ഫാ. ഹാപ്പി ജേക്കബ്
ജിവിത വിശുദ്ധിയുടെ പടവുകള്‍ തേടി ഒരു തീര്‍ത്ഥയാത്ര നാം ആരംഭിക്കുകയാണ്. കാരണങ്ങള്‍ ധാരാളം മനസില്‍ ഉള്‍കൊണ്ടുകൊണ്ടാണ് നമ്മില്‍ പലരും ഈ യാത്രയില്‍ പങ്കുകാരാവുന്നത്. എന്നാല്‍ ആന്തരിക വിശുദ്ധി അതിന്റെ പാരമൃത്തില്‍ എത്തി നമ്മുടെ ജീവദാതാവോടൊപ്പം സമന്വയപ്പെടുക എന്നതാവട്ടെ നോമ്പിന്റെ അത്യന്തിക ലക്ഷ്യം. മറ്റൊരു കാര്യം കൂടി പ്രസ്താവിക്കട്ടെ. നോമ്പ് നോറ്റ് രൂപാന്തരം നേടുക എന്നാണ് പലരും ലക്ഷ്യമായി കാണുന്നത്. എന്നാല്‍ അങ്ങനെയല്ല! നോമ്പിന്റെ ആരംഭദിനം തന്നെ രൂപാന്തരണം നാം നേടിയിരിക്കണം. അതിനാലാണ് നോമ്പിന്റെ പ്രാര്‍ത്ഥന ആരംഭിക്കുമ്പോള്‍ തന്നെ നിരപ്പിന്റേയും സമാധാനത്തിന്റേയും പ്രതീകമായി ക്ഷമ യാചിച്ചുകൊണ്ട് ആരംഭിക്കുന്നത്. കാലികമായി നാം നോക്കുമ്പോള്‍ ഇത് എഴുതുന്ന സമയം വന്ന വാര്‍ത്ത തന്നെ നാം പ്രചോദനമായി കാണുകയാണ്. യുദ്ധ തടവുകാരനായി പിടിക്കപ്പെട്ട യോദ്ധാവിനെ ആദരിച്ച് മാതൃരാജ്യത്തിന് നല്‍കി സമാധാനത്തിന്റെയും ക്ഷമയുടെയും ഒരു തിരി കൊളുത്തിയ വാര്‍ത്ത. ഇന്ന് നമ്മുടെ ഭവനത്തിലുള്ള ആളുകളോട് നമുക്ക് ക്ഷമിക്കാം, ക്ഷമ ചോദിക്കാം. വി. മത്തായി 5:23. ആകയാല്‍ നിന്റെ വഴിപാട് യാഗപീഠത്തിങ്കല്‍ കൊണ്ട് വരുമ്പോള്‍ സഹോദരന് നിന്റെ നേരെ വലതും ഉണ്ടെന്ന് അവിടെ വെച്ച് ഓര്‍മ്മ വന്നാല്‍ നിന്റെ വഴിപാട് അവിടെ വെച്ചേച്ച്, ഒന്നാമത് ചെന്ന് സഹോദരനോട് നിരന്ന് കൊള്ളുക. പിന്നെ വന്ന് നിന്റെ വഴിപാട് കഴിക്ക.
രൂപാന്തരീകരണത്തിന്റെ ഏറ്റവും ഉദാത്തമായ വേദരാഗമാണ് വി. യോഹന്നാന്‍ 2: 1-11 വരെയുള്ള ഭാഗങ്ങളില്‍ നാം വായിക്കുന്നത്. യേശു ഇത് അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വെച്ച് ചെയ്ത് തന്റെ മഹത്വം വെളിപ്പെടുത്തി.
പ്രിയ സഹോദരങ്ങളെ, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വെടിഞ്ഞാല്‍ അത് നോമ്പാവില്ല. ഒരുക്കത്തോടെ നിശ്ചയദാര്‍ഢ്യത്തോടെ വിശുദ്ധിയോടെ ഈ നോമ്പിനെ വരവേല്‍ക്കാം. കര്‍ത്താവ് നാല്‍പ്പത് ദിവസം നോമ്പെടുത്തപ്പോള്‍ പിശാച് അങ്ങനെ പരീക്ഷിക്കുവാന്‍ വന്നു. ബലഹീനരായ നാം തീരുമാനം എടുക്കുമ്പോള്‍ തന്നെ പരീക്ഷണങ്ങളും കടന്നുവരും. പ്രലോഭനങ്ങള്‍ വരും, അതിനാല്‍ നാം മനസിലാക്കുക, ഈ നോമ്പ് ഒരു യുദ്ധമാണ്. സാത്താനെതിരെയുള്ള യുദ്ധം! തോറ്റു പോകാതെ നിലനില്‍ക്കണമെങ്കില്‍ നാല് കാര്യങ്ങള്‍ പരിശീലിക്കുക. ഒന്ന് വി. വചനം നിശ്ചയമായും ദിവസേന വായിച്ച് ധ്യാനിക്കുക. രണ്ട്. കുമ്പിട്ട് നമസ്‌കരിക്കുക, മൂന്ന് ഉപവസിക്കുക, നാല് ദാന ധര്‍മ്മങ്ങള്‍ ചെയ്യുക.
വിരുന്ന് ശാലയിലുള്ള കുറവ് പരിഹരിക്കേണ്ടതുണ്ട്. ഇത് നമ്മെ തന്നെ പ്രതിധാനം ചെയ്യുന്നു. വെള്ളത്തിന്റെ ഗുണങ്ങളില്‍ നിന്ന് മേല്‍ത്തരം വീഞ്ഞിന്റെ ഭാവമായി നാം മാറണം. അപ്പോഴും നോമ്പിന്റെ ആരംഭം തന്നെ മാറ്റത്തിന്റെ അനുഭവം നമുക്ക് നല്‍കട്ടെ. അന്യ വിചാരങ്ങളെ വെടിഞ്ഞ് ആത്മീയ കാര്യങ്ങളില്‍ തൃപ്തി നേടുക. ഭക്ഷണത്തില്‍ ക്രമീകരണം ചെയ്ത് ശരീരത്തെ ശോഷിപ്പിച്ച് ആത്മീയ ബലം നേടുക. സമാധാനത്തോടെ ഈ നോമ്പ് അനുഗ്രഹത്തിന്റെ ദിനങ്ങള്‍ നമുക്ക് നല്‍കട്ടെയെന്ന പ്രാര്‍ത്ഥനയോടെ നമുക്ക് ഒരുമിച്ച് നോമ്പിനെ സ്വീകരിക്കാനായി ഒരുങ്ങാം.
ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക.
Leave a Reply