സംസ്ഥാനത്ത് ഇന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക്. എസ്എസ്എൽസി, പ്ലസ് ടു, പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. വെള്ളിയാഴ്ച വിഎച്ച്എസ്ഇ പരീക്ഷയും ആരംഭിക്കുന്നതോടെ ഈ മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതും.

എസ്എസ്എൽസി പരീക്ഷ 29നും ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ 26നും അവസാനിക്കും. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഇതിൽ 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒമ്പതുകേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപിൽ ഒമ്പതുകേന്ദ്രങ്ങളിലായി 627ഉം പേർ പരീക്ഷയെഴുതുന്നുണ്ട്.

4,46,471 പേരാണ് 2004 കേന്ദ്രങ്ങളിലായി ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നത്. ഇതിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. 27,000 വിദ്യാർത്ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്. ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 48 കേന്ദ്രങ്ങളിലായി 2889 വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നുണ്ട്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് വികെഎംഎം എച്ച്എസിലാണ് കൂടുതൽ (2076) കുട്ടികൾ പരീക്ഷയെഴുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.40 മുതലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 മുതലുമാണ് എസ്എസ്എൽസി പരീക്ഷ. റംസാൻ നോമ്പ് പ്രമാണിച്ച് 15 മുതൽ 29 വരെയുള്ള പരീക്ഷകൾ രാവിലെ 9.40നു തുടങ്ങും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ രാവിലെ 9.40നാണ്.

അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം പരീക്ഷകളുടെ നടത്തിപ്പ് എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. വിദ്യാർത്ഥികൾ മുഖാവരണവും സാനിറ്റൈസറും ഉപയോഗിക്കണം. ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനങ്ങൾ പരീക്ഷാകേന്ദ്രത്തിലൊരുക്കും. വിദ്യാർത്ഥികളെ കൂട്ടംകൂടാൻ അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലും ക്ലാസ് മുറികൾക്കുമുന്നിലും വിദ്യാർത്ഥികൾക്ക് കൈകഴുകാൻ സോപ്പും വെള്ളവും ഒരുക്കണം. ശീതീകരിച്ച മുറികളിൽ പരീക്ഷ നടത്തരുത്. വായുസഞ്ചാരമുള്ള മുറികളാവണം പരീക്ഷയ്ക്ക് ഉപയോഗിക്കാൻ.

ക്ലാസ് മുറികളിൽ വെച്ച് പേന, ഇൻസ്ട്രുമെന്റ് ബോക്‌സ് എന്നിവ കൈമാറ്റംചെയ്യാൻ അനുവദിക്കില്ല. കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വിദ്യാർത്ഥിയും ഇൻവിജിലേറ്ററും പിപിഇ കിറ്റ് ധരിക്കുകയും വേണം. ക്വാറന്റീനിലുള്ളവർക്ക് സാനിറ്റൈസ്ഡ് കോറിഡോർ ഒരുക്കും.