ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ആത്മീയ വളര്‍ച്ചയുടെ പുതിയ ഭാവം സമ്മാനിച്ച സഭാതലവന്റെ അജപാലന സന്ദര്‍ശനത്തിനും മിഷന്‍ പ്രഖ്യാപനങ്ങള്‍ക്കും ഇന്ന് സമാപനം. പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയില്‍ ഇന്ന് രാവിലെ വി. കുര്‍ബാനയര്‍പ്പിക്കുകയും വൈകിട്ട് ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ് ദൈവാലയത്തില്‍ മിഷന്‍ പ്രഖ്യാപനം നടത്തുകയും ചെയ്യുന്നതോടുകൂടി, സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ ഇത്തവണത്തെ അജപാലന സന്ദര്‍ശനത്തില്‍ ഇരുപത്തേഴു സീറോ മലബാര്‍ മിഷനുകളും ഒരു സീറോ മലബാര്‍ ക്‌നാനായ മിഷനും സ്ഥാപിക്കുകയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ രണ്ടു ഇടവക ദൈവാലയങ്ങളില്‍ (കത്തീഡ്രല്‍, ലിതെര്‍ലാന്‍ഡ്) ദിവ്യബലിയര്‍പ്പിക്കുകയും ചെയ്യും. ഇന്ന് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബഹു. വൈദികര്‍, വിശ്വാസികള്‍ എന്നിവര്‍ സഭാതലവനൊപ്പം തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരും.
മിഷന്‍ പ്രഖ്യാപന ശ്രേണിയില്‍ ഇന്നലെ രണ്ടിടങ്ങളിലായി മൂന്നു മിഷനുകള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടു. സെഹിയോന്‍ മിനിസ്ട്രീസ് യു.കെയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ദിവസമായിരുന്ന ഇന്നലെ, ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ‘സെന്റ് തോമസ് ദി അപ്പോസല്‍’ മിഷന്‍ നോര്‍ത്താംപ്റ്റനും (ഡയറക്ടര്‍, റവ. ഫാ. ബെന്നി വലിയവീട്ടില്‍ MSFS) ‘സെന്റ് ഫൗസ്തിന മിഷന്‍ കേറ്ററിങ്ങും’ (ഡയറക്ടര്‍, റവ. ഫാ. വില്‍സണ്‍ കൊറ്റം) കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞു ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ ഇടവക ദൈവാലയമായ ലിവര്‍പൂളിലെ, ‘ലിതെര്‍ലാന്‍ഡ് സമാധാനരാഞ്ജി’ ദൈവാലയത്തില്‍ വെച്ച് വിരാള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘സെന്റ് ജോസഫ്സ് മിഷന്‍’ വിരാലിന്റെ (ഡയറക്ടര്‍, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍) ഉദ്ഘാടനവും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നിര്‍വ്വഹിച്ചു.
ഇതിനിടയില്‍, ലിവര്‍പൂള്‍ ആര്‍ച്ച്ബിഷപ് മാല്‍കം മാക്മഹോനുമായും ലിവര്‍പൂള്‍ അതിരൂപതയുടെ എമേരിത്തൂസ് സഹായമെത്രാന്‍ വിന്‍സെന്റ് മലോണുമായും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തില്‍ എന്നിവരും സന്ദര്‍ശനത്തില്‍ കര്‍ദ്ദിനാളിനോടൊപ്പമുണ്ടായിരുന്നു. ഇന്നലെ നടന്ന മിഷന്‍ പ്രഖ്യാപനങ്ങളിലും വി.കുര്‍ബാനയിലും നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും പങ്കുചേര്‍ന്നു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അജപാലന സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്ന് രൂപതയുടെ കത്തീഡ്രല്‍ ദൈവാലയമായ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദൈവാലയത്തില്‍ (St. Ignatius Square, Preston, PR1 1TT) രാവിലെ 10. 30ന് മാര്‍ ആലഞ്ചേരി ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കും. വൈകിട്ട് 4. 15ന് ലീഡ്സ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ (St. Wilfrid’s Catholic Church, 2a Whincover Bank, Leeds, LS12 5JW) പുതിയ മിഷന്‍ പ്രഖ്യാപിക്കുകയും ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയും ചെയ്യും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, മിഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യു മുളയോലില്‍ എന്നിവരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നിരവധി വൈദികരും വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു ദൈവത്തിനു നന്ദി പറയും. ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.
Leave a Reply