മലയാളം യുകെ ന്യൂസ് ടീം.

മാഞ്ചെസ്റ്റർ. മാവേലിക്കരയിലുള്ള പൗലോസ് മാർ പക്കോമിയോസ് ശാലോം ഭവനിന് വേണ്ടി മാഞ്ചസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് നടത്തിയ ഫണ്ട് റെയ്‌സിംഗ് ഇവന്റ് “സ്നേഹസ്പർശം” ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച മാഞ്ചെസ്റ്ററിലെ ബോൾട്ടണിലുള്ള ഔവർ ലേഡി ഓഫ് ലൂർദ്ദ് ഹാളിൽ വച്ച് നടത്തപ്പെട്ടു. വൈകുന്നേരം നാല് മണിക്ക് മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടറിയും മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ന്യൂകാസിൽ സെൻറ് തോമസ്സ് ചർച്ച്, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ചർച്ച് എന്നീ ഇടവകകളുടെ വികാരിയുമായ റവ. ഫാ. ഹാപ്പി ജേക്കബ്ബ് ചാരിറ്റി ഇവന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ മലയാളം യുകെ ന്യൂസ് ഡയറക്ടർ ജോജി തോമസ്, സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി ബിനോയ് മാത്യൂ, സെക്രട്ടറി ലിറ്റോ ടൈറ്റസ്, ബോൾട്ടൺ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സോജി തേവര, മർത്തമറിയം സമാജം സെക്രട്ടറി സൂസൻ സജി, സൺഡേ സ്കൂൾ ഹെഡ് ടീച്ചർ ലിബി റോയ് എന്നിവർ സന്നിഹിതരായിരുന്നു. “ഹൃദയം” അത് മലിനമാകാതെ കാത്ത് സൂക്ഷിക്കണം. അതാവണം ഓരോ ക്രൈസ്തവന്റെയും ജീവിത ലക്ഷ്യം. വാക്കുകളിലുള്ള കരുണയല്ല വേണ്ടത്. പ്രവർത്തിയിലുള്ള കരുണയാണ് അഭികാമ്യം. ഉദ്ഘാടന പ്രസംഗത്തിൽ ഫാ. ഹാപ്പി ജേക്കബ്ബ് പറഞ്ഞു. മലയാളം യുകെ ന്യൂസ് ഡയറക്ടർ ജോജി തോമസ് ആശംസകളർപ്പിച്ച് സംസാരിച്ചു. യുകെയിലെ പ്രമുഖ ചാരിറ്റി ഗ്രൂപ്പായ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സെക്രട്ടറി ടോം ജോസ് തടിയംപാട് സ്നേഹസ്പർശത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് സിംഫണി ഓർക്കസ്ട്ര കീത്തിലിയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ കലാവിരുന്ന് നടന്നു.

ഒരു രജിസ്‌ട്രേഡ് ചാരിറ്റി ആയ സെന്റ് ജോർജ് ഇടവക, മാസങ്ങൾക്കു മുൻപേ ഈ ചാരിറ്റി ഇവെന്റിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. വിവിധങ്ങളായ ധനസമാഹരണ പ്രവർത്തനങ്ങൾ ഇടവകാംഗങ്ങളുടെയും, സമീപ പ്രദേശങ്ങളിലെ ഇന്ത്യൻ കമ്മ്യൂണിറ്റികളുടെയും, സന്മനസ്സുള്ള വ്യക്തികളുടെയും അകമഴിഞ്ഞ സഹകരണത്തോടെ വളരെ വിജയകരമായി നടത്തുവാനായി എന്ന് ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് അറിയിച്ചു. “സ്നേഹ സ്പർശം” (a touch of love) എന്ന പേരിൽ അറിയപ്പെട്ട ചാരിറ്റി ഫണ്ട് റെയ്‌സിംഗ് പ്രവർത്തനങ്ങൾ ശനിയാഴ്ച്ച വൈകിട്ട് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് കലയുടെയും ഭക്ഷണത്തിന്റെയും വിർന്നുന്നൊരുക്കിയ ഒരു സന്ധ്യയോടെ സമാപിച്ചു.

എന്റർടൈൻമെന്റ് ഈവനിംങ്ങിന് സിംഫണി ഓർക്കസ്ട്ര കീത്തിലി നേതൃത്വം നൽകി. മധുരമായ സംഗീതവും അതോടൊപ്പം കാണികളേയും കൂടി ഉൾപ്പെടുത്തിയ വിവിധ പരിപാടികളിലൂടെയും സദസ്സിനെ കൈയ്യിലെടുക്കുവാൻ സിംഫണിക്കു കഴിഞ്ഞു എന്ന് പരിപാടിയുടെ മുഖ്യ കോഓർഡിനേറ്റർ ആയ ബൈജു ജോൺ പറഞ്ഞു. അതേസമയം ഇരുപതിൽ പരം രുചികരമായ കേരള തനിമയുള്ള നാടൻ ഭക്ഷണ വിഭവങ്ങൾ ഒരുക്കി സണ്ടർലാണ്ടിൽ നിന്നെത്തിയ റെജി തോമസ് അതിഥികൾക്ക് കേരള രുചിയിലുള്ള വിഭവസമൃദ്ധമായ ഒരു നല്ല സായാഹ്നം ഒരുക്കിയെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ചാരിറ്റി ഇവന്റിനെ പിന്തുണക്കുവാൻ വിവിധ ഡാൻസ് ഗ്രൂപ്പുകളിലെ പ്രതിഭകളും എത്തിയിരുന്നു. നൃത്ത വിസ്മയം ഒരുക്കുവാൻ പുഷ്പാഞ്ചലി ഡാൻസ്, Aimz Bolly ഡാൻസ്, ജൂം ബോൾട്ടൻ എന്നിവിടങ്ങളിലെ താരങ്ങളാണ് എത്തിയത്. പ്രവേശന ടിക്കറ്റ് വച്ച് നടത്തിയ ഈ പരിപാടിയുടെ ഏറ്റവും വലിയ വെല്ലുവിളി കാണികൾക്കു ആസ്വാദന മികവുള്ള കാര്യപരിപാടികൾ നൽകുക എന്നുള്ളതായിരുന്നു. അത് സാധ്യമാക്കുവാൻ സ്റ്റേജ് നിറഞ്ഞാടിയ കലാപ്രകടനങ്ങൾക്ക് അക്ഷരം പ്രതി കഴിഞ്ഞു എന്നത് പ്രശംസനാർഹമാണ്.

സെന്റ് ജോർജ് ചർച്ച് സ്ഥിതി ചെയ്യുന്ന ബോൾട്ടണിലെ മലയാളീ അസോസിയേഷൻ “സ്നേഹ സ്പർശം” ഇവന്റിനോട് അകമഴിഞ്ഞ് സഹകരിച്ചു. ഫണ്ട് റേസിങ്ങിന്റെ ഭാഗമായി റാഫിൾ ടിക്കറ്റുകൾ വിറ്റഴിക്കുവാൻ ഇടവക ജനങ്ങളോടൊപ്പം പല വ്യക്തികളും സ്ഥാപനങ്ങളും കൈ കോർത്തു. നറുക്കെടുക്കപെട്ട ടിക്കറ്റുകളുടെ നമ്പർ ഇവയാണ്: ഒന്നാം സമ്മാനം: 1221, രണ്ടാം സമ്മാനം: 2253, മൂന്നാം സമ്മാനം: 1370 എന്നിവയാണ് . വിജയികൾക്ക് സ്കോട്ലാന്റിൽ പ്രവർത്തിക്കുന്ന പോപ്പുലർ പ്രൊട്ടക്ട് ഇൻഷുറൻസ് ഡീലേഴ്സ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ ഫാ. ഹാപ്പി ജേക്കബ് വിതരണം ചെയ്തു. അതോടൊപ്പം സെന്റ് തോമസ് ഓർത്തഡോൿസ് ചർച്ച് ലിവർപൂൾ, സെന്റ് ജോർജ് ചർച്ച് പ്രെസ്റ്റൺ എന്നിവയും ഈ പരിപാടിയോട് സഹകരിച്ചു. സ്പോൺസേഴ്‌സ്‌ (Royal Healthcare, Vivir Enterprises, Popular Protect, Allied Financial Services, etc) പരിപാടിയുടെ വിജയത്തിനായി സംഭാവനകൾ നൽകുകയുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടവക ജനങ്ങളുടെ ഒത്തൊരുമിച്ചുള്ള കഠിന പ്രയത്നമാണ് ഈ സംരംഭത്തിന്റെ വിജയമെന്ന് സെക്രട്ടറി ശ്രീ ലിറ്റോ ടൈറ്റസ് പറഞ്ഞു. സ്വന്തമായി ഒരു പള്ളി എന്ന സ്വപ്നത്തിനു കൈ കോർത്ത്‌ പിടിച്ച ഇടവക ജനങ്ങൾ, ഒരിക്കൽ കൂടി ഒരു ചാരിറ്റി ഇവന്റിന് വേണ്ടി തങ്ങളാലാവുന്ന എല്ലാ സഹകരണങ്ങളും നൽകി, പണമായും കഠിനാധ്വാനമായും. കമ്മിറ്റി അംഗങ്ങളോടൊപ്പം ഇടവകയിലെ വിവിധ പോഷക സഘടനകൾ ആയ MOMS, Youth എന്നിവ വേണ്ടും വിധം ഇതിനോട് സഹകരിച്ചു. ഫേസ്ബുക് ഫണ്ട് റേസിംഗ് വഴിയും ഒരു തുക സമാഹരിക്കുവാനായി. സ്നേഹസ്പർശത്തിന്റെ മീഡിയ പാർട്ണർ ആയ മലയാളം യുകെ, പ്രോഗ്രാമിന്റെ വിജയത്തിന് ആദ്യം മുതലേ നേതൃത്വം വഹിച്ചു. പരിപാടിക്ക് ആദ്യം മുതലേ എല്ലാവിധ സഹായങ്ങളും നൽകിയ മറ്റു സബ് കമ്മിറ്റി അംഗങ്ങളായ ശ്രീ സുരേഷ് ഡാനിയേൽ, രഞ്ചി വർഗീസ് , സൂസൻ സജിൻ, ആനി സാബു, ആനി സജി എന്നിവരെയും ഫാ ഹാപ്പി ജേക്കബ് അഭിനന്ദിച്ചു.

വരവ് ചെലവ് കണക്കുകൾ ചിട്ടപ്പെടുത്തന്നതേ ഉള്ളുവെങ്കിലും, നല്ലൊരു തുക സമാഹരിക്കുവാനായി എന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ട്രസ്റ്റി ബിനോയി മാത്യു പറഞ്ഞു. ശാലോം ഭവനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നവീകരിക്കുന്നതിനും അതിലൂടെ പ്രത്യേക മാനസിക പരിചരണം ആവശ്യമുള്ള കൂടുതൽ വ്യക്തികളെ സെന്ററിൽ ഉൾക്കൊള്ളുന്നതിനും വേണ്ടിയാണ് ഈ ഫണ്ട് ഉപയോഗിക്കപ്പെടുക. ഒമ്പതു മണിയോടെ പരിപാടികൾ അവസാനിച്ചു. ഏപ്രിൽ ആദ്യവാരത്തോടെ സമാഹരിച്ച തുക മാവേലിക്കരയിലെ ശാലോം ഭവന് കൈമാറും.