ഫാദര്‍ ഹാപ്പി ജേക്കബ്

കഠിനമായ നോമ്പിന്റെ പകുതി ദിവസങ്ങള്‍ നാം പിന്നിടുവാന്‍ ഒരുങ്ങുകയാണ്. തീക്ഷ്ണമായ നോമ്പില്‍ അഹത്തേയും പാപത്തേയും ഉരുക്കി കളഞ്ഞ് പ്രാര്‍ത്ഥനയുടെ ആത്മീക ചിന്തകളുടേയും നന്മകളുടേയും നല്ലദിനങ്ങള്‍ ദൈവം ദാനമായി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. രൂപാന്തരത്തിന്റെ ചിന്തകളും വെറുക്കപ്പെട്ടവനെ മാറോട് ചേര്‍ത്ത് സൗഖ്യം നല്‍കിയ അനുഭവവും നാല് പേരുടെ വിശ്വാസത്താല്‍ തളര്‍ന്ന് കിടന്നവന്‍ എഴുന്നേറ്റ് നടന്നതിന്റെയും അനുഭവങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ നാം ധ്യാനിച്ചു. ഇന്നത്തെ ചിന്തയ്ക്കായി ഭവിക്കുന്നത് വി. മത്തായി 15:21-31 വരെയുള്ള ഭാഗങ്ങളാണ്.

തന്റെ ജനത്തിന്റെ മധ്യത്തു നിന്നും പുറജാതികള്‍ പാര്‍ക്കുന്ന ദേശത്തേക്ക് കര്‍ത്താവ് കടന്നുപോകുന്നു. ഒരു കനാന്യക്കാരി സ്ത്രീ കടന്നുവന്ന് കര്‍ത്താവേ ദാവീദു പുത്ര എന്നോട് കരുണ തോന്നേണമേ എന്ന് അവനോട് നിലവിളിച്ചു അപേക്ഷിക്കുന്നു. പുറജാതിക്കാരി ആണേലും അവന്‍ ആരാണെന്നും ജീവിത ഉദ്ദേശം എന്താണെന്നും അവള്‍ക്ക് നന്നായി അറിയാമായിരുന്നു. അതാണ് ആ വിളിയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുന്നത്. പല വാക്യങ്ങളില്‍ കൂടി കര്‍ത്താവ് അവളുടെ ഉദ്ദേശത്തെ പരീക്ഷിക്കുന്നു. താന്‍ വന്നത് യിസ്രായേലിലെ കാണാതെ പോയ ആടുകളെ അടുക്കലേക്കാണെന്ന് പറഞ്ഞിട്ടും അവള്‍ ഒട്ടും പിന്മാറിയില്ല. പരുഷമായ വാക്കുകള്‍ക്ക് നടുവിലും അവള്‍ പതറി പോകാതെ നിശ്ചയദാര്‍ഢ്യത്തോടു കൂടി അവനോടു അപേക്ഷിക്കുന്നു. സ്ത്രീയേ നിന്റെ വിശ്വാസം വലിയത്. നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ എന്നുപറഞ്ഞ നാഴികയില്‍ തന്നെ അവളുടെ മകള്‍ക്ക് സൗഖ്യം ലഭിക്കുകയും ചെയ്തു.

ഈ സമയം കൂടെയുണ്ടായിരുന്ന ശിഷ്യന്മാര്‍ അലോസരപ്പെടുകയും അവളെ പറഞ്ഞയക്കണമേ എന്ന് അവനോട് പറഞ്ഞു. സൗഖ്യത്തിനായും വിടുതലിനായും മനസ് തകര്‍ന്ന് നിലവിളിക്കുന്ന പലരേയും കാണുമ്പോള്‍ നമുക്കും ഇത് പോലെ തോന്നാറില്ലേ. ദൈവകൃപയുടെ വക്താക്കള്‍ എന്ന് അഭിമാനിച്ച് നാമും ഇതുപോലെ ചുറ്റും നില്‍ക്കാറില്ലേ. ഒരു ചെറുവിരല്‍ കൊണ്ട് പോലും സഹായം ചെയ്യാതെ നാം അലസമായി നില്‍ക്കാറില്ലേ. എന്നാല്‍ സര്‍വ്വ സൃഷ്ടികള്‍ക്കും ദൈവകൃപ പ്രാപ്യം എന്ന് ഈ ഭാഗത്തില്‍ നിന്നു നാം മനസിലാക്കേണ്ടിയിരിക്കുന്നു. അവന്‍ ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതി കെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ. (വി. മത്തായി 5:45).

പല ആവശ്യങ്ങള്‍ക്കായും പല അവസരങ്ങളിലും നാമും പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ ലഭിക്കുംവരേയും പ്രാര്‍ത്ഥനയോടിരുപ്പാന്‍ നമുക്ക് കഴിയുന്നുണ്ടോ. അത്രയും കാലം നിലനില്‍ക്കുവാനുള്ള വിശ്വാസം നമുക്കുണ്ടോ. മുട്ടിക്കാണ്ടിരിക്കുകയും അന്വേഷിച്ച് കൊണ്ടിരിക്കയും യാചിച്ച് കൊണ്ടിരിക്കയും ചെയ്യുക എന്നത് ആത്മാര്‍ത്ഥത നിറഞ്ഞ പ്രാര്‍ത്ഥനയുടെ ലക്ഷണങ്ങളാണ്. കനാന്യ സ്ത്രീയില്‍ കണ്ട വലിയ പാഠം ഇവയാണ്; പൂര്‍ണവിശ്വാസവും നിരന്തരമായ പ്രാര്‍ത്ഥനയും പിന്തിരിയേണ്ട അവസരങ്ങള്‍ വന്നിട്ടും തന്റെ മകള്‍ക്ക് സൗഖ്യം ലഭിക്കും എന്നുള്ള പൂര്‍ണ വിശ്വാസം അവള്‍ നിലനിര്‍ത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമ്മുടെ പ്രാര്‍ത്ഥനാ ജീവിതത്തിന്റെ കുറവ് നാം മനസിലാക്കണം. നിരന്തരമായി, ലഭിക്കും വരേയും കാത്തിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയണം. രക്ഷിപ്പാന്‍ കഴിയാതെ വണ്ണം യഹോവയുടെ കൈ കുറുകിയിട്ടില്ല, കേള്‍പ്പാന്‍ കഴിയാതെ വണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല. (യശയ്യ: 59:1). നമ്മുടെ അല്പവിശ്വാസം മഹത്വത്തില്‍ നിന്നും നമ്മെ അകറ്റുന്നു. നിങ്ങള്‍ക്ക് കടുക് മണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ മലയോട്, അങ്ങോട്ട് നീങ്ങുക എന്ന് പറഞ്ഞാല്‍ അത് നീങ്ങും. ( വി. മത്തായി 17:21).

നോമ്പിന്റെ ദിനങ്ങള്‍ ഓരോന്നായി നാം പിന്നിടുമ്പോള്‍ പതറിപ്പോയിരുന്ന നമ്മുടെ വിശ്വാസത്തെ സുസ്ഥിരമായി ഉറപ്പിക്കുവാന്‍ നമുക്ക് കഴിയണം. പ്രാര്‍ത്ഥനയില്‍ ഉള്ള പൂര്‍ണവിശ്വാസം നിലനിര്‍ത്തുവാന്‍ നമുക്ക് കഴിയണം. എല്ലാ കാര്യത്തിനും എല്ലായ്‌പ്പോഴും ദൈവ സന്നിധിയില്‍ ആശ്വാസം കണ്ടെത്തുവാന്‍ നാം പരിശീലിക്കണം. മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്; പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്. നമ്മുടെ പ്രാര്‍ത്ഥനാ വിഷയം എന്ത് തന്നെ ആകട്ടെ ഈ കനാന്യസ്ത്രീയെപ്പോലെ നിരന്തരമായി ദൈവ സന്നിധിയില്‍ നമുക്ക് ആശ്രയിക്കാം. ആരെല്ലാം എതിര്‍ത്താലും പരിഹസിച്ചാലും.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചന്‍