ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിന്റെ പുതിയ തരംഗത്തെ ചെറുക്കുന്നതിന് ജാഗ്രതയോടെയുള്ള നീക്കം ബ്രിട്ടൻ ആരംഭിച്ചു. നാളെ മുതൽ ഇംഗ്ലണ്ടിലെ പ്രായമായവർക്കും ദുർബലർക്കും സ്പ്രിങ് ബൂസ്റ്റർ ജാബ് കൊടുത്തു തുടങ്ങും. ഏകദേശം 600,000 ആളുകൾക്ക് ഈ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകാനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

75 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കും കെയർ ഹോം അന്തേവാസികൾക്കും 12 വയസിന് മുകളിലുള്ള ഏറ്റവും ദുർബലരായവർക്കും ആണ് സ്പ്രിങ് ബൂസ്റ്റർ ആദ്യഘട്ടത്തിൽ ലഭിക്കുന്നത് . യുകെയിൽ ഉടനീളം രോഗവ്യാപനം വർധിക്കുന്നതിന്റെ കണക്കുകൾ കഴിഞ്ഞ ആഴ്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പുറത്തുവിട്ടിരുന്നു. 20 പേരിൽ ഒരാൾക്ക് രോഗം ബാധിച്ചതായുള്ള കണക്കുകൾ കടുത്ത ആശങ്കയാണ് ഉണർത്തിയത്. ബൂസ്റ്റർ ഡോസ് നൽകാനായി എൻഎച്ച്എസ് ബന്ധപ്പെട്ടാൽ മുന്നോട്ടുവരണമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്കോട്ലൻഡും വെയിൽസും സ്പ്രിങ് ബൂസ്റ്റർ നൽകുന്ന നടപടി നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. നോർത്തേൺ അയർലൻഡിൽ എന്ന് തൊട്ട് സ്പ്രിംഗ് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് വ്യക്തത വന്നിട്ടില്ല . എന്നിരുന്നാലും ഈ വസന്തകാലത്ത് സ്പ്രിംഗ് ബൂസ്റ്റർ ഡോസ് നൽകാനുള്ള നടപടി നോർത്തേൺ അയർലൻഡിലും ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.