മദ്യപിച്ച് വണ്ടിയോടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ റിമാൻഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയായ കിംസിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആഢംബര സൗകര്യങ്ങളോടെയുളള സ്വകാര്യ ആശുപത്രിയിലെ വാസം വിവാദമായ സാഹചര്യത്തിലാണ് നടപടി. റിമാൻഡിലായിരുന്നിട്ടും അച്ഛന്‍റെയും ബന്ധുക്കളുടെയും ഒപ്പമാണ് ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. ശ്രീറാമിന്‍റെ വാട്‍സാപ്പ് നമ്പർ പലപ്പോഴും ഓൺലൈനിലുമായിരുന്നു. എന്താണ് ശ്രീറാമിന്‍റെ ആരോഗ്യപ്രശ്നമെന്ന് പൊലീസോ ആശുപത്രി അധികൃതരോ വ്യക്തമാക്കിയിരുന്നില്ല.
സ്ട്രച്ചറില്‍ കിടത്തിയാണ് ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുവന്നത്. മുഖത്ത് മാസ്ക് ഇട്ടിരുന്നു. ശ്രീറാം കണ്ണടച്ച് കിടക്കുകയായിരുന്നു. കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ശ്രീറാമിന്‍റെ കൈയ്ക്കും കാലിനും ഒടിവ് ഇല്ലെന്നാണ് ഇതുവരെ ഡോക്ടർമാർ നൽകിയ വിവരം. ഇടിച്ചതിന്‍റെ പരിക്കുകളാണുള്ളത്. വലിയ പരിക്കുകളില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും വിശദീകരിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോ വിഭാഗത്തിന്‍റെ പരിശോധനയ്ക്ക് ശേഷമാകും എങ്ങോട്ടാണ് മാറ്റുക എന്ന കാര്യം തീരുമാനിക്കുക.
അപകടമുണ്ടായ ശേഷം, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്തത്. എന്നാൽ ശ്രീറാം ഇത് കേൾക്കാതെ സ്വകാര്യ ആശുപത്രിയായ കിംസിലേക്കാണ് പോയത്. സുഹൃത്തുക്കളായ ഡോക്ടർമാരുടെ സംഘം ശ്രീറാമിനൊപ്പമുണ്ടായിരുന്നു കിംസിൽ എന്നാണ് വിവരം.
അതേസമയം ഐഎസുകാരൻ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ് ചുമത്തിയത് 10 വർഷംവരെ തടവ് ലഭിക്കാവുന്ന 304 വകുപ്പുകളാണ്. ബോധപൂർവമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ തുടങ്ങി 10വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 28 ദിവസമെങ്കിലും റിമാൻഡിൽ കഴിയാതെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയത്.
കാറിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുകൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടോർ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേർത്തിട്ടുണ്ട്. ശ്രീറാം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്‌ച രാത്രി ജുഡീഷ്യൽ കോടതി അഞ്ചിലെ മജിസ്‌ട്രേട്ട് എ ആർ അമൽ എത്തിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. പൊലീസ് കാവൽ ഏർപ്പെടുത്തി. ഡിസ്‌ചാർജ് ചെയ്‌താൽ സബ്‌ജയിലിലേക്ക് മാറ്റും.ഒരു പഴുതും ശേഷിപ്പിക്കാതെ അന്വേഷണംവേണമെന്നും വീഴ്‌ച ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ പൊലീസ് മേധാവിയോട് നിർദേശിച്ചിട്ടുണ്ട്.
ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവമെന്ന് പൊലീസും. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. പട്ടം മരപ്പാലം സ്വദേശിയായ വഫ കുറച്ചുനാള്‍ മുന്‍പു വിവാഹബന്ധം വേര്‍പെടുത്തി.വഫ അബുദാബിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. ബന്ധത്തില്‍ വിള്ളലുണ്ടായതോടെ ഈയിടെയാണ് നാട്ടിലെത്തിയത്.
തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തില്‍പ്പട്ട കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിവേഗത്തിന് മോട്ടോര്‍വാഹന വകുപ്പ് നേരത്തേയും ഈ കാറിന് പിഴചുമത്തിയിട്ടുണ്ട്.ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്.
അപകടത്തില്‍ വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് കേസെടുത്തത്. ഐ.പി.സി 184, 188 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.
Leave a Reply