കാസർഗോഡ് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ കരുണാകരന്റെ മകൻ ശ്രീജിത്തി(39)ന്റെ മരണം വാഹന അപകടത്തിലേറ്റ പരിക്കുകളെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വാരിയെല്ലുകൾ തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഇടത് കൈയ്യിലെ എല്ല് പൊട്ടിയത് ക്ഷത മേറ്റാണെന്നും റിപ്പോർട്ടിലുണ്ട്.
തലയ്ക്ക് പിന്നിൽ ആഴത്തിൽ പരിക്കേറ്റതായും ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായ മർദനമേറ്റ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. വലത് കാലിൽ തുടയ്ക്ക് മുകളിലായി സാരമായി മുറിവുകളുണ്ട്.
ഈ പരിക്കുകൾ വാഹന അപകടത്തിൽസംഭവിച്ചതല്ലെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ മാരകമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. കാർ ഓടിച്ചത് ശ്രീജിത്ത് അല്ലെന്നും പോലീസ് സ്ഥിരീകരിച്ചു. കാറപകടം വ്യാജമായി സൃഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന് പ്രത്യേകസംഘംകേസന്വേഷണത്തിനായി എസ് പി യുടെനിർദേശ പ്രകാരം ഡിവൈ എസ്പി യുടെ മേൽനോട്ടത്തിൽ ഒമ്പത് പേർ അടങ്ങുന്ന സംഘം രൂപീകരിച്ചിട്ടുണ്ട്.
ശ്രീജിത്ത് പരിക്കേറ്റ് കിടന്ന സ്ഥലത്ത് നിന്ന് നീല ജീൻസും ഹെഡ് ഫോണും ചുമലിൽ ബാഗുമായി ഒരാൾ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇയാളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് ലഭിച്ച ഉടൻ ജില്ല പോലീസ് മേധാവി ആർ. കറുപ്പ സാമി, വടകര റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജി.ബാലകൃഷ്ണൻ, നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷ് , സിഐ ഇ.വി. ഫായിസ് അലി എന്നിവർ കാരയിൽ കാനാൽ പരിസരത്ത് പരിശോധന നടത്തി.
ശനിയാഴ്ച രാത്രി 8.30-നാണ് നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് വിജനമായ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
സമീപത്തുതന്നെ ഇയാളുടെ കാർ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ശനിയാഴ്ച്ചതന്നെ നാദാപുരം പോലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റ് മോർട്ടത്തിന്ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. രാത്രിയോടെ കാസർകോട് വീട്ടിലെത്തിച്ച് സംസ്കരിച്ചു.
Leave a Reply