മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ റിമാന്‍ഡിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വഞ്ചിയൂര്‍ മജിസ്ട്രേറ്റിന്‍റെ ഉത്തരവ് പ്രകാരമാണ് നടപടി. ആദ്യം ജില്ലാ ജയിലില്‍ എത്തിച്ച് ജയില്‍ ഡോക്ടര്‍ പരിശോധിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ശ്രീറാമിനെ ചികില്‍സിച്ചിരുന്ന കിംസ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടും ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. നട്ടെല്ലിന് പരുക്കും ഛര്‍ദിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന പ്രതീതിയുണ്ടാക്കാന്‍ സ്ട്രെച്ചറില്‍ കിടത്തി മുഖത്ത് മാസ്ക് വച്ചാണ് ശ്രീറാമിനെ കിംസ് ആശുപത്രില്‍നിന്ന് പുറത്തേയ്ക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിലാണ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. ആംബുലന്‍സിനുള്ളില്‍ എത്തിയാണ് മജിസ്ടേറ്റ് ശ്രീറാമിനെ കണ്ടത്.

കേസിൽ നിന്നും തടിയൂരാൻ ശ്രീറാം വെങ്കിട്ടരാമൻ പല വഴികളും പലരുടെയും സഹായത്തോടെ തേടുമ്പോൾ ഐഎഎസുകാരെനെ കുരുക്കിലാക്കുന്നതാണ് വഫാ ഫിറോസിന്റെ മൊഴി. അപകട സമയത്ത് കാറോടിച്ചിരുന്നത് ശ്രീറാമാണെന്നും നന്നായി മദ്യപിച്ചിരുന്നതായും വഫ മൊഴിയിൽ വ്യക്തമാക്കുന്നു. പതുക്കെ പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഇയാൾ കേട്ടില്ലെന്നും താൻ വാഹനമോടിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്നും യുവതി പറയുന്നു. മൊഴിയുടെ പൂർണരൂപം ഇങ്ങനെ:

‘എനിക്ക് 16 വയസുള്ള മകളുണ്ട്. ഞാന്‍ ബഹറൈനില്‍നിന്ന് ഒരു മാസത്തേക്ക് അവധിക്ക് വന്നതാണ്. ശ്രീറാം എന്റെ സുഹൃത്താണ്. അപകടം നടന്ന സമയത്ത് ശ്രീറാമാണ് കാര്‍ ഓടിച്ചിരുന്നത്. രാത്രി ഞാന്‍ ഗുഡ് നൈറ്റ് മെസേജ് എല്ലാ സുഹൃത്തുക്കള്‍ക്കും അയയ്ക്കും. കൂടെ ശ്രീറാമിനും അയച്ചു. സാധാരണ ശ്രീറാം പ്രതികരിക്കാറില്ല. എന്നാൽ ഇന്നലെ (അപകടം നടന്ന ദിവസം രാത്രി) ശ്രീറാം പ്രതികരിച്ചു.

വാഹനം ഉണ്ടോയെന്ന് എന്നോട് ചോദിച്ചു. ഞാന്‍ ഉണ്ടെന്നു പറഞ്ഞു. കാറുമായി കവടിയാറില്‍ വരാന്‍ പറഞ്ഞു. ഞാന്‍ മകളോട് ശ്രീറാമിനെ ഡ്രോപ്പ് ചെയ്തിട്ടു വരാമെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങി. കവടിയാര്‍ പാര്‍ക്കിന്റെ ഭാഗത്തെത്തിയപ്പോള്‍ ശ്രീറാം ഫോണിലായിരുന്നു. ഫോണ്‍ ചെയ്തശേഷം ശ്രീറാം കാറില്‍ കയറി. ഞാനാണ് വണ്ടി ഓടിച്ചത്. കഫേ കോഫീഡേയ്ക്ക് സമീപമെത്തിയപ്പോള്‍ ഞാൻ വാഹനം ഓടിക്കണോ എന്ന് ശ്രീറാം ചോദിച്ചു. നിങ്ങള്‍ക്ക് വാഹനം ഓടിക്കണമെങ്കില്‍ ആകാമെന്നു ഞാനും പറഞ്ഞു.

ശ്രീറാം വാഹനത്തിന്റെ പുറകിലൂടെ ഡ്രൈവിങ് സീറ്റിലേക്ക് കയറി. ഞാന്‍ അകത്തുകൂടി കാലിട്ടാണ് അപ്പുറത്തെ സീറ്റിലേക്ക് മാറിയത്. സിഗ്നല്‍ ലൈറ്റില്ലാത്തതിനാല്‍ വാഹനം അമിത വേഗതയിലായിരുന്നു. പതുക്കെ പോകാന്‍ ഞാന്‍ പല പ്രാവശ്യം പറഞ്ഞു. എന്നാല്‍ വളരെ വേഗത്തിലാണ് ശ്രീറാം വണ്ടി ഓടിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ കഴിഞ്ഞുള്ള വഴിയില്‍ ഒരു ബൈക്ക് പതുക്കെ പോകുന്നുണ്ടായിരുന്നു.

ഞങ്ങളുടെ വാഹനം അമിത വേഗതയിലായിരുന്നതിനാല്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. ബ്രേക്ക് ചവിട്ടിയിട്ടും കിട്ടിയില്ല. ശ്രീറാമും ഞാനും ചാടി പുറത്തിറങ്ങി. എയര്‍ ബാഗ് ഓപ്പണ്‍ ആയിരുന്നു. ശ്രീറാം അപകടം നടന്ന ആളെ പൊക്കിയെടുത്തു റോഡില്‍ കൊണ്ടുവന്നു. പൊലീസ് വന്നു. എന്നോട് വീട്ടില്‍ പോകാന്‍ എല്ലാവരും ആവശ്യപ്പെട്ടു. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. വീട്ടില്‍പോയി 2 മണി ആയപ്പോള്‍ ഞാന്‍ സ്റ്റേഷനില്‍ തിരിച്ചുവന്നു. കാര്‍ ഞാന്‍ ഓടിച്ചിരുന്നെങ്കില്‍ അപകടം ഉണ്ടാകില്ലായിരുന്നു.