കത്തിയുരികി കിടക്കുന്ന പ്ലാസ്റ്റിക് കസേര, അതിനോട് ചേര്‍ന്ന് ഒരു സിഗററ്റ് ലൈറ്റര്‍, ക്ലബ് സോഡയുടെ വെളുത്ത അടപ്പൊരൊണ്ണം കുറച്ചു മാറി കിടക്കുന്നു. ഭിത്തിയില്‍ ചാരിവെച്ചെന്ന പോലെ രണ്ടു ലിറ്ററിന്റെ ശൂന്യമായൊരു ക്ലബ് സോഡ ബോട്ടില്‍……

ഒരു പതിനേഴുകാരിയുടെ ജീവന്‍ കത്തിച്ചില്ലാതാക്കിയതിന്റെ അടയാളങ്ങളാണ് സിമന്‍റ് പാകിയ തറയിലെ ഈ അവശേഷിപ്പുകള്‍…

കാക്കനാട് അത്താണി ജംഗ്ഷനിലെ സലഫി മസ്ജിദിന് (മുജാഹുദീന്‍ പള്ളി) മുന്നിലൂടെയുള്ള പോക്കറ്റ് റോഡ് താഴേയ്ക്കിറങ്ങിയെത്തുന്നത് ലാവണ്യ നഗറിലാണ്. അവിടെയാണ് ദേവികയുടെ വീട്. രണ്ട് സെന്റ് ഭൂമിയില്‍ ഹോളോബ്രിക്‌സിനു മേല്‍ സിമന്റ് തേച്ച് വെള്ളപൂശി, ആസ്ബസ്‌റ്റോസ് ഷീറ്റ് മേഞ്ഞ ചെറിയ രണ്ടു ചെറിയ ഹാളുകള്‍. അതില്‍ മുന്നിലത്തെ മുറിയില്‍ പഴയ സാധനങ്ങള്‍ കുട്ടിയിട്ടിരിക്കുകയാണ്. പിന്നിലായി രണ്ടായി തിരിച്ച ഹാളിലാണ്, ദേവികയുടെ അച്ഛന്‍ ഷാലനും അമ്മ മോളിയും, അടുത്ത മുറിയിലായി ദേവികയും അനിയത്തിയും കിടന്നുറങ്ങിയിരുന്നത്. ചുറ്റുപാടുമുള്ള മറ്റു വീടുകളുമായി താരതമ്യം ചെയതാല്‍ ഷാലന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കൃത്യമായ ധാരണ കിട്ടും. ഇല്ലായ്മയുടെ ആ വീട്ടിലേക്കായിരുന്നു ബുധനാഴ്ച്ച രാത്രി മിഥുന്‍ എന്ന കൊലയാളി എത്തുന്നത്. നിമിഷങ്ങള്‍ മാത്രമായിരുന്നു രണ്ടു ജീവനുകള്‍ അവിടെ കത്തിയെരിയാനെടുത്തത്.

Image result for Spurned 'lover' sets girl ablaze in Kochi, both die of burns

-വേദനയോടെ സഹപാഠികൾ-

പ്രണയത്തിന്റെ പേരില്‍ കേരളത്തില്‍ കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണെങ്കിലും അത്താണിയിലെ ജനങ്ങള്‍ പറയുന്നത്, ഇങ്ങനെയൊരു ദുരന്തം തങ്ങളുടെ നാട്ടില്‍ നടക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നാണ്. അതുകൊണ്ട് തന്നെ ദേവികയെന്ന പതിനേഴുകാരിയുടെ മരണം ഇന്നാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. സംസാരിക്കുന്ന ഓരോ ആളും അക്കാര്യം സമ്മതിക്കുന്നുണ്ട്.

‘ഇന്നലെ വൈകുന്നേരം കൂടി ഞങ്ങളാ മോളെ കണ്ടതാണ്. ഹായി ചേച്ചി, ഹായ് ചേട്ടാ…എന്നു വിളിച്ചു പറഞ്ഞിട്ടേ പാറു (ദേവികയെ നാട്ടിലും വീട്ടിലും വിളിക്കുന്ന പേര്) പോകാറുള്ളൂ. ഇവിടെ വച്ചെന്നല്ല, കാക്കനാടോ എറണാകുളത്തോ വച്ചു കണ്ടാല്‍ പോലും ഇങ്ങോട്ടു വന്നു സംസാരിക്കും. ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് ദുഃഖങ്ങള്‍ കൊണ്ടു നടക്കുന്ന കൊച്ചാണെങ്കിലും അതൊരിക്കലും അവളുടെ മുഖത്തോ പെരുമാറ്റത്തിലോ കാണിക്കില്ല. ഞങ്ങള്‍ അവളെ കണ്ടിട്ടുള്ളതെല്ലാം ചിരിച്ച മുഖത്തോടെയാണ്. അതുകൊണ്ട് തന്നെയാണ് അവളുടെ കത്തിക്കരിഞ്ഞ ശരീരം കാണാന്‍ കരുത്തില്ലാത്താതും’ ദേവികയുടെ അയല്‍ക്കാരിയായ ആമിനയുടെ വാക്കുകളാണിത്. ലാവണ്യ നഗറിലെ താമസക്കാരെല്ലാവരും ഒരേ പോലെ പറയുന്നതും ഇതേ കാര്യമാണ്; ‘ഞങ്ങളെങ്ങനെ ആ കൊച്ചിനെ പോയി കാണും’?

നടുക്കുന്ന ആ രാത്രി… കൃത്യം നടന്ന ആ കുഞ്ഞുവീടും, എല്ലാത്തിനും സാക്ഷിയായ പ്രതി വന്ന ബൈക്കും…..

ദേവികയുടെ കൊല നടന്ന ബുധനാഴ്ച്ചയിലെ രാത്രിയെക്കുറിച്ച് ചോദിക്കുമ്പോള്‍ മൗനമാണ് പലര്‍ക്കും. ‘ഞങ്ങള്‍ അറിഞ്ഞില്ല, ആ വീട്ടില്‍ ഇങ്ങനെയൊരു ദുരന്തം നടക്കുന്നുണ്ടെന്ന്. പത്തു മണിക്കു മുന്നേ ഇവിടെ ഭൂരിഭാഗം പേരും കിടക്കാറുണ്ട്. ഇത് നടക്കുന്നത് പന്ത്രണ്ട് മണിയോടടുത്താണ്. മോളിയുടെ നിലവിളി കേട്ട ആരോ ഓടിയെത്തുമ്പോഴാണ് സംഭവം അറിയുന്നത്. അപ്പോഴേക്കും ആ കൊച്ച് പോയിരുന്നു. ബഹളം കേട്ട് പിന്നാലെ ഓടി വന്നവരില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ആ കൊച്ചിനെ കണ്ട് ബോധം പോയവരും ഉണ്ട്. ഞാന്‍ വന്നു നോക്കുമ്പോള്‍ പാറു അകത്ത് കിടക്കുകയാണ്, ആ ചെറുക്കന്‍ പുറത്തായിരുന്നു കിടന്നത്. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസിലായില്ല. ഷാലന്‍ പൊള്ളലേറ്റ് കിടക്കുന്നതു കണ്ടപ്പോഴാണ് ഒരു ധാരണ കിട്ടിയത്. കണ്ടു നില്‍ക്കാന്‍ പറ്റുന്നതായിരുന്നില്ല അവിടുത്തെ കാഴ്ച്ചകള്‍’ സമീപവാസിയും കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനുമായ നജീബിന്റെ വാക്കുകളില്‍ ഇപ്പോഴും പകപ്പുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for Spurned 'lover' sets girl ablaze in Kochi, both die of burns

പ്രണയം പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു, പരാജയപ്പെട്ടപ്പോള്‍ ക്രൂരമായി കൊന്നു

കൊലയാളി മിഥുന്‍ ദേവികയുടെ അമ്മ മോളിയുടെ അകന്ന ബന്ധുവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരും അയല്‍ക്കാരും പറയുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. മോളിയുടെ ബന്ധുവായ മിഥുന്‍ ഇവിടെ വന്നു പോകാറുണ്ടായിരുന്നു. അങ്ങനെയാണ് ദേവികയുടെ മേല്‍ മിഥുന്റെ കണ്ണുടയ്ക്കുന്നത്. ആ കൊച്ച് എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം തൊട്ട് മിഥുന്‍ പ്രണയാഭ്യര്‍ത്ഥനയുമായി പിന്നാലെ കൂടിയെന്നാണ് കേട്ടത്. തനിക്ക് ആ തരത്തില്‍ യാതൊരു ഇഷ്ടവും ഇല്ലെന്ന് പല തവണയായി ദേവിക മിഥുനോട് പറഞ്ഞിട്ടും അയാള്‍ പിന്മാറിയില്ല. ഇതിന്റെ പേരില്‍ നിരവധി തവണ മിഥുനെ മോളിയും ഷാലനും താക്കിത് ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും വകവയ്ക്കാതെ മിഥുന്‍ ദേവികയെ ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. അവള്‍ പഠിക്കുന്ന സ്‌കൂളിലും ട്യൂഷന്‍ സെന്റിലും ചെന്ന് ശല്യം ചെയ്യുമായിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ സമ്മതിക്കണം എന്നായിരുന്നു അവന്റെ ആവശ്യം. താനിപ്പോള്‍ പഠിക്കുകയാണെന്നും പഠിച്ച് ഒരു ജോലി നേടി കുടുംബത്തെ നോക്കണമെന്നും അനിയത്തിയുടെ വിദ്യാഭ്യാസവും ഭാവിയും നോക്കേണ്ട ചുമതല തന്റെ കടമയാണെന്നും ദേവിക മിഥുനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. തന്റെ വിവാഹക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മാതാപിതാക്കളാണെന്നും അവര് പറയുന്നയാളെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്നും ആ കൊച്ച് അവനോട് പറഞ്ഞിട്ടുണ്ടെന്നാണ് മോളി പറഞ്ഞ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. പക്ഷേ അതൊന്നും ചെവിക്കൊള്ളാന്‍ അയാള്‍ തയ്യാറായില്ല. 27 വയസുള്ള മിഥുന്‍ പ്ലസ് ടുവിനു പഠിക്കുന്ന ദേവിക തന്നെ ഉടനെ വിവാഹം കഴിക്കണമെന്ന നിര്‍ബന്ധത്തിലായിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാകുന്നില്ലെന്ന് ദേവിക വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പ് കാക്കനാട് വച്ച് കണ്ടപ്പോള്‍ മോളി മിഥുനോട് കയര്‍ത്തു സംസാരിച്ചിരുന്നു. പൊലീസിലും മിഥുനെതിരേ പരാതി കൊടുത്തു. പൊലീസ് ഇയാളെ വിളിച്ച് താക്കീത് ചെയ്യുകയും ചെയ്തതാണ്. ഇതെല്ലാം കഴിഞ്ഞാണ് കഴിഞ്ഞ ദിവസം വീണ്ടും മിഥുന്‍ ദേവികയെ തേടി ട്യൂഷന്‍ സെന്ററില്‍ എത്തുന്നത്. തന്നെ വിവാഹം കഴിക്കണമെന്നും ഇത് അവസാനമായി ചോദിക്കുന്നതാണെന്നും സമ്മതമല്ലെന്നു പറഞ്ഞാല്‍ അനുഭവിക്കേണ്ടി വരുമെന്നും മിഥുന്‍ ദേവികയെ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങള്‍ അപ്പോള്‍ തന്നെ ദേവിക ട്യൂഷന്‍ സെന്ററില്‍ നിന്നും ഷാലനെ വിളിച്ചറിയിച്ചു. അയാള്‍ സ്ഥലത്തെത്തുകയും മിഥുനെ ശാസിക്കുകയും ചെയ്തു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. ഇനി പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കരുതെന്നു പറഞ്ഞു പൊലീസ് മിഥുനെ താക്കീത് ചെയ്ത് പറഞ്ഞയച്ചു. ആ സംഭവത്തിനുശേഷം മിഥുന്റെ ഭാഗത്ത് നിന്നും ശല്യമൊന്നും ഉണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു ദേവിക.

Image result for Spurned 'lover' sets girl ablaze in Kochi, both die of burns

അര്‍ദ്ധരാത്രിയില്‍ കടന്നെത്തിയ ഘാതകന്‍

രാത്രിയോടെ സുഹൃത്തിന്റെ ബൈക്കിലാണ് മിഥുന്‍ ദേവികയുടെ വീട്ടില്‍ എത്തുന്നത്. മുറ്റത്ത് ബൈക്ക് നിര്‍ത്തിയിറങ്ങിയ മിഥുന്‍ വാതിലില്‍ മുട്ടി. ഷാലനാണ് വാതില്‍ തുറക്കുന്നത്. വാതില്‍ തുറന്നയുടനെ മിഥുന്‍ ഷാലനെ ചവിട്ടി താഴെയിട്ട് അകത്തേക്ക് കയറി. ഈ സമയം ശബ്ദം കേട്ട് മോളിയും ദേവികയും എഴുന്നേറ്റു വന്നു. ദേവികയെ കണ്ടയുടനെ മിഥുന്‍ കൈയില്‍ കരുതിയിരുന്നു പെട്രോള്‍ പെണ്‍കുട്ടിയുടെ മേലേക്ക് ഒഴിച്ച് ലൈറ്റര്‍ കത്തിച്ച് തീകൊളുത്തുകയായിരുന്നു. ഷാലന്‍ ചാടിയെഴുന്നേറ്റ് മകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ദേവിക അപ്പോഴേക്കും തീയിലമര്‍ന്നിരുന്നു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടില്‍ വയറിലും നെഞ്ചിലുമായി ഷാലനും സാരമായി പൊള്ളലേറ്റു. മിഥുനുമേലും ഈ സമയം തീ പടര്‍ന്നിരുന്നു. ദേവിക അപ്പോള്‍ തന്നെ അകത്തെ മുറിയില്‍ കത്തി വീണു. മിഥുന്‍ പുറത്തേക്ക് ഇറങ്ങിയോടാന്‍ ശ്രമിച്ചെന്നപോലെ മുറിക്കു പുറത്താണ് വീണു കിടന്നത്. മിഥുന്‍ ദേവികയെ കത്തിക്കുമ്പോള്‍ സമീപത്ത് അമ്മ മോളിയും ഇളയ കുട്ടിയും ഉണ്ടായിരുന്നു. അവരുടെമേല്‍ തീ പടരാതിരിക്കാന്‍ ഷാലന്‍ മോളിയേയും ഇളയ കുട്ടിയേയും പിന്നിലെ വാതില്‍ തകര്‍ത്തു പുറത്തേക്ക് തള്ളിയിറക്കി. പിന്നില്‍ കൂടി മോളി ഓടി വീടിന്റെ മുന്നില്‍ എത്തിയായിരുന്നു രക്ഷിക്കണേയെന്നു പറഞ്ഞു നിലവിളിക്കുന്നത്. ഈ സമയത്ത് ഷാലനും താഴെ വീണു പോയിരുന്നു. മോളിയുടെ ശബ്ദം കേട്ട് ആദ്യം ഒന്നോ രണ്ടോപേര്‍ മാത്രമാണ് ഓടിയെത്തിയത്. കൂടുതല്‍ പേര്‍ എത്തിയപ്പോഴേക്കും ദേവിക മരിച്ചിരുന്നു. മിഥുനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിക്കുന്നത്. വയറില്‍ സാരമായി പൊള്ളലേറ്റ ഷാലന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവം കണ്ടതിന്റെ ആഘാതത്തില്‍ നിന്നും മുക്തരാകാത്ത മോളിയേയും അഞ്ചാം ക്ലാസുകാരിയായ ഇളയ കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മിഥുന്‍ വന്നത് ദേവികയെ കൊല്ലാന്‍ കരുതിക്കൂട്ടി തന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടു തരത്തിലാണ് ഈ സംഭവത്തില്‍ നാട്ടുകാര്‍ നല്‍കുന്ന വിശദീകരണം. ചുമട്ടു തൊഴിലാളിയും അയല്‍ക്കാരനുമായ അജയന്‍ പറയുന്നതിങ്ങനെയാണ്; ‘ബെക്കില്‍ ഇവിടെ എത്തിയതിനുശേഷം അവന്‍ ആദ്യം ചെയ്ത് അവന്റെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. അതു കഴിഞ്ഞാണ് വാതില്‍ മുട്ടി വിളിച്ചിട്ട് അകത്തു കയറിയത്. ആ സമയത്ത് അവന്റെ കൈയില്‍ രണ്ടു ലിറ്ററിന്റെ കുപ്പിയില്‍ വേറെയും പെട്രോള്‍ ഉണ്ടായിരുന്നു. അതാണവന്‍ കൊച്ചിന്റെ മേത്തൊഴിച്ച് കത്തിച്ചത്.’ എന്നാല്‍ സംഭവ സ്ഥലത്ത് ആദ്യമെത്തിയ ചില പൊലീസുകാര്‍ നല്‍കിയ വിവരമനുസരിച്ച്, ദേവികയെ കൊന്നിട്ട് കടന്നു കളയാന്‍ മിഥുന്‍ ശ്രമിച്ചുവെന്നും കരുതാമെന്നാണ് നജീബ് പറയുന്നത്. ‘കാരണം, മിഥുന്റെ നെറ്റിയിലായി ഒരു മുറിവ് ഉണ്ട്. അത് ഭിത്തിയിലോ മറ്റോ ഇടിച്ച് ഉണ്ടായതാണ്. ദേവികയെ കത്തിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടാകും. അപ്പോള്‍ എവിടെയോ തല ചെന്നിടിച്ചാതാകണം. പക്ഷേ, തീ പടര്‍ന്ന ശരീരവുമായി ദേവിക ഇയാളെ കയറി പിടിച്ചിട്ടുണ്ട്. ഒരുപക്ഷേ മനപൂര്‍വമായിരിക്കാം, അതല്ലെങ്കില്‍ മരണവെപ്രാളത്തില്‍ ചെയ്തതാകാം. അങ്ങനെ മിഥുന്റെ ശരീരത്തില്‍ തീപടര്‍ന്നതാകാനും സാധ്യതയുണ്ടെന്നാണ് പൊലീസുകാര്‍ പറയുന്നത്’.

രണ്ടു കുപ്പിയിലായി മിഥുന്‍ പെട്രോള്‍ കൊണ്ടു വന്നിരുന്നുവെന്നതിനു തെളിവുകള്‍ ഉണ്ട്. ക്ലബ്ബ് സോഡയുടെ രണ്ടു ലിറ്ററിന്റെ രണ്ടു കുപ്പികള്‍ ദേവികയുടെ വീടിന്റെ മുന്നില്‍ കിടപ്പുണ്ട്. ഒരു ലൈറ്ററും. മിഥുന്‍ ആദ്യം തന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷമാണ് ദേവികയുടെ മേലും പെട്രോള്‍ ഒഴിച്ചതെന്നും ഒരുമിച്ച് മരിക്കാന്‍ തന്നെയായിരിക്കണം അയാള്‍ പദ്ധതി തയ്യാറാക്കിയതെന്നുമുള്ള വാദം ശരിയായി വരാം.

ദേവികയേയും താഴെയുള്ള സഹോദരിയേയും വളര്‍ത്തിക്കൊണ്ടു വന്നതും അവരുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ ചെലവും ഉള്‍പ്പെടെ നടത്തിക്കൊണ്ടുപോയതും അമ്മ മോളിയായിരുന്നു. മക്കള്‍ രണ്ടുപേരും പഠിച്ച് ഒരു ജോലി നേടിയാല്‍ തന്റെ കഷ്ടപ്പാടുകളെല്ലാം തീരുമെന്നായിരുന്നു മോളി അയല്‍ക്കാരോടെല്ലാം എപ്പോഴും പറഞ്ഞിരുന്നത്. വീട്ടുജോലികള്‍ക്ക് പോയാണ് ആദ്യം കുടുംബം നടത്തിയിരുന്നതെങ്കില്‍ കുറച്ചു കാലമായി മോളിക്ക് കളക്ട്രേറ്റില്‍ തൂപ്പുകാരിയായി താത്കാലിക ജോലിയുണ്ട്. ഇതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു കുട്ടികളും കുടുംബവുമായി ഈ സ്ത്രീ മുന്നോട്ടു പോയിരുന്നത്. അമ്മയുടെ കഷ്ടാപ്പാടുകള്‍ മനസിലാക്കിയാണ് ദേവികയും ജീവിച്ചിരുന്നതെന്ന് അയല്‍ക്കാരായ സ്ത്രീകള്‍ പറയുന്നുണ്ട്. ഷാലന്‍ മദ്യപിച്ച് ബഹളം വയ്ക്കുന്നതും പതിവായിരുന്നു. വീട്ടില്‍ മനസമാധാനമില്ലാത്ത അവസ്ഥയാണെങ്കിലും അതൊന്നും ആ കൊച്ച് മുഖത്ത് കൊണ്ടു നടന്നിരുന്നില്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്, ഈ കുഞ്ഞിനെ എങ്ങനെ ചിരിച്ചും കളിച്ചും നടക്കാന്‍ കഴിയുന്നെന്നു ഞങ്ങള്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ടെന്ന് നസീമ എന്ന വീട്ടമ്മ സങ്കടത്തോടെ പറയുന്നു.