ബോളിവുഡ് ഉള്‍പ്പെടെ സിനിമാ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും അസ്വാഭാവികത ഇല്ലെന്ന കണ്ടെത്തലിലാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്.
ശ്രീദേവിയുടെ മരണത്തില്‍ അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമിയുടെ ആരോപണത്തിനു പിന്നാലെ അതേ ആരോപണം ഉയര്‍ത്തി രംഗത്തു വന്നിരിക്കുകയാണ് ഡല്‍ഹി പോലീസിലെ മുന്‍ എ.സി.പി വേദ് ഭൂഷണ്‍. ശ്രീദേവിയുടെ മരണം പുനസൃഷ്ടിച്ച ശേഷം ദുബായില്‍ പോയി അന്വേഷണം നടത്തി തിരിച്ചു വന്നാണ് മരണത്തില്‍ ദുരൂഗത ആരോപിച്ചിരിക്കുന്നത്. വേദ് ഭൂഷണ്‍ നിലവില്‍ സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തി വരികയാണ്.
ദാവൂദ് ഇബ്രാഹിമിന്റെ ശക്തി കേന്ദ്രമായ ദൂബായില്‍ നടന്ന ശ്രീദേവിയുടെ മരണം ദാവൂദ് അറിഞ്ഞു തന്നെയാകണം എന്നാണ് വേദ് ഭൂഷന്റെ വിലയിരുത്തല്‍. മാത്രമല്ല ശ്രീദേവി താമസിച്ചിരുന്ന ജുമേറ എമിറേറ്റ്‌സ് ടവര്‍ ദാൂവദിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും വേദ് പറയുന്നു. മരണം അന്വേഷിക്കാന്‍ താന്‍ ചെന്ന തനിക്ക് ശ്രീദേവിയുടെ രക്തസാമ്പിളുകളും, ശ്വാസകോശത്തില്‍ എത്രത്തോളം വെള്ളം എത്തിയെന്നതിന്റെ റിപ്പോര്‍ട്ടും നല്‍കാന്‍ ദുബായ് പോലീസ് തയാറായില്ലെന്നും വേദ് ഭൂഷണ്‍ വെളിപ്പെടുത്തി. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ദാവൂദിന്റെ പങ്കിലേയ്ക്കാണെന്നും വേദ് പറയുന്നു.
കടുത്ത സംശയങ്ങള്‍ക്കിടെയാക്കുന്നത് ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ശ്രീദേവിയുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് വേദ് ഭുഷണ്‍. നേരത്തേയും ശ്രീദേവിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച് സംശയം ഉന്നയിച്ച് മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുനില്‍ സിങ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
Leave a Reply