കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ലീഡ്‌സിലും സമീപ പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ സമൂഹത്തെ ഞായറാഴ്ച്ച മിഷനായി പ്രഖ്യാപിക്കുമ്പോള്‍ വിശ്വാസികളുടെ ചിരകാല സ്വപ്‌നമാണ് പൂവണിയുന്നത്. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നാലേകാലോടു കൂടി സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും ഗ്രേറ്റ് ബ്ര്ിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെയും സ്വീകരിക്കുന്നതിലൂടെയാണ് മിഷന്‍ ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമിടുന്നത്. തുടര്‍ന്ന് നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികനാവും. മാര്‍. ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ക്ക് പുറമെ വികാരി. ജനറാള്‍ റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഫാ. മാത്യു പിണക്കാട് ഉള്‍പ്പെടെയുള്ള നിരവധി വൈദികര്‍ മിന്‍ പ്രഖ്യാപന ചടങ്ങിന് എത്തുന്നുണ്ട്.
ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികള്‍ പല കാര്യങ്ങളിലും ഒരു മുഴം മുന്നേ ചലിക്കുന്നവരും, മാതൃകാപരമായ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധിക്കപ്പെടുന്നവരുമാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ രൂപികരണത്തിനും മുമ്പു തന്നെ വിശ്വസപരമായ ആവശ്യങ്ങള്‍ക്കായി ദേവലയം ലഭിച്ചതിലൂടെ അനുദിന ദിവ്യബലിയും, എല്ലാ ഞായറാഴ്ച്ചയും വേദപഠനവും ആരംഭിച്ചു. ലീഡ്‌സിലെ സീറോ മലബാര്‍ സമൂഹം ഫാ. മാത്യു മുളോയോലിയുടെ നേതൃത്വത്തില്‍ രൂപതാ തലത്തിലുള്ള എല്ലാ വിശ്വാസ പരിപാടികളിലും സജീവ സാന്നിധ്യമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് ചാപ്ലിന്‍സിക്ക് തുടക്കമിടുന്നത്. ഫാ. ജോസഫ് പൊന്നോത്ത് ആയിരുന്നു ലീഡ്‌സ് ചാപ്ലിന്‍സിയുടെ പ്രഥമ അമരക്കാരന്‍. ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ദേവാലയത്തിന്റെ ഉടമസ്ഥാവകാശം അധികം താമസിയാതെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉടമസ്ഥാവകാശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലീഡ്‌സിന് ഇടവക എന്ന പദവി ലഭിക്കും. ഞായറാഴ്ച്ച നടക്കുന്ന മിഷന്‍ പ്രഖ്യാപന ചടങ്ങിലേക്ക് ഗ്രേറ്റ് ബ്രിട്ടനിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. മാത്യു മുളയോലില്‍ അറിയിച്ചു.
Leave a Reply