ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ യു.എസ്. അംബാസഡർ പീറ്റർ മാൻഡൽസനെ പുറത്താക്കി . 2008-ൽ ലൈംഗിക കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട അമേരിക്കൻ ധനകാര്യവിദഗ്ധൻ ജെഫ്രി എപ്സ്റ്റൈനെ പിന്തുണച്ചുകൊണ്ട് മാൻഡൽസൻ അയച്ചിരുന്ന സ്വകാര്യ ഇമെയിലുകൾ പുറത്തുവന്നതാണ് അടിയന്തിര നടപടിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത് . എപ്സ്റ്റൈനെ നേരത്തെ മോചിപ്പിക്കാൻ ശ്രമിക്കണമെന്നതുൾപ്പെടെയുള്ള നിരവധി സന്ദേശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പുറത്ത് വന്നിട്ടുണ്ട്. സ്റ്റാർമർ ഇതിനെ അംഗീകരിക്കാനാകാത്തത് എന്ന് വിശേഷിപ്പിക്കുകയും ഉടൻ നടപടിയെടുക്കേണ്ടി വന്നതായി വ്യക്തമാക്കുകയും ചെയ്തു.

മാൻഡൽസൻ എപ്സ്റ്റൈന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നത് പൊതുവായ വിവരമായിരുന്നെങ്കിലും, ശിക്ഷയ്ക്ക് ശേഷവും ബന്ധം തുടർന്നതാണ് അദ്ദേഹത്തിന് വിനയായത് . കൺസർവേറ്റീവ് പാർട്ടിയും ചില ലേബർ എംപിമാരും നിയമന സമയത്ത് ആവശ്യമായ ജാഗ്രത പുലർത്തിയില്ലെന്നും എല്ലാ പരിശോധനാ രേഖകളും പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് . അദ്ദേഹത്തെ നിയമിച്ചതുതന്നെ തെറ്റായിരുന്നു എന്ന അഭിപ്രായം ചിലർ തുറന്നുപറഞ്ഞു. സർക്കാർ പാർലമെന്റിൽ നേരിട്ട് വിശദീകരണം നൽകണമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഷിങ്ടണിൽ അംബാസഡറായി സേവനം ചെയ്ത കാലത്ത് മാൻഡൽസൻ അമേരിക്കൻ സർക്കാരുമായി, പ്രത്യേകിച്ച് ട്രംപ് ഭരണകൂടവുമായി നല്ല ബന്ധം പുലർത്തിയിരുന്നു . എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ സർക്കാരിന് വലിയ അപമാനമായിരിക്കുകയാണ്. അടുത്ത ആഴ്ച യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബ്രിട്ടൻ സന്ദർശനം നടക്കാനിരിക്കെ ഈ വിവാദം സർക്കാരിന് സൃഷ്ടിച്ചത് വൻ പ്രതിസന്ധിയാണ് . നിലവിൽ അംബാസഡറിന്റെ ചുമതല ബ്രിട്ടീഷ് ഡിപ്ലോമാറ്റ് ജെയിംസ് റോസ്‌കോക്കിന് കൈമാറിയിട്ടുണ്ട്. സന്ദർശനം മുൻകൂട്ടി നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചെങ്കിലും, മാൻഡൽസന്റെ പുറത്താക്കൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.