മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

ഇന്ത്യയുടെ മുഖശ്രീയായി അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ ഭൗതികശരീരം ഇന്നലെ മുംബൈയിലെ വിലെപേരന്‍ സേവ സമാജ് ശ്മശാനത്തില്‍ മറവു ചെയ്യപ്പെട്ടതോടുകൂടി ബോളിവുഡില്‍ ഒരു യുഗത്തിന് അന്ത്യമായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്തുള്ള മിനാംപ്പെട്ടി എന്ന കുഗ്രാമത്തില്‍ നിന്ന് ജന്മസിദ്ധമായി കിട്ടിയ കഴിവിലൂടെ ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് നടന്നുകയറിയ ശ്രീദേവിക്ക് പകരം വയ്ക്കാന്‍ മറ്റൊരു പ്രതിഭ ഇന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്തൊന്നും ഉദയം ചെയ്യുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് 2013-ല്‍ സിഎന്‍എന്നും ഐബിഎന്നും ഇന്ത്യന്‍ സിനിമ നൂറ് വര്‍ഷം തികച്ചതു പ്രമാണിച്ച് ദേശീയ തലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടിയായി ശ്രീദേവിയെ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ റോള്‍ ചെയ്തിട്ടുള്ള ശ്രീദേവി ഡബിള്‍ റോളുകളുടെ രാജ്ഞിയായി ആണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ, ലേഡി സൂപ്പര്‍സ്റ്റാര്‍, ഹാവാ – ഹവായി, ചാന്ദിനി തുടങ്ങിയ നിരവധി പേരുകളില്‍ അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ അറിയപ്പെടാത്ത കഥകള്‍ നിരവധിയാണ്.

തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശ്രീദേവിയുടെ സിനിമാ അഭിനയം ആരംഭിക്കുന്നത് ബാലതാരമായിട്ടാണ്. മലയാള സിനിമാ പൂമ്പാറ്റയിലെ ശ്രീദേവിയുടെ അഭിനയം പരക്കെ ശ്രദ്ധിക്കപ്പെടുകയും 1971-ലെ കേരള ഗവണ്‍മെന്റിന്റെ മികച്ച ബാലതാരത്തിന് അര്‍ഹയാക്കപ്പെടുകയും ചെയ്തു. ശ്രീദേവിയുടെ പ്രതിഭ മനസിലാക്കി ആദ്യമായി അവാര്‍ഡ് നല്‍കുന്നത് കേരളമാണ്. ബാലതാരമായി തന്നെ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ അഭിനയിച്ച് ഇന്ത്യ മുഴുവന്‍ നിറഞ്ഞുനിന്ന മറ്റൊരു പ്രതിഭ നമുക്ക് ഉണ്ടായിട്ടില്ല. 1985-ല്‍ പ്രശസ്ത ഇന്ത്യന്‍ സിനിമാതാരം മിഥുന്‍ ചക്രവര്‍ത്തിയുമായി വിവാഹിതയായ ശ്രീദേവി വിവാഹം തന്റെ അഭിനയ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ ദീര്‍ഘകാലം അത് രഹസ്യമായി സൂക്ഷിച്ചു. ഫാന്‍ മാഗസിന്‍ ശ്രീദേവിയുടെയും മിഥുന്‍ ചക്രവര്‍ത്തിയുടെയും വിവാഹ സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഇരുവരുടെയും വിവാഹക്കാര്യം ആരാധകരും പുറംലോകവും അറിയുന്നത്. മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള ബന്ധത്തിന് മൂന്ന് വര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1988-ല്‍ മിഥുനുമായുള്ള ബന്ധം ഉപേക്ഷിച്ച ശ്രീദേവി 1996-ല്‍ പ്രശസ്ത സിനിമാ നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ശ്രീദേവിക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. ബോണികപൂറുമായുള്ള വിവാഹശേഷം ഏതാണ്ട് ആറ് വര്‍ഷത്തോളം സിനിമാ അഭിനയം നിര്‍ത്തിവച്ചിരുന്ന ശ്രീദേവി തന്റെ ജീവിതത്തിന്റെ ശിഷ്ടകാലമെല്ലാം വെള്ളിത്തിരയില്‍ സജീവമായിരുന്നു. ഒഴിവുസമയത്ത് പെയിന്റിംഗ് ഹോബിയായി കൊണ്ടു നടന്നിരുന്ന ശ്രീദേവി ഒരു മികച്ച പെയിന്ററാാണെന്ന കാര്യം അധികമാര്‍ക്കും അറിഞ്ഞുകൂടാ. ശ്രീദേവി തന്റെ പെയിന്റിംഗുകള്‍ 2010-ല്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഓക്ഷന്‍ ഹൗസുവഴി വിറ്റ് സമാഹരിച്ച തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുകയാണ് ഉണ്ടായത്. ഡാന്‍സ് ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ശ്രീദേവി ജന്മസിദ്ധമായ തന്റെ കഴിവുകൊണ്ട് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഡാന്‍സറായി മാറുകയായിരുന്നു.

ലോകപ്രശസ്ത അമേരിക്കന്‍ ഡയറക്ടര്‍ സ്റ്റീവന്‍ സ്പിന്‍ബര്‍ഗ് തന്റെ പ്രശസ്ത ചലച്ചിത്ര കാവ്യമായ ജുറാസിക് പാര്‍ക്കില്‍ ശ്രീദേവിക്കായി മികച്ചൊരു റോള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നായികാ വേഷമില്ലാതിരുന്നതിനാല്‍ നിരസിച്ചത് ശ്രീദേവിയുടെ സിനിമാ ജീവിതത്തിലെ വലിയൊരു നഷ്ടമായിരുന്നു. ഹിന്ദി സിനിമയില്‍ സൂപ്പര്‍ഹിറ്റ് ആയ ബാസിഗര്‍ (1993), രംഗീല (1995), മെഹബറ്റീന്‍ (2000), ദഗമ്പാന്‍ (2003) എന്നീ സിനിമകളില്‍ നായികാവേഷം ശ്രീദേവിയെ തേടിയെത്തിയിരുന്നെങ്കിലും താരം സമയക്കുറവും മറ്റുകാരണങ്ങളും കൊണ്ട് ഒഴിവാക്കുകയായിരുന്നു. ജുറാസിക് പാര്‍ക്കിലെയും രംഗീലയിലെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ ശ്രീദേവി പിന്നീട് ദുഃഖിച്ചിരുന്നു. വാര്‍ധക്യത്തെയും കാലത്തിന്റെ കടന്നുപോക്കിനെയും എന്നും ഭയപ്പെട്ടിരുന്ന താരം സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളും ലേസര്‍ ചികിത്സയുമെല്ലാം ഗോസിപ്പ് കോളങ്ങളിലെ ഇഷ്ട വിഷയങ്ങള്‍ ആയിരുന്നു.