കൊളംബോ: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ അഞ്ച് ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മൂന്ന് പേര്‍ പൂര്‍ണമായും ബ്രിട്ടീഷ് പൗരന്മാരും രണ്ട് പേര്‍ യു.കെ-യു.എസ് സംയുക്ത പൗരത്വമുള്ളവരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എല്‍.ടി.ടിയുമായി ശ്രീലങ്കന്‍ ഔദ്യോഗിക സൈന്യം നടത്തിയ ആഭ്യന്തര യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ട ഒരു ആക്രമണത്തിന് ശ്രീലങ്കന്‍ ജനത സാക്ഷിയാകുന്നത്. അഞ്ഞൂറോളം പേര്‍ക്കാണ് വിവിധ സ്‌ഫോടനങ്ങളിലായി പരിക്കേറ്റിരിക്കുന്നത്. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ 36 പേര്‍ വിദേശികളാണ്. 20 ലേറെ വിദേശികള്‍ക്ക് പരിക്കേറ്റതായിട്ടാണ് സൂചന. ഇവരെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങല്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ഇന്ത്യക്കാരായ നാല് പേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരാള്‍ മലയാളിയാണ്. കാസര്‍കോട് മോഗ്രാല്‍പുത്തൂര്‍ സ്വദേശിനി പി.എസ്.റസീന(58)യാണ് കൊളംബോ ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്. മൂന്നു പേര്‍ കൊളംബോയിലെ സ്‌ഫോടനങ്ങളിലാണു മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊളംബോയിലെ നാഷനല്‍ ഹോസ്പിറ്റലിലാണ് ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേശ് എന്നിവര്‍ മരിച്ചത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. എല്‍ടിടിഇ കാലത്തെ ആഭ്യന്തര സംഘര്‍ഷത്തിനു ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ആക്രമണവുമായി ബന്ധമുള്ളതായി സംശയിക്കുന്ന 13 പേരെ ശ്രീലങ്കന്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈസ്റ്റര്‍ ദിനത്തില്‍ രാവിലെയും ഉച്ചയ്ക്കുമായി ശ്രീലങ്കയെ ഞെട്ടിച്ച് സ്‌ഫോടന പരമ്പരയാണ് അരങ്ങേറിയത്. ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം വീണ്ടുമൊരു സ്‌ഫോടനം കൂടി നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഡെമറ്റാഗൊഡയിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് രാവിലെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 160-ഓളം പേര്‍ മരിച്ചതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.