ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ലിതെര്‍ലാന്‍ഡ്/ലിവര്‍പൂള്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ വലിയ നോമ്പിലേക്കു പ്രവേശിക്കുന്ന ഈ ആഴ്ചയില്‍, സീറോ മലബാര്‍ ക്രമത്തില്‍ ‘വിഭൂതി തിങ്കള്‍’ ആചരണം ഇന്നലെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവക/മിഷന്‍/പ്രോപോസ്ഡ് മിഷന്‍ സ്ഥലങ്ങളില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. ഔര്‍ ലേഡി ഓഫ് പീസ് ലിതെര്‍ലാന്‍ഡ് ഇടവകയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദിവ്യബലിക്കിടയില്‍ സുവിശേഷ സന്ദേശത്തിനു ശേഷം, അനുതാപത്തിന്റെയും പശ്ചാത്താപത്തിന്റെയും അടയാളമായി നെറ്റിയില്‍ ചാരം പൂശല്‍ തിരുക്കര്‍മ്മം നടന്നു.

ഇടവക വികാരി റവ. ഫാ. ജിനോ അരീക്കാട്ട് MCBS, റവ. ഫാ. ആന്റണി പങ്കിമാലില്‍ വി.സി, റവ. ഫാ. ജോസ് പള്ളിയില്‍ വി.സി, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരരായിരുന്നു. വൈകിട്ട് 6.30ന് ആരംഭിച്ച തിരുക്കര്‍മ്മങ്ങളില്‍ നിരവധി വിശ്വാസികള്‍ പങ്കുചേരാനെത്തി. ഈശോ നല്‍കുന്ന പ്രചോദനങ്ങളോട് അതെ എന്നും ആമേന്‍ എന്നും പറയാനും പിശാചിന്റെ പ്രലോഭനങ്ങളോട് വേണ്ട എന്നും ഇല്ല എന്നും പറയാനുള്ള ക്ഷണമാണ് നോമ്പുകാലം നല്‍കുന്നതെന്ന് വചനസന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഈശോയുടെ അമ്മയായ പരി. മറിയം ജീവിതകാലം മുഴുവന്‍ ദൈവത്തോട് ആമേന്‍ പറഞ്ഞ വ്യക്തിയാണന്നും ആദ്ദേഹം അനുസ്മരിച്ചു.

അതേസമയം, രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ബഹു. വൈദികരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഭക്തിപൂര്‍വ്വം വിഭൂതി തിരുനാള്‍ ആചരിച്ചു. പ്രെസ്റ്റണ്‍ കത്തീഡ്രലില്‍ വൈകിട്ട് ആറു മണിക്കും ലീഡ്സില്‍ 6.30നും ഇപ്സ്വിച്ചില്‍ ആറു മണിക്കും ലിവര്‍പൂളിലെ വിസ്റ്റണില്‍ 6.30നും കാര്‍ഡിഫില്‍ 7 മണിക്കുമായിരുന്നു തിരുക്കര്‍മ്മങ്ങള്‍. പീറ്റര്‍ബറോയില്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കലും ഡെര്‍ബിയില്‍ റവ. ഫാ. വില്‍ഫ്രഡ് പെരേപ്പാടനും നോട്ടിംഗ്ഹാമില്‍ റവ. ഫാ. ബിജു കുന്നയ്ക്കാട്ടും തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികരായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്കു പങ്കെടുക്കാനുള്ള സൗകര്യത്തിനായി മിക്കയിടങ്ങളിലും വൈകിട്ടായിരുന്നു തിരുക്കര്‍മ്മങ്ങള്‍. സ്‌കൂളുകളും ജോലിത്തിരക്കുമുള്ള ദിവസമായിരുന്നങ്കിലും കുട്ടികളുള്‍പ്പെടെ നിരവധി വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.

‘പെതുര്‍ത്ത’ ഞായറാഴ്ചയുടെ പിറ്റേദിവസം (വിഭൂതി തിങ്കള്‍ ) മുതല്‍ ദുഃഖശനി വരെ നീളുന്ന അമ്പതു ദിവസങ്ങളാണ് സീറോ മലബാര്‍ വിശ്വാസികള്‍ വലിയ നോമ്പായി ആചരിക്കുന്നത്. ലത്തീന്‍ ക്രമത്തില്‍ വിഭൂതി ബുധനാഴ്ചയാണ് വലിയ നോമ്പ് ഔദ്യോഗികമായി ആരംഭിക്കുന്നത്. പരസ്യ ജീവിതത്തിനു മുന്‍പായി നാല്പതു രാവും നാല്പതു പകലും ഈശോ മരുഭൂമിയില്‍ ഉപവസിച്ചതിനെ അടിസ്ഥാനപ്പെടുത്തിയാണ് അമ്പതു നോമ്പ് ആരംഭിച്ചത്. ബൈബിളിലെ പഴയ നിയമത്തില്‍, നിനിവേ രാജ്യത്തിലെ ജനങ്ങള്‍, യോനാ പ്രവാചകന്റെ മാനസാന്തരാഹ്വാനം ശ്രവിച്ചു ചാക്കുടുത്തു ചാരം പൂശി അനുതപിച്ചതിനെ മാതൃകയാക്കിയാണ് ഇന്ന് വിഭൂതിത്തിരുനാളില്‍ വിശ്വാസികള്‍ നെറ്റിയില്‍ ചാരം പൂശി അനുതാപം പ്രകടിപ്പിക്കുന്നത്. അമ്പതുനോമ്പിന്റെ ദിവസങ്ങളില്‍ ഉപവാസം, ദാനധര്‍മ്മം, പ്രാര്‍ത്ഥന എന്നിവയ്ക്കാണ് വിശ്വാസികള്‍ പ്രാമുഖ്യം കല്‍പ്പിക്കുന്നത്.