ലിവര്‍പൂള്‍: പ്രസ്റ്റണ്‍, ബ്ലാക്പൂള്‍, ലിവര്‍പൂള്‍ പ്രദേശങ്ങളിലുള്ള ക്‌നാനായ കത്തോലിയ്ക്കാ കുടുംബങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ലിവര്‍പൂള്‍ ആസ്ഥാനമായി ആരംഭിയ്ക്കുന്ന ക്‌നാനായ മിഷനിലേയ്ക്ക് പുതുതായി നിയമിതനായ ഫാ: ജോസ് തേക്കുനില്‍ക്കുന്നതിലിന് ലിവര്‍പൂള്‍ സെന്റ് പയസ് പളളിയങ്കണത്തില്‍ വച്ച് ഊഷ്മള സ്വീകരണവും പൊതുസമ്മേളനവും നടന്നു.

കൃത്യം 4:30ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ വികാരി ജനറാള്‍ ഫാ: സജി മലയില്‍പുത്തന്‍പുരയോടൊപ്പം പള്ളിയങ്കണത്തിലെത്തിയ ജോസച്ചനെ ക്‌നാനായ സമുദായത്തിന്റെ പരമ്പരാഗത രീതിയില്‍ നടവിളികളും, മര്‍ത്തോമല്‍ ഗീതങ്ങളും ആലപിച്ച് വരവേറ്റു. തുടര്‍ന്ന് മുത്തുക്കുടകളുടെയും താലപ്പൊലിയേന്തിയ യുവജനങ്ങളുടെയും കുട്ടികളുടെയും അകമ്പടിയോടെ മെഴുകുതിരി പ്രഭയില്‍ പ്രകാശപൂരിതമായ അള്‍ത്താരയില്‍ ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് വിശുദ്ധ പത്താംപീയൂസിന്റെ നാമധേയത്തില്‍ മതബോധന ക്ലാസ്സുകളുടെ ഉല്‍ഘാടനവും നടന്നു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ പള്ളിക്കമ്മറ്റിയ്ക്കു വേണ്ടി ട്രസ്റ്റി സിറിയക്ക് സ്റ്റീഫന്‍ സ്വാഗതം ആശംസിച്ചു. യു കെ കെ സി എ ലിവര്‍പൂള്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട്, സെക്രട്ടറി ജോബി ജോസഫ്, പ്രസ്റ്റണ്‍ യൂണിറ്റ് പ്രസിഡന്റ് അനൂപ് അലക്‌സ്, ബ്ലാക്പൂള്‍ യൂണിറ്റ് സെക്രട്ടറി ജോണി ചാക്കൊ, യുകെകെസിഎ ജനറല്‍ സെക്രട്ടറി സാജു ലൂക്കോസ്, വനിതാ ഫോറത്തിനുവേണ്ടി ആലീസ് ബേബി, യുവജന സംഘടനയായ കെ സി വൈ ല്‍ നുവേണ്ടി യൂണിറ്റ്, നാഷണല്‍ ഭാരവാഹികളായ ഐഞ്ചലില്‍ വില്‍സണ്‍, സ്റ്റെഫില്‍ ലൂക്ക് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് വിവിധ കമ്മറ്റി അംഗങ്ങള്‍ ഇരു വൈദികരെയും പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്‌നാനായ സമുദായത്തിന്റെ അടിയുറച്ച പാരമ്പര്യവിശ്വാസങ്ങളും സഭാ സമുദായ സ്‌നേഹവും കാത്തു പരിപാലിക്കുവാന്‍ ലിവര്‍പൂള്‍ ക്‌നാനായ മിഷനിലൂടെ സാദ്ധ്യമാകട്ടെയെന്ന് ഫാ: സജി മലയില്‍പുത്തന്‍പുരയും, ഫാ: ജോസ് തേക്കുനില്‍ക്കുന്നതിലും മറുപടി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.

ജെസ്സി ജോസ് ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. ചിട്ടയായി ക്രമീകരിച്ച പരിപാടികള്‍ക്ക് ട്രസ്റ്റിമാരായ ബേബി ജോസഫ്, സിറിയക്ക് സ്റ്റീഫന്‍, ജെസ്സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. രാത്രി ഏറെ വൈകി സ്‌നേഹവിരുന്നോടെ കുശലം പറഞ്ഞ് യാത്ര പറയുമ്പോള്‍ ക്‌നാനായ മക്കളുടെ സമുദായ സ്‌നേഹത്തിന്റെ അലയടികള്‍ എങ്ങും നിറഞ്ഞു നിന്നിരുന്നു.