ജെഗി ജോസഫ്

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ മൂന്നു ദിവസം നീണ്ട ഈ വര്‍ഷത്തെ ദുക്റാന തിരുന്നാള്‍ ഭക്തിസാന്ദ്രമായി. വെള്ളിയാഴ്ച വൈകുന്നേരം എസ്ടിഎസ്എംസിസി വികാരി ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന കൊടിയേറ്റോടു കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

 

യേശുക്രിസ്തു സംസാരിച്ച ഭാഷയോട് അടുത്തു നില്‍ക്കുന്ന സുറിയാനിയിലുള്ള കുര്‍ബാനയോടു കൂടി ആരംഭിച്ച ആഘോഷ പരിപാടികള്‍ അനുസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് വഴി തുറന്നു. ഫാ. ജോയ് വയലിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷകരമായ കുര്‍ബാനയോടെ കൂടി തുടങ്ങിയ തിരുന്നാള്‍ ശനിയും ഞായറും കൊണ്ട് ഭക്തിയുടെ പാരമ്യത്തിലെത്തി.

 

ശനിയാഴ്ച ഫാ. സിറില്‍ ഇടമനയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വൈകീട്ട് നാലരയോടെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വേദപാഠ വിദ്യാര്‍ത്ഥികളുടെ ആനുവല്‍ ഡേ ആഘോഷവും നടന്നു. യുകെയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വേദപാഠം അഭ്യസിക്കുന്ന ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ആനുവല്‍ ഡേ എല്ലാവര്‍ഷവും മനോഹരമായി ആഘോഷിച്ച് വരികയാണ്. ഈ വര്‍ഷവും ആ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് എല്ലാ ക്ലാസുകളില്‍ നിന്നുള്ള കുട്ടികളും പരിപാടികളില്‍ പങ്കെടുത്തു. എല്ലാ ക്ലാസിലെയും കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ആഘോഷത്തിന് നിറപകിട്ടേകി.

ഒന്നു മുതല്‍ പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളില്‍ മികച്ച മാര്‍ക്ക് നേടിയവര്‍ക്ക് മെറിറ്റ് അവാര്‍ഡുകളും അറ്റന്‍ഡന്‍സ് അവാര്‍ഡുകളും ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ സമ്മാനിച്ചു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേദപാഠം ഹെഡ്മാസ്റ്റര്‍ ജെയിംസ് ഫിലിപ്പിന് പ്രശംസാ പത്രം സമ്മാനിച്ചു. യുകെയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹമായ ബ്രിസ്റ്റോളില്‍ നിന്ന് സീറോ മലബാര്‍ സഭയ്ക്ക് കുറേ പഠിക്കാനുണ്ടെന്നും ബ്രിസ്റ്റോളിലായിരിക്കുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. കുട്ടികള്‍ വേദപാഠം പഠിപ്പിക്കുന്നതിന്റെ ആവശ്യവും അതില്‍ മാതാപിതാക്കളുടെ പങ്കും പിതാവ് തന്റെ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വിഭവ സമൃദ്ധമായ സദ്യയോടെ ശനിയാഴ്ചത്തെ ചടങ്ങുകള്‍ അവസാനിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അതി മനോഹരമായി അലങ്കരിച്ച ഫില്‍ടന്‍ സെന്റ് തെരേസാസ് ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ. ഫാ. ജോസ് പൂവാനിക്കുന്നേല്‍, ഫാ. പോള്‍ വെട്ടിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പാട്ടുകുര്‍ബ്ബാനയ്ക്ക് ശേഷം വിശുദ്ധരുടെ തിരുരൂപമേന്തി നടന്ന പ്രദക്ഷിണത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുത്തു. തുടര്‍ന്ന് പാച്ചോല്‍ നേര്‍ച്ചയ്ക്കും, കഴുന്നെടുക്കാനും സൗകര്യമുണ്ടായിരുന്നു. വി. തോമാശ്ലീഹായുടെ മാതൃക സ്വജീവിതത്തില്‍ പകര്‍ത്താന്‍ റവ. ഫാ. ജോസ് പൂവാനിക്കുന്നേല്‍ ഉത്ബോധിപ്പിച്ചു.

മൂന്നു ദിവസങ്ങള്‍ നീണ്ട ഭക്തിസാന്ദ്രമായ വിശുദ്ധ കുര്‍ബാനയ്ക്കും ആഘോഷങ്ങള്‍ക്കും മധ്യേ വിശുദ്ധ തോമാശ്ലീഹയോടുള്ള ഭക്തിയും പ്രകടമാക്കിയ ഒരു തിരുന്നാള്‍ ആഘോഷമായിരുന്നു ബ്രിസ്റ്റോളില്‍ നടന്ന ദുക്റാന തിരുന്നാള്‍. STSMCC ട്രസ്റ്റിമാരായ ലിജോ പടയാറ്റില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുടെയും വേദ പാഠ അധ്യാപകരുടെയും ഏറെ നാളത്തെ അദ്ധ്വാനഫലമായിരുന്നു മനോഹരമായ തിരുനാളും കാറ്റിക്കിസം ആന്വല്‍ ഡേ ആഘോഷങ്ങളും.