ഷൈമോൻ തോട്ടുങ്കൽ

ലീഡ്സ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമായി മാറി ലീഡ്സ് സെൻറ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ്സ് ദേവാലയം . ലീഡ്‌സിലെയും , സമീപപ്രദേശങ്ങളിലെയും സീറോ മലബാർ വിശ്വാസികൾ കാലങ്ങളായി പ്രാർത്ഥനാപൂർവം കാത്തിരുന്ന ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനവും , ഉത്‌ഘാടനവും ലീഡ്സ് രൂപതാധ്യക്ഷൻ മാർ മാർക്കസ് സ്റ്റോക്കിന്റെ സാനിധ്യത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു .

“സീറോ മലബാർ സഭ ഈ ദേവാലയത്തിലേക്ക് വിശ്വാസത്തിന്റെ ജീവൻ തിരികെ കൊണ്ടുവന്നുവെന്നും ,ലീഡ്‌സിലും സമീപ പ്രദേശങ്ങൾക്കും ,പ്രാദേശിക സമൂഹത്തിനും നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ദീപം , വീണ്ടും ജ്വലിപ്പിക്കുവാൻ ഈ ഇടവക പ്രഖ്യാപനവും അനുദിനമുള്ള തിരുക്കർമ്മങ്ങളും ഇടയാക്കുമെന്നും ലീഡ്സ് രൂപതാധ്യക്ഷൻ മാർ മാർക്കസ് സ്റ്റോക്ക് ഇടവക പ്രഖ്യാപനത്തിനുശേഷം നടത്തിയ ആശംസ പ്രസംഗത്തിൽ പറഞ്ഞു . തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .

“എത്ര അസാദ്ധ്യമായ ഒരു കാര്യമാണെങ്കിലും അസാധ്യമായ സാഹചര്യമാണെങ്കിലും ദൈവം പറഞ്ഞാൽ അത് സാധ്യമാകും , രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഇടവക വർഷത്തിന്റെ ആരംഭത്തിൽ ആദ്യദിനം തന്നെ ലീഡ്‌സിലെ ദേവാലയം ഇടവകയായി ഉയർത്തുവാൻ കഴിഞ്ഞത് വലിയ ദൈവ കരുണയുടെയും , അഭിഷേകത്തിന്റെയും ,കൃപയുടെയും ഫലമാണ് , മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .” പള്ളിയിൽ വന്നതുകൊണ്ട് അന്ത്യവിധിക്കുശേഷമുള്ള സഭയിൽ നമ്മൾ ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല , അന്ത്യവിധിക്കുശേഷമുള്ള സഭയിൽ ഉണ്ടാകുവാൻ വേണ്ടി നാം പ്രാധാന്യം കൊടുക്കണം ,ലോകത്തിന്റെ ഹിതപ്രകാരമല്ലാതെ ദൈവഹിതപ്രകാരം , ദൈവവ വചനമനുസരിച്ച് ജീവിക്കണം .

ജീവിതകാലം മുഴുവനും , മനസും , ശരീരവും ,മുഴുവനായും ദൈവത്തിനായി നൽകണം , തന്നെത്തന്നെ നൽകാതെ അധരവ്യായാമം നൽകിയത് കൊണ്ട് കാര്യമില്ല അദ്ദേഹം കൂട്ടിച്ചേർത്തു .ലീഡ്‌സിലെ ഈ ദേവാലയവും ഇടവകയും സാധ്യമാകുന്നതിനുവേണ്ടി ആദ്യ നേതൃത്വം നൽകിയ റെവ. ഫാ. ജോസഫ് പൊന്നേത്ത് അച്ചനെയും , ഇടവകയിലേക്കുള്ള യാത്രയിൽ കഠിനാധ്വാനം ചെയ്ത റെവ.ഫാ. മാത്യു മുളയോലിൽ അച്ചനെയും , കമ്മറ്റി അംഗങ്ങളെയും അഭിവന്ദ്യ പിതാവ് അനുമോദിക്കുകയും പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തു ,രൂപതാ വികാരി ജെനെറൽ റെവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി .എസ് .ഇടവക സ്ഥാപനം സംബന്ധിച്ച ഡിക്രി വായിച്ചു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രെസ്റ്റൻ റീജിയൻ ഡയറക്ടർ ,റെവ. ഫാ. ജോസ് അഞ്ചാനിക്കൽ .റെവ. ഫാ. ജോ മൂലശ്ശേരിൽ വി.സി. ഫാ. ജോസഫ് കിഴക്കര കാട്ട്,ഫാ. കുര്യാക്കോസ് അമ്പഴത്തിനാൽ ,സന്യസ്തർ അല്മായ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു , വികാരി റെവ. ഫാ. മാത്യു മുളയോലിൽ സ്വാഗതവും , കൈക്കാരൻ ജോജി തോമസ് നന്ദിയും അർപ്പിച്ചു . ഇടവകയുടെ സ്ഥാപനത്തിനായി തുടക്കം മുതൽ നേതൃത്വം നലകിയവരെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു .ഇടവകയിലെ കൈക്കാരൻമാർ , വിവിധ ഭക്തസംഘടന ഭാരവാഹികൾ , പാരിഷ് കൗൺസിൽ മെംബേർസ് , കുടുംബ കൂട്ടായ്മ ലീഡേഴ്‌സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.