കീത്തിലി. വെസ്റ്റ് യോർക്ഷയറിലെ പ്രസിദ്ധമായ കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ പ്രാദേശികരായ പാശ്ചാത്യ സമൂഹം കൊണ്ടാടി. ഇടവക വികാരി കാനൻ മൈക്കിൾ മക്രീഡിയുടെ കാർമ്മികത്വത്തിൽ ലാറ്റിൻ റൈറ്റിൽ നടന്നആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തേക്കുറിച്ച് കാനൻ മൈക്കിൾ മക്രീഡി വിശ്വാസികളോട് സംസാരിച്ചു. അൽഫോൻസാമ്മയുടെ ജീവിതം മാതൃകയാക്കേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ഭാരതത്തിലേയും പ്രത്യേകിച്ച് ലീഡ്സ് സീറോ മലബാർ മിഷനിലേയും ക്രൈസ്തവ സമൂഹത്തിന് പ്രത്യേകം തിരുന്നാൾ മംഗളങ്ങൾ നേർന്നു. തുടർന്ന് പ്രധാന അൽത്താരയിൽ നിന്നും വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചിരിക്കുന്ന ചെറിയ അൽത്താരയിലെയ്ക്ക് പ്രദക്ഷിണം. അതേ തുടർന്ന് പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. പാശ്ചാത്യരായ വിശ്വാസികൾ ഒന്നടങ്കം രൂപത്തിങ്കലേയ്ക്ക് തിരിഞ്ഞു നിന്ന് പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കുചേർന്നു. നിരവധി മലയാളി കുടുംബങ്ങളും തിരുന്നാളിൽ പങ്കെടുക്കാനെത്തിയിരുന്നു.

2011 ലാണ് കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പേ തന്നെ കീത്തിലിയിലെ മലയാളി ക്രൈസ്തവർ അവരുടെ ആദ്ധ്യാത്മീക ആവശ്യങ്ങൾ നിറവേറ്റുവാനും വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുവാനുമായി എത്തിയിരുന്നത് ഈ ദേവാലയത്തിലായിരുന്നു. ഫാ. ഷോൺ ഗില്ലിഗണിനു ശേഷം 2010 ൽ ഇടവക വികാരിയായി സ്ഥലം മാറി വന്ന കാനൻ മൈക്കിൾ മക്രീഡിയുടെ നിർദ്ദേശപ്രകാരമാണ് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സെൻറ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചത്. ഈ കാലയളവിൽ മാസത്തിൽ ഒരിക്കൽ കീത്തിലിയിൽ മലയാളം കുർബാന നടന്നിരുന്നു. 2011 മെയിൽ ഫാ. സജി തോട്ടത്തിലിന്റെ മുഖ്യ കാർമ്മികത്തിൽ കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചു. രണ്ടര മണിക്കൂർ നീണ്ടുനിന്ന ശുശ്രൂഷകളിൽ മുഴുവൻ സമയവും കാനൻ മൈക്കിൾ മക്രീഡി സഹകാർമ്മികനായി. യോർക്ഷയറിന്റെ മിക്കയിടങ്ങളിൽ നിന്നും നൂറ് കണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. തുടർന്ന് തിരുന്നാളുകളും നേവേനാ പ്രാർത്ഥനകളും കൃത്യമായി നടന്നു പോന്നു. 2013 -2014ൽ റവ. ഫാ. ജോസഫ് പൊന്നേത്ത് ചാപ്ലിനായി സീറോ മലബാർ ചാപ്ലിൻസി രൂപപ്പെട്ടപ്പോൾ എല്ലാ ശുശ്രൂഷകളും അവിടേയ്ക്ക് മാറ്റി. ഫാ. പൊന്നേത്തിന്റെ ശ്രമഫലമായി ലീഡ്സ് രൂപത സീറോ മലബാർ വിശ്വാസികൾക്കായി സ്വതന്ത്ര ഉപയോഗത്തിനായി ദേവാലയം അനുവദിക്കുകയും അതോടൊപ്പം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപം കൊള്ളുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിശുദ്ധ കുർബാനയ്ക്കും പ്രത്യേക ശുശ്രൂഷകൾക്കും മാത്രമായി തുറന്നിരുന്ന കീത്തിലി സെന്റ് ആൻസ് ദേവാലയം കാനൻ മൈക്കിൾ മക്രീഡിയുടെ വരവോടു കൂടി പകൽ സമയങ്ങളിൽ ആരാധനയ്ക്കായി വിശ്വാസികൾക്ക് തുറന്നുകൊടുത്തു. കത്തീഡ്രൽ ദേവാലയങ്ങൾ ഒഴിച്ചാൽ പകൽ സമയം ആരാധനയ്ക്കായി വിശ്വാസികൾക്ക് തുറന്നുകൊടുക്കുന്ന ആദ്യത്തെ ദേവാലയമെന്ന ഖ്യാദിയും കീത്തിലി സെന്റ് ആൻസ് ദേവാലയം സ്വന്തമാക്കി. തുടക്കത്തിൽ കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ലെങ്കിലും ക്രമേണ ആരാധനയ്ക്കായി എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. പകൽ സമയങ്ങളിൽ എത്തുന്നവർ വിശുദ്ധരുടെ രൂപത്തിന് മുമ്പിൽ പ്രാർത്ഥിക്കുകയും തിരികൾ കത്തിക്കുകയും നേർച്ച കാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു വരുന്നു. അൽഫോൻസാമ്മയെക്കുറിച്ചറിഞ്ഞ് രൂപത്തിന്റെ മുമ്പിൽ പ്രാർത്ഥിക്കുന്നവരും ധാരാളം. മറ്റുള്ള രൂപങ്ങളോടൊപ്പം തന്നെ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപവും അലങ്കരിക്കുന്നതിനും തിരികൾ കത്തിക്കുന്നതിനും ഇടവകാംഗങ്ങൾ കൂടുതൽ താല്പര്യം കാണിക്കുന്നു . ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ലീഡ്സ് രൂപതാധ്യക്ഷൻ ബിഷപ്പ് മാർക്കസ്, ലീഡ്സ് സീറോ മലബാർ മിഷൻ ചെയർമാൻ ഫാ. മാത്യൂ മുളയോലിൽ എന്നിവർ സെന്റ് ആൻസ് ദേവാലയം സന്ദർശിക്കുകയും രൂപത്തിന് മുമ്പിൽ പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു. പാശ്ചാത്യ സമൂഹം ദേവാലയത്തിൽ നിന്നകലുമ്പോൾ കീത്തിലി സെന്റ് ആൻസ് ദേവാലയം അതിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഞായറാഴ്ചകളിൽ വിശ്വാസികളെ കൊണ്ട് തിങ്ങി നിറയുന്നു. കാനൻ മൈക്കിൾ മക്രീഡിയുടെ വിശ്വാസ പ്രഘോഷണത്തിന്റെ പ്രകടമായ തെളിവാണ് നൂറു കണക്കിന് പാശ്ചാത്യരായ വിശ്വാസികളോടൊപ്പം ഭാരത സഭയുടെ ആദ്യ വിശുദ്ധയുടെ തിരുന്നാൾ ആഘോഷം.