ചലച്ചിത്ര താരം ശ്രീദേവി ആകസ്മികമായി മരണമടഞ്ഞിട്ട് ഒരാണ്ട് തികയാറാകുന്നു. ശ്രീയുടെ ഓർമ്മയിൽ ഭർത്താവും മക്കളും സഹോദരീ സഹോദരനും അടങ്ങുന്ന കുടുംബം ഇന്ന് ചെന്നൈയിലെ താരത്തിന്റെ വസതിയിൽ ഒത്തു ചേരും എന്ന് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളും ഓർമ്മ ദിവസവുമായി ബന്ധപ്പെട്ടു നടക്കുമെന്നും ശ്രീദേവിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.

ശ്രീദേവിയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തമിഴ് താരം അജിത്തിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. അവരുടെ മരണാനന്തരം ഭർത്താവ് ബോണി കപൂർ ആ ആഗ്രഹം സഫലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹിന്ദി ചിത്രമായ ‘പിങ്കി’ന്റെ തമിഴ് പതിപ്പ് താൻ നിർമ്മിക്കുന്നു എന്നും അതിൽ തല അജിത് നായകനാകും എന്നുമൊക്കെയുള്ള അറിയിപ്പുകൾ നടത്തിക്കഴിഞ്ഞു അദ്ദേഹം. ഇന്നത്തെ ഓർമ്മ ദിവസ ചടങ്ങുകളിലും അജിത് പങ്കെടുക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ വർഷം ഫെബ്രുവരി ഇരുപത്തിനാലിനാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ആഡംബര ഹോട്ടലിൽ വച്ച് ബാത്ത്ടബ്ബിൽ മുങ്ങിയാണ് മരണകാരണമായി പറയപ്പെടുന്നത്. ഭർത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവർ കുടുംബ സമേതം ദുബായിൽ എത്തിയത്. വിവാഹം കഴിഞ്ഞു മകൾ ഖുഷിയും ബോണി കപൂറും ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ ശ്രീദേവി മാത്രം തുടർന്നും ദുബായിൽത്തന്നെ തങ്ങുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഭർത്താവ് ദുബായിൽ തിരിച്ചെത്തിയ ദിവസമാണ് അവരുടെ മരണം സംഭവിക്കുന്നത്.

ദുബായിലെ അന്വേഷണങ്ങൾക്ക് ശേഷം ഇന്ത്യയിൽ എത്തിച്ച അവരുടെ ഭൗതിക ശരീരം ഫെബ്രുവരി ഇരുപത്തിയെട്ടിനു മുംബൈയിൽ വലിയൊരു ജനാവലിയെ സാക്ഷി നിർത്തി, ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായ ശ്രീദേവിയുടെ വിയോഗത്തിന്റെ നഷ്ടവുമായി ഇനിയും പൂർണ്ണമായി പൊരുത്തപ്പെട്ടിട്ടില്ല ആരാധകരും സിനിമാലോകവും. മരിച്ചിട്ടു ഒരു വർഷം തികയുമ്പോൾ പോലും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് അഭിനയത്തിന്റെ മുഖശ്രീയായി മാറിയ ആ താരം.