ഫാ. ബിജു കുന്നയ്ക്കാട്ട്

ബെര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആവിഷ്‌കരിച്ച ‘പഞ്ചവത്സര അജപാലന പദ്ധതിയിലെ ആദ്യ വര്‍ഷമായി ആചരിച്ചുവരികയായിരുന്ന’ കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ ഒന്നിന് ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഔദ്യോഗിക സന്ദര്‍ശനം നനടത്തുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പരിപാടിയുടെ കോ ഓര്‍ഡിനേറ്ററും വികാരി ജനറാളുമായ റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

ഏഴുമുതല്‍ മുകളിലേക്കുള്ള ക്ലാസ്സുകളില്‍ മതപഠനം നടത്തുന്ന കുട്ടികളെയും അദ്ധ്യാപകരെയും മാതാപിതാക്കളെയുമാണ് അന്നേ ദിവസം പ്രധാനമായും പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ നേതൃത്വം നല്‍കുന്ന ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങളാലപിക്കും. ഡേവിഡ് വെല്‍സ്, ഓല സ്‌റ്റൈന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും രൂപത ബൈബിള്‍ കലോത്സവത്തില്‍ വിജയികളായവരുടെ കലാപ്രകടനങ്ങളും പരിപാടികള്‍ക്ക് മാറ്റ് കൂട്ടും. അന്നേദിവസം മറ്റു വി. കുര്‍ബാന കേന്ദ്രങ്ങളിലെ തിരുക്കര്‍മങ്ങള്‍ മാറ്റി വയ്ക്കണമെന്നും രൂപതയുടെ ഈ പൊതു പരിപാടിയില്‍ സംബന്ധിക്കണമെന്നും രൂപതാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനം കുറിക്കുന്നതോടൊപ്പം, യൂവജനവര്‍ഷത്തിന്റെ ഉദ്ഘാടനവും മാര്‍ ആലഞ്ചേരി നിര്‍വഹിക്കും. രൂപത മൈനര്‍ സെമിനാരി റെക്ടര്‍ റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍ ആണ് യൂവജന വര്‍ഷത്തിന് രൂപതാതലത്തില്‍ നേതൃത്വം കൊടുക്കുന്നത്. കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാനെത്തുന്ന എല്ലാ കുട്ടികളുടെയും പേരുവിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണമെന്ന് രൂപതാകേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കോ-ഓര്‍ഡിനേറ്റര്‍, റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ അറിയിച്ചു.