ഫാ. ബിജു കുന്നയ്ക്കാട്ട്

സ്‌കന്ദോര്‍പ്പ്: ഞായറാഴ്ച നടന്ന മാഞ്ചസ്റ്റര്‍ റീജിയണ്‍ ബൈബിള്‍ കലോത്സവത്തോടുകൂടി, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം ബൈബിള്‍ കലോത്സവത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായി. രൂപതയുടെ എട്ടു റീജിയനുകളിലെ മത്സരവിജയികള്‍ നവംബര്‍ പത്തിന് ബ്രിസ്റ്റോളില്‍ നടക്കുന്ന രൂപതാ തല മത്സരങ്ങളില്‍ മാറ്റുരക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പങ്കാളിത്തവും മത്സരമികവും കൊണ്ട് ഈ വര്‍ഷത്തെ മത്സരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. രൂപത തല മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

റീജിയണല്‍ തല മത്സരങ്ങളില്‍, ഒടുവില്‍ നടന്ന മാഞ്ചസ്റ്റര്‍ റീജിയന്‍ കലോത്സവം വര്‍ണാഭമായി. റീജിയണിലെ മിക്ക വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. രാവിലെ നടന്ന വി. കുര്‍ബാനക്കും ബൈബിള്‍ പ്രതിഷ്ഠയ്ക്കും റവ. ഫാ. ജോസ് അഞ്ചാനിക്കല്‍ കാര്‍മ്മികത്വം വഹിച്ചു. പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ മത്സരങ്ങളുടെ മൂല്യനിര്‍ണയം നടത്തി. സമയബന്ധിതമായി നീങ്ങിയ മത്സരങ്ങളും അനുബന്ധ ചടങ്ങുകളും വൈകിട്ട് എട്ടു മണിയോടുകൂടി സമാപിച്ചു. കലാമൂല്യമുള്ള അവതരണങ്ങളിലൂടെ മത്സരാര്‍ത്ഥികള്‍ ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റി. റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, റവ.ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മത്സരത്തിന് ആതിഥ്യമരുളിയ സ്‌കന്ദോര്‍പ്പ് വിശ്വാസസമൂഹം, സംഘാടക മികവിന്റെ പേരില്‍ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി. ഡയറക്ടര്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, കണ്‍വീനര്‍ ജിമ്മിച്ചന്‍ ജോര്‍ജ്, ജോ. കണ്‍വീനര്‍ ഡൊമിനിക് സെബാസ്റ്റ്യന്‍, വിവിധ സ്റ്റേജുകളില്‍ ഉത്തരവാദിത്വം വഹിച്ച വിവിധ കമ്മറ്റികള്‍, യൂത്ത് മെംബേര്‍സ്, വളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ മികച്ച രീതിയില്‍, പരാതികള്‍ക്ക് ഇടനല്‍കാത്ത വിധത്തില്‍ മത്സരങ്ങള്‍ക്കായുള്ള വേദി ക്രമീകരിച്ചു. ആറു വേദികളിലായി നടന്ന മത്സരങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകാത്ത രീതിയില്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ പുരോഗമിച്ചു. രാവിലെ മുതല്‍ ഭക്ഷണത്തിനും ലഭിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു. ഓരോ മണിക്കൂറിലും മത്സരഫലങ്ങള്‍ ഓണ്‍ലൈന്‍ അപ്ഡേഷന്‍ വഴി ലഭ്യമായിരുന്നു. മത്സരത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവരും സ്‌കന്ദോര്‍പ്പിന്റെ സംഘാടക മികവിനെ പ്രശംസിച്ചാണ് മടങ്ങിയത്.

റീജിയണല്‍ തല മത്സരങ്ങളില്‍, വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കുമാണ് ബ്രിസ്റ്റോളില്‍ നടക്കുന്ന രൂപതാതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. കപ്പിള്‍സ് ബൈബിള്‍ ക്വിസ് വ്യക്തിഗത ഇനമായി പരിഗണിക്കുന്നതിനാല്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും രൂപതാതല മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. ഷോര്‍ട് ഫിലിം മത്സരങ്ങള്‍ക്കുള്ള എന്‍ട്രി സമര്‍പ്പിക്കേണ്ട അവസാന തിയതി ഇന്നാണ്. രൂപതാതല മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Greenway Centre, Southmead, Bristol, BS10 5PY. എല്ലാ മത്സരാര്‍ഥികള്‍ക്കും പ്രാര്‍ത്ഥനാപൂര്‍വ്വം വിജയാശംസകള്‍.