ഫാ. ബിജു കുന്നയ്ക്കാട്ട്

ഡെര്‍ബി: വിശ്വാസജീവിതത്തിന് പുത്തന്‍ ഉണര്‍വ് പകര്‍ന്ന് ഡെര്‍ബി സെന്റ് തോമസ് കാത്തിലിക് കമ്യൂണിറ്റി മാര്‍ തോമാശ്ലീഹായുടെ ദുക്‌റാനത്തിരുനാളും വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും സംയുക്തമായി ആചരിച്ചു. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട് കൊടി ഉയര്‍ത്തിയതോടെയാണ് തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്.

വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേന പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന ആഘോഷമായ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് വാള്‍സാള്‍ സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. ജസ്റ്റിന്‍ കാരക്കാട്ട് എസ്.ഡി.വി മുഖ്യ കാര്‍മ്മികത്വം വഹിച്ച് വചന സന്ദേശം നല്‍കി. ആദ്യ അവസരത്തില്‍ ഉത്ഥിനായ ക്രിസ്തുവിനെ കാണാന്‍ തോമസിന് സാധിച്ചില്ലെങ്കിലും പ്രാര്‍ത്ഥനയോടെ കാത്തിരുന്നപ്പോള്‍ തോമസിന് വേണ്ടി രണ്ടാമതും ഈശോ ശിഷ്യന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും തോമസിന്റെ ആഗ്രഹം സാധിക്കുകയും ചെയ്തു. സ്വന്തം ആഗ്രഹത്തിനനുസരിച്ച് ഈശോയെ കാണാന്‍ പറ്റാത്തത് കൊണ്ട് ശിഷ്യന്മാരുടെ കൂട്ടം വിട്ടുപോവുകയല്ല, മറിച്ച് അവരോടു കൂടി പ്രാര്‍ത്ഥിച്ച് കാത്തിരുന്നപ്പോഴാണ് തോമസിന് വീണ്ടും ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കാണാന്‍ സാധിച്ചത്. ഇന്നും സഭയില്‍ നിന്ന് നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ സാധിച്ചുകിട്ടിയില്ലെങ്കിലും പരിഭവിച്ച് മാറിനില്‍ക്കാതെ സഭയുടെ മനസിനോട് ചേര്‍ന്ന് നിന്നാല്‍ തോമാശ്ലീഹായെപ്പോലെ നമുക്കും ഈശോയെ അനുഭവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം തിരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് നടന്ന ലദീഞ്ഞ് പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ നടത്തപ്പെട്ട ഭക്തി നിര്‍ഭരമായ പ്രദക്ഷിണം വിശ്വാസത്തിന്റെ നേര്‍ക്കാഴ്ച്ചയായി. കുട്ടികളെ അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഗായകസംഘത്തിന്റെ ശ്രുതി മധുരമായ ഗാനാലാപം സ്വര്‍ഗീയ ചൈതന്യം പകര്‍ന്നു. ഡെര്‍ബി മസാല ട്വിസ്റ്റ് ഒരുക്കിയ സ്‌നേഹവിരുന്ന് ഇടവക കൂട്ടായ്മയുടെ സ്‌നേഹം പങ്കുവെച്ചു. ഡെര്‍ബി സെന്റ് ജോസഫ് റോമന്‍ കത്തോലിക്ക പള്ളി വികാരി റവ. ഫാ. ജോണ്‍ ട്രെന്‍ചാന്‍ഡിന്റെ സാന്നിധ്യം അനുഗ്രഹമായി.

തിരുക്കര്‍മ്മങ്ങള്‍ക്കും മറ്റു ക്രമീകരണങ്ങള്‍ക്കും വികാരി ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേര്‍സ്, പ്രത്യേക തിരുനാള്‍ കമ്മറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിമണ്‍സ് ഫോറം ഭാരവാഹികള്‍, അള്‍ത്താരശ്രുശ്രൂഷികള്‍, ഗായകസംഘം, വളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.