ഫാ. ഹാപ്പി ജേക്കബ്.
നാട്ടിന്‍പുറം നന്മകളാള്‍ സമൃദ്ധം എന്ന ചൊല്ല് ചെറുപ്പകാലം മുതല്‍ കേള്‍ക്കുന്നതാണ്. അതിന്റെ പൂര്‍ണത ജീവിതത്തല്‍ നേരിട്ടും അുഭവിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ കാലത്ത് ഇതൊരു പഴഞ്ചൊല്ല് മാത്രമായി മാറിയോ എന്നൊരു സംശയം. ജീവിക്കുന്ന കാലം കഷ്ടതയും പ്രയാസവും, ഭാവി സുരക്ഷിത കാലവും, പിറകോട്ട് നോക്കി നന്മയുടെ കാലവും നാം അയവിറക്കുന്നത് സ്വഭാവികമാണ്. പിന്നിട്ടുപോയ നമ്മെ ഇന്നും നമ്മുടെ കാലത്തിലും നാം കൊണ്ടുവരികയല്ലാതെ ഒര്‍മ്മ മാത്രമായി നിലനിര്‍ത്തിയിട്ട് എന്ത് പ്രയോജനം.
നാട്ടിന്‍പുറം അതിന്റെ നന്മകള്‍ എന്താണ്. ഏവരും പരസ്പരം അറിയുന്നവരും ഒരു കുടുംബം പോലെ കഴിയുന്നവരുമാണ്. രാഷ്ട്രീയവും ജാതി വരമ്പുകളും ഒന്നും അവരുടെ ഇടയില്‍ മതിലായി മാറുന്നില്ല. ഒരു വീടിന്റെ ആവശ്യം നാടിന്റെ ആവശ്യം തന്നെയാണ്. പ്രകൃതിയുടെ അനുഗ്രഹമായാലും ദുരന്തമായാലും ഒരേപോലെ ഉള്‍ക്കൊണ്ടേ മതിയാവുകയുള്ളു. സ്‌നേഹവും സാഹോദര്യവും പങ്കുവെയ്ക്കലും ദിവസേനയുള്ള അനുഭവങ്ങളാണ് അതല്ലാതെ പ്രത്യേകം നാളും ദിനവും ഒന്നും വേണ്ട. ഒരു മഴക്ക് അലിഞ്ഞുപോകുന്ന മണ്‍തിട്ടകള്‍ മാത്രമാണ് അവരുടെ ഇടയിലുള്ള വേര്‍തിരിവ്.
എന്നാല്‍ നാഗരിക ജീവതം അങ്ങനെയല്ല. വേര്‍തിരിവും മതില്‍കെട്ടും എവിടെയും കാണാം. പരസ്പരം ആരെയും അറിയുന്നില്ല. ആരുടെയും അവസ്ഥകളില്‍ മനസ്സലിവുമില്ല. പ്രകൃതിയെയും മനുഷ്യനെയും ദൈവത്തെയും വെല്ലുവിളിക്കുന്ന മനസുകള്‍ അതിന്റെ പ്രത്യേകത തന്നെയാണ്.
ഈ വ്യത്യാസം ആത്മീയ തലങ്ങളില്‍ നാം കാണേണ്ടിയിരിക്കുന്നു. വി. ലൂക്കോസിന്റെ സൂവിശേഷം 2-ാം അദ്ധ്യായം 1 മുതല്‍ 12 വരെയുള്ള വാക്യങ്ങള്‍. തളര്‍വാദ ഗോരം ബാധിച്ച ഒരു മനുഷ്യനെ കര്‍ത്താവ് സൗഖ്യമാക്കുന്ന വായനാ ഭാഗം. ഈ ഭാഗം നാം വായിക്കുമ്പോള്‍ സൗഖ്യം കര്‍ത്താവിന്റെ ദാനം എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ബലഹീനതയുടെ നടുവിലാണ് ഇവന്‍ കഴിഞ്ഞിരുന്നത്. കര്‍ത്താവിന്റെ അടുത്ത് പോകുവാന്‍ യാതൊരു തലത്തിലും അവന് കഴിയുമായിരുന്നില്ല. എന്നാല്‍ അവന്റെ സ്‌നേഹിതരായ നാലുപേര്‍ അവന്റെ കുറവുകള്‍ അവരിലൂടെ കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ അവനെ താങ്ങിയെടുത്ത് കര്‍ത്താവ് ഇരിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്നു. അവിടെയും പ്രതികൂലതകള്‍ തന്നെയാണ്. ജന ബാഹുല്യത നിമിത്തം അവര്‍ക്ക് കര്‍ത്താവിന്റെ അടുത്തേക്ക് വരുവാന്‍ കഴിഞ്ഞില്ല. പിന്മാറാന്‍ തയ്യാറാകാതെ അവര്‍ വീടിന്റെ മേല്‍ക്കൂര പൊളിച്ച് അവനെ കട്ടിലോടു കൂടി ദൈവസന്നിധിയില്‍ എത്തിക്കുന്നു. അവന്റെ പാപങ്ങളെ മോചിപ്പിച്ച് അവന് രോഗ സൗഖ്യം കൊടുക്കുന്നു.
നമ്മുടെ സാമൂഹികമായ ബാധ്യത ഓര്‍മ്മപ്പെടുത്തുന്ന ഓരു ഭാഗം കൂടിയാണ്. പല വിധമായ ബലഹീനതകള്‍ ബാധിച്ച് കിടക്കുന്ന ആളുകളെ സൗഖ്യത്തിനായി ദൈവ മുന്‍പില്‍ എത്തിക്കാനുള്ള സാധ്യത ഈ നോമ്പ് കാലത്തില്‍ നാം ഏറ്റെടുക്കണം. രോഗം, നിരാശ, പട്ടിണി, അസമാധാനം ഇവയെല്ലാം വൈകല്യങ്ങളായി നമ്മുടെ ചുറ്റുമുണ്ട്. നമ്മോടൊപ്പം തന്നെ അവരെയും ദൈവ സന്നിധിയില്‍ നാം എത്തിച്ച് അവര്‍ക്ക് വേണ്ടുന്ന അനുഗ്രഹങ്ങള്‍ നമ്മള്‍ മൂലം അവര്‍ക്ക് നല്‍കണം.
നമ്മുടെ വിശ്വാസവും ജീവിതശൈലിയുമൊക്കെ അവരെ സ്വാധീനിക്കുന്നു. പ്രാര്‍ത്ഥനയും ഉപവാസവും വേദപാരായണവും സഹായങ്ങളും ഈ നാല് പേരെ പോലെ നമ്മെയും ദൈവ സന്നിധിയില്‍ നിലനിര്‍ത്തുവാന്‍ സഹായിക്കും. പരസ്പരം അറിഞ്ഞ് കരുതലോടെ ജിവിക്കുവാന്‍ ഈ നോമ്പ് നമ്മെ സഹായിക്കട്ടെ. പാപങ്ങള്‍ ക്ഷമിക്കപ്പെട്ട് രോഗങ്ങള്‍ നീന്തി പോകുവാന്‍ നമുക്ക് ഈ നോമ്പ് തുണയാകട്ടെ. മനുഷ്യനെ വേര്‍തിരിക്കുന്ന എല്ലാ അതിര്‍വരമ്പുകളും മാറ്റി ഒരേ മനസോടെ ദൈവ മുന്‍പില്‍ നാം നിനില്‍ക്കുന്നുവെങ്കില്‍ അത്ഭുതങ്ങളും നമ്മുടെ മദ്ധ്യേ ദൈവം നടത്തും.
ദൈവം അനുഗ്രഹിക്കട്ടെ!
Leave a Reply