ഫാ. ബിജു കുന്നയ്ക്കാട്ട്

ലണ്ടന്‍: മനം നിറഞ്ഞ പ്രാര്‍ത്ഥനയിലും മനസ്സില്‍ തൊട്ട തിരുവചനപ്രഭാഷങ്ങളിലും ദൈവസാന്നിധ്യം അനുഭവിച്ചറിഞ്ഞ ‘രണ്ടാം അഭിഷേകാഗ്‌നി’ കണ്‍വെന്‍ഷന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഭക്തിനിര്‍ഭരമായ സമാപനം. രൂപതയുടെ എട്ടു റീജിയനുകളിലെ എട്ടു പ്രമുഖ നഗരങ്ങളിലായി ഒക്ടോബര്‍ ഇരുപത് മുതല്‍ നടന്നുവന്ന ആത്മീയആഘോഷത്തിനാണ് ഇന്നലെ ലണ്ടനില്‍ പര്യവസാനമായത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലോകപ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിസ് ഡയറക്ടറുമായ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, രൂപത ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, റീജിയണല്‍ ഡയറക്ടര്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, സെഹിയോന്‍ ടീം എന്നിവരുടെ നേതൃത്വത്തിലാണ് ഈ അനുഗ്രഹ ദിവസങ്ങള്‍ ഒരുക്കിയത്.

ഇന്നലെ ലണ്ടണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ നടന്ന ഹാരോ ലെഷര്‍ സെന്റര്‍ നിറഞ്ഞു കവിഞ്ഞു വിശ്വാസികള്‍ ദൈവവചനം കേള്‍ക്കാനെത്തി. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച ശുശ്രുഷകളില്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കി. ജീവിതത്തിലുണ്ടാകുന്ന സഹനങ്ങള്‍ക്കു പത്രോസിനെപ്പോലെ എതിര് നില്‍ക്കുമ്പോള്‍ നമ്മുടെ ചിന്ത വെറും മാനുഷികമായിപ്പോകുന്നെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായിട്ടുള്ളത് ഒന്നേയുള്ളു-മറിയത്തെപ്പോലെ നസ്രായനായ ഈശോയുടെ പാദത്തിങ്കല്‍ ഇരിക്കുക. നമ്മില്‍ എപ്പോഴും സംസാരിക്കുന്നതു സ്വര്‍ഗ്ഗസ്ഥനായ പിതാവാണോ അതോ ഈ ലോകത്തിന്റെ പ്രഭുവാണോ എന്ന് നാം ഹൃദയ പരിശോധന നടത്തണം. ഈ ലോകത്തില്‍ സുഖഭോഗങ്ങളില്‍ കഴിയുന്ന വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചു കഴിഞ്ഞിരിക്കുന്നെന്നും ഈശോയെ ദൈവമായി സ്വീകരിക്കുന്നവര്‍ക്കു മാത്രമേ നിത്യജീവന്‍ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ സ്വരത്തിനു കാതോര്‍ക്കണമെന്നു വചന പ്രഘോഷണം നടത്തിയ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. പരി. ആത്മാവ് പറയുന്നതുപോലെ ഉള്ളിലെ കരട് എടുത്തു മാറ്റുക. ഒരു വ്യക്തി ഈശോയെ സ്വന്തമാക്കിയാല്‍ അയാള്‍ നിത്യജീവന്‍ സ്വന്തമാക്കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. റവ. ഫാ. സോജി ഓലിക്കലും വചനപ്രഘോഷണം നടത്തി. നോര്‍ത്താംപ്ടണ്‍ രൂപതയുടെ വികാരി ജനറാള്‍ റവ. ഫാ. ഷോണിന്റെ സാന്നിധ്യം അനുഗ്രഹമായി. റവ. ഫാ. നോബിള്‍ HGN കുട്ടികള്‍ക്കായി ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു.

ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് അന്ത്യാംകുളം ഉള്‍പ്പെടെ റീജിയനില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ സീറോ മലബാര്‍ വൈദികരും, രണ്ടായിരത്തിലധികം വിശ്വാസികളും ഈ അനുഗ്രഹ ദിവസത്തില്‍ പങ്കുചേരാനെത്തി. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമൊരുക്കിയിരുന്നു. പതിവുപോലെ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് സമാധാനമായത്. ലണ്ടന്‍ നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലും സാധ്യമായ ഒരുക്കങ്ങളെല്ലാം സംഘാടകസമിതി ചെയ്തിരുന്നു.

രണ്ടാഴ്ച നീണ്ടുനിന്ന ആത്മീയ നവോഥാന ശുശ്രുഷകളില്‍ ആയിരങ്ങളാണ് രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ ശുശ്രുഷകളില്‍ പങ്കുചേര്‍ന്നത്. ഔദ്യോഗിക-കുടുംബജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ദൈവചനം കേള്‍ക്കാനായി വന്നെത്തിയ എല്ലാവര്‍ക്കും ദൈവം സമൃദ്ധമായി അനുഗ്രഹങ്ങള്‍ നല്‍കട്ടെയെന്നു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആശംസിച്ചു. വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കിയ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനും ടീമംഗങ്ങള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും നന്ദി പറയുന്നതായും ദൈവാനുഗ്രഹം പ്രാര്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.