കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ മെയ് മൂന്നിന് കേന്ദ്ര സർക്കാർ പിൻവലിക്കുകയാണെങ്കിൽ മെയ് രണ്ടാം വാരത്തോടെ അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്.
എന്നാൽ, കോവിഡ് 19 സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. മെയ് എട്ടിനും, മെയ് 11നും പരീക്ഷ ആരംഭിക്കാനുള്ള രണ്ട് തിയതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടുവെച്ചിരിക്കുന്നത്. എസ്എസ്എൽസിക്ക് മൂന്നും ഹയർസെക്കന്ററിക്ക് നാലും പരീക്ഷകളാണ് ബാക്കിയുള്ളത്.
ഇരു വിഭാഗത്തിലേയും പരീക്ഷകൾ ഒന്നിച്ചാണ് ഇത്തവണ നടത്തിയത്. എന്നാൽ അവശേഷിക്കുന്ന പരീക്ഷകൾ ഒരുമിച്ചിരുത്തി നടത്തേണ്ടതില്ലെന്നാണ് ധാരണ. എട്ടിന് പരീക്ഷ ആരംഭിക്കാനായില്ലെങ്കിൽ മെയ് 11 മുതൽ 14 വരെ നടത്താനാണ് നീക്കം. പരീക്ഷ തിയതി, അധ്യാപക പരിശീലനം എന്നിവയെ കുറിച്ചുള്ള ശുപാർശകൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം ചൊവ്വാഴ് ചേരും.
ലോക്ക്ഡൗണിന് ഇളവ് ലഭിച്ച ജില്ലകളിൽ പാഠപുസ്തകങ്ങൾ എത്തിക്കുന്നത് സംബന്ധിച്ച് ഉൾപ്പെടെ ചർച്ച ചെയ്യും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പേർക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനമായി. ഒൻപതാം ക്ലാസിൽ അവശേഷിക്കുന്ന പരീക്ഷ നടത്തില്ല. അതിന് പകരം പാദ, അർധ വാർഷിക പരീക്ഷകളുടെ മാർക്കുകൾ താരതമ്യം ചെയ്ത് വാർഷിക പരീക്ഷക്ക് മാർക്ക് അനുവദിക്കും.
Leave a Reply