ഫാ. ഹാപ്പി ജേക്കബ്
നാല്‍പ്പത് നോമ്പിലെ അവസാന ഞാറാഴ്ച്ചയില് നാം എത്തിച്ചേര്‍ന്നിരിക്കുകയാണ്. കഠിനതയേറിയ നോമ്പില്‍ സ്വയം ഉരുകി അന്തരംഗത്തിലെ പാപക്കറകള്‍ കഴുകി വെടിപ്പാക്കി കര്‍ത്താവിന്റെ കഷ്ടാനുഭവത്തില്‍ പങ്കുചേരുവാന്‍ ഒരുങ്ങുന്ന ദിനങ്ങളാണ്. ശത്രുവിനോട് പടവെട്ടി ജയത്തിന്റെ അടയാളമാകുന്ന വി. സ്ലീസായീല് അഭയപ്പെടുന്ന ദിനങ്ങളാണ്.
കാണേണ്ടവ കാണാതിരിക്കുകയും കാണരുതാത്തവ കാണുന്നതും ഒരുപോലെ തെറ്റു തന്നെയാണ്. ഇന്ന് ഈ കാലയളവില്‍ കൈ മോശം വന്ന ഒരു പ്രധാനകാര്യം കാണുന്നു എന്ന് പറയുകയും എന്നാല്‍ കാണാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. ആരോഗ്യപരമായി നാം കാഴ്ച്ചയെക്കുറിച്ച് ചിന്തിക്കുന്നത് ഇപ്രകാരമാണ്. പ്രകാശം ഒരു വസ്തുവില്‍ പ്രതിഫലിച്ച് നമ്മുടെ കണ്ണിലൂടെ അത് ബുദ്ധിയുടെ കേന്ദ്രമായ തലച്ചോറില്‍ വിചിന്തനം ചെയ്ത് മനസിലാക്കുമ്പോഴാണ് കാഴ്ച്ച പൂര്‍ണമാകുന്നത്. എന്നാല്‍ അങ്ങെനെ വിചിന്തനം ചെയ്ത ആശയങ്ങള്‍ എപ്രകാരം നമ്മില്‍ സ്വാധീനം ചെലുത്തുന്ന എന്ന കാര്യത്തിലാണ് അതിന്റെ മാനുഷിക വശം നാം മനസിലാക്കേണ്ടത്. കാഴ്ച്ചയുടെ പ്രധാന അംശം പ്രകാശത്തെ അനുസരിച്ചാണ് നിലനില്‍ക്കുന്നത്. ഭൗതികമായി അന്ധത ബാധിച്ച പലരെയും നാം കണ്ടുമുട്ടാറുണ്ട്. മറ്റ് ഇന്ദ്രിയങ്ങള്‍ കൂടുതലായി ജോലി ചെയ്ത് അവരുടെ സാധാരണ ജീവിതം സാധ്യമാക്കുന്നു. കാരണം അവര്‍ കാണുന്നത് ആന്തരിക നയനങ്ങള്‍ കൊണ്ടാണ്.
വി. യോഹന്നാന്റെ സുവിശേഷം 9-ാം അദ്ധ്യായം ഒന്ന് മുതല്‍ നാല്‍പ്പത്തിയൊന്ന് വരെയുള്ള ഭാഗങ്ങളില്‍ അന്ധനായ ഒരു വ്യക്തിക്ക് കര്‍ത്താവ് കാഴ്ച്ച കൊടുക്കുന്ന അനുഭവമാണ് പ്രതിപാദിച്ചിരിക്കുന്നത്. അവന് കാഴ്ച്ച പ്രാപിക്കുമ്പോള്‍ കാഴ്ച്ച് ഉണ്ടെന്ന് അഭിമാനിച്ചിരിക്കുന്നവരുടെ അന്ധതയെ കര്‍ത്താവ് തുറന്നുകാട്ടുന്നു. ഞാന്‍ ലോകത്തിലെ വെളിച്ചമാകുന്നുവെന്ന് കാര്‍ത്താവ് നിലത്തെ ചേറ് അവന്റെ കണ്ണില്‍ തേ്ച്ച് അവന് സൗഖ്യം കൊടുക്കുന്നു.
ഈ ജീവിതത്തില്‍ നാം അനുഭവിക്കുന്ന ഏറ്റവും ഭാഗ്യകരമായ ഒരു കാര്യം ദൈവകൃപയാണ് കാഴ്ച്ചയുടെ അനുഭവത്തിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ഒരു ഉത്തരവാദിത്വം ഈ കൃപയിലൂടെ നാം നിര്‍വ്വഹിക്കേണ്ടിയിരിക്കുന്നു. ഒന്നാമത്, പ്രകാശത്തിന്റെ മൂര്‍ത്തീഭാവമായ ദൈവത്തെ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. വി. നോമ്പിലൂടെ നമ്മുടെ കണ്ണുകളെ തുറന്ന് പാപം കൊണ്ട് അന്ധകാരപ്പെട്ടിരിക്കുന്ന കണ്ണുകളെ നമുക്ക് തുറക്കാം.
രണ്ടാമത്, നമുക്ക് ചുറ്റുമുള്ള ദൈവസൃഷ്ടികളെ നാം കാണേണ്ടിയിരിക്കുന്നു. കണ്ടിട്ടും കാണാതെ പോകുന്ന നമ്മുടെ സ്വഭാവം നാം മാറ്റേണ്ടിയിരിക്കുന്നു. ഇന്ന് നമുക്ക് ഇഷ്ടമുള്ള ആളുകളുടെയപം കാര്യങ്ങളെയുമാണ് നാം കാണുന്നത്. എന്നാല്‍ നമ്മുടെ സഹായം അവര്‍ക്കുമുള്ള കാര്യങ്ങളെയും നാം അവഗണിച്ച് ജീവിക്കുന്നു. ഭാരങ്ങളുടെയും പട്ടിണിയുടെയും വേദനകളുടെയും ഒരു ലോകത്തില്‍ ജീവിക്കുന്ന ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവരെയൊന്നും നാം കാണുന്നേയില്ല. കാരണം ഒന്നേയുള്ളു. നാം ആത്മീയ അന്ധത ബാധിച്ചവരാണ്. ദൈവത്തെ കാണാന്‍ ശ്രമിച്ചിട്ടില്ല. പിന്നെ ദൈവ സൃഷ്ടിയെ കാണാന്‍ സാധിക്കും.
ഈ നോമ്പ് നമ്മുടെ ആത്മീയ നയനങ്ങള്‍ തുറന്നിട്ടുണ്ടെങ്കില്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നാം നിര്‍വ്വഹിച്ചേ മതിയാകൂ. അന്ധതയില്‍ ഇരിക്കുന്നവര്‍ക്ക് പ്രകാശത്തെ കാട്ടികൊടുക്കണം. മരണനിഴലില്‍ ഇരിക്കുന്നവര്‍ക്ക് പ്രത്യാശ പകര്‍ന്ന് നല്‍കണം. ആവശ്യത്തിലിരിക്കുന്നവന്റെ ആവശ്യം മനസിലാക്കി വേണ്ടത് ചെയ്യാനുള്ള മനസാക്ഷി ഉണരണം. ഈ നോമ്പിന്റെ ദിനങ്ങള്‍ അതിനുള്ള ശക്തി നല്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
Leave a Reply