്കപ്പെടും. ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനായി അനുഗ്രഹ വേദി ഒരുക്കുക ഹെയര്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയിലാണ്.

കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഫിറ്റ്‌നസ് സെന്ററുകളും, പരിശീലനം നല്‍കുന്ന ക്ലാസ്സുകളും, കായിക മാമാങ്കങ്ങള്‍ക്കു സുപ്രസിദ്ധമായ ഗ്രൗണ്ടും സ്റ്റേഡിയങ്ങളും അന്നേ ദിവസം ആത്മീയ ക്ഷമതക്കും ആദ്ധ്യാത്മിക നവോത്ഥാനത്തിനുമുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേക വേദിയാകും. അക്കാദമിയിലെ ഓഡിറ്റോറിയങ്ങള്‍ ഇദം പ്രഥമമായി തിരുവചനങ്ങള്‍ക്ക് കാതോര്‍ക്കുവാന്‍ ഇരിപ്പിടം ഒരുക്കുമ്പോള്‍ ലണ്ടനിലുള്ള മൂന്നു ചാപ്ലിന്‍സികളിലെ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി എത്തുന്ന ആയിരങ്ങള്‍ക്ക് അത് അഭിഷേകങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നവീകരണത്തിനും സാക്ഷ്യമേകും എന്ന് തീര്‍ച്ച.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷനായി വിശാലമായ ഇരിപ്പിട സൗകര്യവും, സുഗമമായി തിരുവചന ശുശ്രുഷയില്‍ പങ്കു ചേരുന്നതിനായുള്ള സംവിധാനങ്ങളും സ്‌പോര്‍ട്‌സ് അക്കാദമിയില്‍ സംഘാടക സമിതി ഒരുക്കുന്നുണ്ട്.

റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രുഷ വലിയ വിജയം കാണുന്നതിനും, അനുഗ്രഹങ്ങളുടെ വേദിയാവുന്നതിനും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, ആത്മീയമായ ഒരുക്കങ്ങളും, ധ്യാനാര്‍ത്ഥികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ തയ്യാറാക്കലുമായി വളണ്ടിയര്‍ കമ്മിറ്റിയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ സംഘവും, ഇതര കമ്മിറ്റികളും സദാ പ്രവര്‍ത്തന ക്ഷമമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവന്‍ തുടിക്കുന്ന തിരുവചനങ്ങള്‍ ആത്മീയ-മാനസിക നവീകരണത്തിനും, ജീവിത തീര്‍ത്ഥ യാത്രയില്‍ നന്മയില്‍ നയിക്കപ്പെടുന്നതിനും, ആത്മീയ കൃപാ ശക്തി പ്രാപ്യമാകുവാനും ഉതകുന്ന ഏറ്റവും വലിയ അനുഗ്രഹീത ശുശ്രുഷയായി ‘ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018’ വേദിയാവുമ്പോള്‍ അതിലേക്കു ഏവരെയും സ്‌നേഹ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടന്‍ റീജിയണല്‍ സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളവും, സംഘാടക സമിതിയും അറിയിക്കുന്നു.

ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നവംബര്‍ 4ന് ഞായറാഴ്ച രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:00 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷാജി വാട്ഫോര്‍ഡ് : 07737702264;
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

Harefield Sports Academy, Northwood Way, Harefield UB9 6ET