ബിര്‍മിംഗ്ഹാം: ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ രണ്ടാം തലമായി വിഭാവനം ചെയ്തിരിക്കുന്ന യുവജന വര്‍ഷം ആരംഭിച്ചു. കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു ഇക്കഴിഞ്ഞ ദിവസം ബിര്‍മിങ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി സീറോ മലാബര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവാണ് യുവജന വര്‍ഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാരായ ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് രൂപത ഡയറക്ടര്‍ റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍, രൂപതയിലെ മറ്റു വൈദികര്‍, യൂത്ത് കോഡിനേറ്റര്‍മാര്‍, വിവിധ യൂണിറ്റുകളില്‍ നിന്നുള്ള എസ്.എം.വൈ.എം, നേതാക്കള്‍, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ആണ് ഉദ്ഘാടനകര്‍മ്മം നടന്നത്.
2018 ഡിസംബര്‍ 2-ാം തീയതി ആരംഭിച്ചു 2019 ഡിസംബര്‍ 30 വരെയാണ് യുവജന വര്‍ഷമായി ആചരിക്കുന്നത്. യുവജനങ്ങളില്‍ ക്രിസ്തീയ വിശ്വാസവും പാരമ്പര്യങ്ങളും ഊട്ടി ഉറപ്പിക്കുന്നതിനും സഭയുട മുഖ്യ ധാരയിലേക്ക് യുവജനങ്ങളെ ആകൃഷ്ടരാക്കുന്നതിനും ഉതകുന്ന വിവിധ കര്‍മ്മ പദ്ധതികള്‍ ഈ കാലയളവില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കും, ഇടവകകളുടെയും മിഷന്‍ സെന്ററുകളുടെയും, റീജിയനുകളുടെയും ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി, ക്യാമ്പുകള്‍, സെമിനാറുകള്‍, തീര്‍ഥാടനങ്ങള്‍, വൊക്കേഷണല്‍ ഡിസെന്‍മെന്റ് ക്യാമ്പുകള്‍, വിവിധ ദിനാചരങ്ങള്‍, യൂത്ത് ക്‌ളാസുകള്‍, യു കാറ്റ് പഠനം തുടങ്ങിയവ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ക്രമീകരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രൂപതയിലെ മുഴുവന്‍ യുവജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സംഗമത്തോട് കൂടിയായിരിക്കും യുവജന വര്‍ഷം സമാപിക്കുന്നത്.
Leave a Reply