ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

എയില്‍സ്ഫോര്‍ഡ്: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതവും വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ പ്രവര്‍ത്തന ഭൂമികയുമായിരുന്ന എയ്ല്‍സ്ഫോര്‍ഡ് പ്രയറിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ ആണ്ടുതോറും നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനം 2019 മെയ് 25 ശനിയാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയാണ് ഈ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്. ഇംഗ്ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഈ പുണ്യഭൂമിയിലേക്ക് എയ്ല്‍സ്ഫോര്‍ഡ് മാതാവിന്റെ മാധ്യസ്ഥം തേടി ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ തീര്‍ത്ഥാടനം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രൂപതയിലെ എല്ലാ മിഷന്‍ സെന്ററുകളുടെയും സംയുക്തമായ സഹകരണത്തോടെ നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ ആഷ്ഫോഡില്‍ വെച്ച് നടന്ന ആലോചന യോഗത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ടോമി എടാട്ട്, ഫാ. ഹാന്‍സ് പുതിയകുളങ്ങര, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ക്കൊപ്പം മുന്‍ വര്‍ഷത്തെ കമ്മറ്റിയംഗങ്ങളും പങ്കെടുത്തു. ഈ വര്‍ഷം രൂപതയിലെ എല്ലാ മിഷനുകളുടെയും പരിപൂര്‍ണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുവാനും അതുവഴി എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം കൂടുതല്‍ അനുഗ്രഹദായകമാക്കുവാനും ഉചിതമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുവാന്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാര്‍ച്ച് 3 ഞായറാഴ്ച എയ്ല്‍സ്ഫോര്‍ഡ് ഡിറ്റന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോമി എടാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ മിഷന്‍ സെന്റര്‍ പ്രതിനിധികളുടെ യോഗത്തില്‍ തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പിനായുള്ള രൂപരേഖ അവതരിപ്പിച്ചു. രൂപതയിലെ എട്ടു റീജിയനുകളുടെയും സമ്പൂര്‍ണ പങ്കാളിത്തം സാധ്യമാക്കുവാന്‍ എട്ടു പ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്ഫോര്‍ഡ്. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം മരിയഭക്തര്‍ അനുഗ്രഹം തേടിയെത്തുന്ന ഈ വിശുദ്ധാരാമത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ടോമി എടാട്ട് അറിയിച്ചു.