ഫാ. ബിജു കുന്നയ്ക്കാട്ട്

ഓക്‌സ്‌ഫോര്‍ഡ്: ലോകപ്രശസ്ത പഠനകേന്ദ്രമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രബന്ധം അവതരിപ്പിച്ചു. സര്‍വകലാശാലയിലെ ന്യൂമാന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വ്യാഴാഴ്ച സെമിനാറുകളുടെ പരമ്പരയില്‍ ‘സിറോ മലബാര്‍ സഭയും അതിന്റെ പൗരസ്ത്യ സുറിയാനി പാരമ്പര്യവും’ എന്ന വിഷയത്തെ അധികരിച്ചാണ് മാര്‍ സ്രാമ്പിക്കല്‍ വിഷയാവതരണം നടത്തിയത്.

ഓസ്ഫോര്‍ഡ് സര്‍വകലാശാലയിലെ കാത്തലിക് ചാപ്ലൈന്‍സ് റവ ഫാ. മാത്യു പവര്‍ എസ് ജെ, റവ. ഫാ യാന്‍ തോമിലിസണ്‍ എസ് ജെ, പ്രശസ്ത ബൈബിള്‍ പണ്ഡിതന്‍ റവ ഫാ നിക്കൊളാസ് കിംഗ് എസ് ജെ എന്നിവര്‍ പങ്കെടുത്ത ഈ യോഗത്തില്‍ ഓസ്ഫോര്‍ഡ് സര്‍വകലാശാലയിലെ നിരവധി വിദ്യാര്‍ത്ഥികളും ഗവേഷകരും ശ്രോതാക്കളായി എത്തി. സിറോ മലബാര്‍ സഭയുടെ അപ്പോസ്‌തോലിക പാരമ്പര്യം, പൗരസ്ത്യ സുറിയാനി ആരാധന ക്രമ സവിശേഷതകള്‍, മാര്‍ അദ്ദായി മാറി അനാഫറായുടെ പ്രത്യേകതകള്‍ എന്നിവ അടിവരയിട്ട പ്രബന്ധ അവതരണത്തിനു ശേഷം അരമണിക്കൂര്‍ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. പൗരസ്ത്യ ദൈവശാസ്ത്രത്തില്‍ അദ്ദേഹം മാസ്റ്റര്‍ ബിരുദം നേടിയത് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു. ഓക്‌സ്‌ഫോര്‍ഡിലെ ബിരുദം കൂടാതെ, മറ്റു മൂന്നു യുണിവേഴ്‌സിറ്റികളില്‍നിന്നായി മൂന്നു വിഷയങ്ങളില്‍ കൂടി ബിരുദാനന്തരബിരുദങ്ങള്‍ മാര്‍ സ്രാമ്പിക്കല്‍ നേടിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ മെത്രാനായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍, റോമിലെ പ്രശസ്തമായ ‘കോളേജിയോ ഉര്‍ബാനോ’യില്‍ വൈസ് റെക്ടറായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള അദ്ദേഹം, ‘കരുണയുടെ വര്‍ഷത്തില്‍’ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ആയിരം കുമ്പസ്സാരക്കാരില്‍ (കരുണയുടെ മിഷനറിമാര്‍) ഒരാളായിരുന്നു മാര്‍ സ്രാമ്പിക്കല്‍.