ഫാ. ഹാപ്പി ജേക്കബ്

‘കാണാതെ പോയ ആട്’ എന്ന ഭംഗിവാക്ക് നാം ആത്മീയ പ്രസംഗങ്ങളില്‍ തുടരെ കേള്‍ക്കുന്ന പദമാണ്. ദൈവ ഇഷ്ടങ്ങള്‍ അറിയുകയും എന്നാല്‍ അത് പാലിക്കാതെ പിന്നോക്കം മാറി നില്‍ക്കുന്ന സമൂഹത്തെയോ വ്യക്തിയെയോ ഈ വിശേഷണം കൊണ്ട് അര്‍ത്ഥമാക്കാവുന്നതാണ്. നാം ഓരോരുത്തരും ഈ വിളിക്ക് അര്‍ഹരുമാണ്. ഇന്ത്യന്‍ പൗരന്മാര്‍ നാട്ടിലുള്ളവരും വിദേശത്തുള്ളവരും ഈ കാലഘട്ടങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് വാര്‍ത്ത വിവരണങ്ങളില്‍ നില്‍ക്കുകയാണല്ലോ. എവിടെയും സ്ഥാനാര്‍ത്ഥികള്‍ പരക്കം പായുകയാണ്. കണ്ടിട്ടുള്ളവരെയും, കാണാതിരുന്നിട്ടുള്ളവരെയും തേടിയുള്ള യാത്ര. തന്റെ വിജയമാണ് ഈ അന്വേഷണത്തിന്റെ ലക്ഷ്യമെങ്കില്‍ അതിന് വിഭിന്നമാണ് നാം ഇന്ന് ചിന്തിക്കുന്ന വിഷയം.

വി. മത്തായി സുവിശേഷം 15-ാം അദ്ധ്യായം 21 മുതല്‍ 31 വരെയുള്ള ഭാഗങ്ങള്‍. കര്‍ത്താവ് തന്റെ ആളുകള്‍ താമസിക്കുന്നിടത്ത് നിന്ന് പുറജാതികള്‍ പാര്‍ക്കുന്ന ഇടങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. സോര്‍ സീദോന്‍ പ്രദേശങ്ങള്‍ തിന്മയുടെയും അന്ധകാരത്തിന്റെയും ഇടങ്ങളായിട്ടാണ് കരുതുന്നത്. വിശ്വാസികളോ യഹൂദനോ കാണുവാന്‍ ഇടയില്ലാത്ത പ്രദേശത്ത് വെച്ച് ഒരു സ്ത്രീ വന്നു ‘അവനോട്’ കേണപേക്ഷിക്കുകയാണ്, തന്റെ മകളുടെ ബന്ധനത്തില്‍ നിന്ന് മോചനം നല്‍കണമെന്ന്. അവളുടെ വിശ്വാസം പരീക്ഷിക്കുവാന്‍ കര്‍ത്താവ് ശ്രമിക്കുമ്പോള്‍ അവള്‍ തന്നാലാവുന്നത് കാട്ടികൊടുക്കുവാന്‍ ശ്രമിക്കുന്നു. അവളുടെ വിശ്വാസം കണ്ടിട്ട് കര്‍ത്താവ് അവളുടെ മകളുടെ ബന്ധനം മാറ്റി സൗഖ്യം കൊടുക്കുന്നു.

ആട്ടിന്‍പ്പറ്റത്തിലുള്ള ആടിന്റെ മനോഭാവാണ് നമുക്കുള്ളത്. എന്നാല്‍ പുറജാതിക്കാരിയുടെ അടുത്തുവരുവാന്‍ പോലുമുള്ള വിശ്വാസം നമുക്കില്ല താനും. ഞാന്‍ വാതില്‍ക്കല്‍ ചെന്ന് മുട്ടുന്നു ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും വെളിപാട് 3:20. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്‍ ഉണ്ടോയെന്ന് കാണ്‍മാന്‍ ദൈവം സ്വര്‍ഗത്തില്‍ നിന്ന് നോക്കുന്നു. എല്ലാവരും പിന്‍വാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായി തീര്‍ന്നു. നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പോലും ഇല്ല. 53-ാം സങ്കീര്‍ത്തനം 2-3 വാക്യങ്ങള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമ്മുടെ പ്രവര്‍ത്തനവും ജീവിതവും മൂലം കൂട്ടം തെറ്റി പുറത്തായിരിക്കുന്നു. അങ്ങനെ പാപികളായ ഓരോരുത്തരുടെയും രക്ഷയ്ക്കായിട്ടാണ് മനുഷ്യപുത്രന്‍ കടന്നുവന്നത്. മനുഷ്യന്‍ സ്വന്തം നേട്ടത്തിനായി കാണാതെ പോയതിന്റെ പിറകെ പോകുന്നുവെങ്കില്‍ ദൈവം നമ്മുടെ വീണ്ടെടുപ്പിനായാണ് കാണാതെ പോയ ആടിനെ അന്വേഷിക്കുന്നത്. ഒരാട് നഷ്ടപ്പെടുമ്പോള്‍ ബാക്കി തൊണ്ണൂറ്റിയൊന്‍പതിനെയും മാറ്റി നിര്‍ത്തി അന്വേഷിച്ചിറങ്ങിയ ദൈവ പുത്രന്‍. നമ്മുടെ വിശ്വാസം ബലപ്പെടുവാനും വീണ്ടെടുപ്പിന്റെ അനുഭവം നമുക്ക് നല്‍കുവാനും വേണ്ടിയാണ് കാല്‍വരിയില്‍ ഭാഗമായത്.

നമ്മുടെ പ്രാര്‍ത്ഥനയില്‍ മറ്റനേകം പേര്‍ രക്ഷിക്കപ്പെടുവാന്‍ വിശ്വാസം ബലപ്പെട്ടേ മതിയാവുകയുള്ളു. അവിശ്വാസികളും അന്ധവിശ്വാസികളുമാണ് ഇന്ന് നാമും നമ്മുടെ ചുറ്റുമുള്ളവരുംയ പിന്നെ എങ്ങനെ നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം ലഭ്യമാകും. ഈ നോമ്പ് നമ്മുടെ മാനാസാന്തരത്തിലൂടെ ആട്ടിന്‍പ്പറ്റത്തില്‍ തിരികെ വരാന്‍ കാരണമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. വലിയ നോമ്പിന്റെ പകുതി ദാനങ്ങള്‍ നാനം പിന്നിടുവാന്‍ പോകുകയാണ്. ഇനിയെങ്കിലും മനസ്സുരുകി ഹൃദയവാതില്‍ മുട്ടുന്ന രക്ഷകനെ തിരിച്ചറിഞ്ഞ് അവന് വേണ്ടി ഹൃദയവാതില്‍ തുറന്നുകൊടുക്കുവാന്‍ കഴിയണം. ക്ഷണികവും ആനുകാലികവും നമ്മെ സ്വാധീനിക്കുന്നുവെങ്കില്‍ നിത്യതയുടെ അനുഭവങ്ങളും വഴികളും നാം എന്നേ സ്വായത്ഥമാക്കേണ്ടിയിരുന്നു.

ഈ നോമ്പ് അനുഗ്രഹമാകട്ടെ. ഒരാത്മാവിനെയെങ്കിലും നേടുവാന്‍ നമുക്ക് കഴിയട്ടെ. നമ്മുടെ വിശ്വാസം കണ്ടിട്ട് ഒരാളുടെ രോഗം സൗഖ്യമാകുവാന്‍ ഇടവരട്ടെ.